| Saturday, 2nd March 2019, 10:05 am

മോദി ഭീഷണിയില്‍ ഭയന്നാണ് പാക്കിസ്ഥാന്‍ അഭിനന്ദനെ വിട്ടയച്ചത്; അവകാശവാദവുമായി യെദ്യൂരപ്പ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് പാക്കിസ്ഥാനെ പ്രധാനമന്ത്രി നരേന്ദ്രമോദി ഭീഷണിപ്പെടുത്തിയതോടെയാണ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമനെ പാക്കിസ്ഥാന്‍ മോചിപ്പിച്ചതെന്ന് കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍ ബി.എസ് യെദ്യൂരപ്പ.

“അഭിനന്ദനെ മോചിപ്പിച്ചില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് പ്രധാനമന്ത്രി പാക്കിസ്ഥാന് മുന്നറിയിപ്പു നല്‍കിയതുകാരണമാണ് പൈലറ്റിനെ മോചിപ്പിച്ചത്. അതോടെ അവര്‍ മോചിപ്പിക്കാന്‍ തയ്യാറാവുകയായിരുന്നു.” പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ യെദ്യൂരപ്പ പറഞ്ഞു.

ഏഴ് ലോക്‌സഭാ മണ്ഡലങ്ങളില്‍ നിന്നുള്ള ബി.ജെ.പി പ്രവര്‍ത്തകരെ തെരഞ്ഞെടുപ്പിനു സജ്ജരാക്കുന്നതിന്റെ ഭാഗമായായിരുന്നു യോഗം നടന്നത്.

Also read:മോദി പുറത്ത് പോവുക തന്നെ വേണം; ഒറ്റയടിക്ക് ഇന്ത്യയുടെ നട്ടെല്ല് തകര്‍ത്ത പ്രധാനമന്ത്രിയെ നമുക്ക് താങ്ങാനാവില്ല: കശ്മീര്‍ വിഷയത്തില്‍ അരുന്ധതി റോയ്

” ഇന്ന് നമ്മുടെ പൈലറ്റ് അഭിനന്ദന്‍ ഇന്ത്യയിലേക്ക് തിരിച്ചുവന്നു. അദ്ദേഹത്തിന്റെ ധീരതയെ അഭിനന്ദിക്കേണ്ടതുണ്ട്. പാരച്യൂട്ട് പാക്കിസ്ഥാനില്‍ ഇറങ്ങിയശേഷം അദ്ദേഹം അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്ന രേഖകള്‍ വിഴുങ്ങി. പാക്കിസ്ഥാന്‍ പട്ടാളക്കാരുടെ കയ്യില്‍ കിട്ടാതിരിക്കാന്‍ വേണ്ടിയായിരുന്നു അദ്ദേഹം അത് ചെയ്തത്. ഇത് ദേശസ്‌നേഹിയായ ഇന്ത്യക്കാരന്റെ, പൈലറ്റിന്റെ ലക്ഷണമാണ്. ഒരു ദേശസ്‌നേഹി എങ്ങനെയാണ് ലോകത്തോട് പെരുമാറേണ്ടതെന്ന് അദ്ദേഹം കാണിച്ചു തന്നിരിക്കുകയാണ്.” യെദ്യൂരപ്പ പറയുന്നു.

മോദി വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നതിനായി പ്രവര്‍ത്തിക്കണമെന്നും പ്രവര്‍ത്തകരോട് അദ്ദേഹം ആവശ്യപ്പെട്ടു.

“മോദിയുടെ തന്ത്രങ്ങള്‍ പാക്കിസ്ഥാനെ തുറന്നുകാട്ടിയിരിക്കുകയാണ്. ഇന്ന് ലോകത്തിനു മുമ്പില്‍ പാക്കിസ്ഥാന്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. ചൈനപോലും പാക്കിസ്ഥാനെ പിന്തുണയ്ക്കുന്നില്ല. ഇതൊക്കെയാണ് അവരെ ഒതുക്കിയത്. 40 വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്ന് പാക്കിസ്ഥാനിലെത്തിയത്. സൈന്യത്തിന് അവരുടെ ധൈര്യവും ധീരതയും കാണിക്കാനുള്ള സമ്പൂര്‍ണ സ്വാതന്ത്ര്യം കൊടുത്തതിന്റെ ഫലമാണ് അത്.” അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more