| Monday, 10th August 2020, 8:18 pm

രാജസ്ഥാനില്‍ മഞ്ഞുരുകുന്നത് അതിവേഗം; വിമത എം.എല്‍.എയ്‌ക്കെതിരായ കേസ് പിന്‍വലിച്ചു, പൈലറ്റ് ക്യാംപിലെ എം.എല്‍.എമാര്‍ക്ക് മന്ത്രിസ്ഥാനം തിരികെ കൊടുത്തേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: നാളുകള്‍ നീണ്ടുനിന്ന രാഷ്ട്രീയ പ്രതിസന്ധികള്‍ക്കൊടുവില്‍ രാജസ്ഥാനില്‍ മഞ്ഞുരുകുന്നു. വിമത എം.എല്‍.എ ഭന്‍വാര്‍ലാല്‍ ശര്‍മ്മയ്‌ക്കെതിരായ രാജ്യദ്രോഹക്കുറ്റം സര്‍ക്കാര്‍ പിന്‍വലിച്ചു.

മുഖ്യമന്ത്രി ഗെലോട്ടിനെ ഭന്‍വാര്‍ ലാല്‍ നേരില്‍ കണ്ടതിന് ശേഷമാണ് കേസ് പിന്‍വലിച്ചത്. ഗെലോട്ടിനൊപ്പമാണ് താനെന്നും സര്‍ക്കാര്‍ സുരക്ഷിതമാണെന്നും എം.എല്‍.എ പറഞ്ഞു.

താന്‍ സ്വയം തീരുമാനമെടുത്താണ് നേരത്തെ പിന്‍വാങ്ങിയതെന്നും ഇപ്പോള്‍ തിരിച്ചെത്തിയതും അതേ തീരുമാനത്തിന്റെ പുറത്താണെന്നും ഭന്‍വാര്‍ ലാല്‍ പറഞ്ഞു.

സച്ചിന്‍ പൈലറ്റിനൊപ്പം പുറത്താക്കിയ വിമത എം.എല്‍.എമാരെ തിരിച്ചെടുത്തേക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കിയ എം.എല്‍.എമാര്‍ക്ക് തിരികെ മന്ത്രിസ്ഥാനം നല്‍കും. പെട്ടെന്ന് തന്നെ ഇതില്‍ തീരുമാനമുണ്ടായേക്കില്ലെങ്കിലും മന്ത്രിസഭാ പുനസംഘാടനം ഉണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ വിമത നേതാവ് സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. രാഹുലിന്റെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

മുഖ്യമന്ത്രി അശോക് ഗെലോട്ടും പൈലറ്റും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രിയങ്കയും രാഹുലും സമ്മതിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പൈലറ്റ് ക്യാമ്പിന്റെ ആവലാതികള്‍ പരിശോധിക്കാന്‍ കോണ്‍ഗ്രസ് ഒരു പാര്‍ട്ടി പാനലിനെ ഉത്തരവാദിത്തപ്പെടുത്തിയിട്ടുണ്ട്.

രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന കൂടിക്കാഴ്ചയെ ഹൃദയങ്ങളുടെ കൂടിക്കാഴ്ചയെന്നാണ് പൈലറ്റ് ക്യാമ്പ് വിശേഷിപ്പിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി പൈലറ്റ് ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ അനുഭവത്തിന് നേര്‍ വിപരീതമാണിത്.

കഴിഞ്ഞ രണ്ട് ആഴ്ചകള്‍ക്ക് മുമ്പ് പ്രിയങ്ക ഗാന്ധിയുമായി പൈലറ്റ് കൂടിക്കാഴ്ച നടത്തിയിരുന്നെന്നാണ് വിവരം.

പൈലറ്റിനെയും വിമത എം.എല്‍.എമാരെയും അനുനയിപ്പിച്ച് കൂടെ നിര്‍ത്തണമെന്നാണ് ദേശീയ നേതൃത്വം ആവശ്യപ്പെടുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rajastan Crisis Ashok Gehlot Sachin Pilot

We use cookies to give you the best possible experience. Learn more