| Friday, 1st March 2019, 7:39 am

അഭിനന്ദന്‍ വര്‍ധമാനെ ഇന്ന് തിരിച്ചെത്തിക്കും ; വാഗ അതിര്‍ത്തിയില്‍ സ്വീകരിക്കാനൊരുങ്ങി രാജ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഗ: പാക്ക് സൈന്യത്തിന്റെ പിടിയിലായ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്ന് ഇന്ത്യയില്‍ തിരിച്ച് എത്തിക്കും. ഇന്ത്യാ-പാകിസ്ഥാന്‍ അതിര്‍ത്തിയായ വാഗാ ബോര്‍ഡര്‍ വഴിയാണ് അഭിനന്ദനെ ഇന്ത്യയില്‍ എത്തിക്കുക.

അഭിനന്ദന്റെ പിതാവും മുന്‍ എയര്‍മാര്‍ഷലുമായിരുന്ന സിംഹകുട്ടി വര്‍ധമാനും മാതാവ് ശോഭയും സെനിക മേധാവികളും മറ്റ് പ്രമുഖരും അതിര്‍ത്തിയില്‍ അഭിനന്ദനെ സ്വീകരിക്കാന്‍ ഉണ്ടാകും.

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങും അഭിനന്ദനെ സ്വീകരിക്കാന്‍ എത്തും. ശേഷം രാജ്യതലസ്ഥാനത്തെത്തുന്ന അഭിനന്ദനെ   രാഷ്ട്രപതിയും പ്രധാനമന്ത്രിയും കാണുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Also Read  ബാലാകോട്ട് അവകാശവാദങ്ങള്‍ക്ക് ഒടുവില്‍ അവശേഷിക്കുന്നതെന്ത്?

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് അഭിനന്ദനെ വിട്ടയക്കുമെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കിയത്. ഇന്ത്യയുമായി ചര്‍ച്ച നടത്തുന്നതിന് പാകിസ്ഥാന്‍റെ ഭാഗത്ത് നിന്നുള്ള നീക്കമായാണ് അഭിനന്ദന്റെ മോചനം വിലയിരുത്തപ്പെടുന്നത്.

അഭിനന്ദനെ നിരുപാധികം വിട്ടയക്കണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇന്ത്യ തയ്യാറായാല്‍ മാത്രമേ പൈലറ്റിനെ വിടൂ എന്നായിരുന്നു പാകിസ്ഥാന്റെ ആദ്യ നിലപാട്. എന്നാല്‍ പൈലറ്റിനെ വിട്ടുകിട്ടാന്‍ യാതൊരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്ന് ഇന്ത്യയും വ്യക്തമാക്കി.

ഇതിന് തൊട്ടുപിന്നാലെയാണ് അഭിനന്ദനെ വിട്ടയക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ അറിയിച്ചത്.
DoolNews Video

We use cookies to give you the best possible experience. Learn more