ചെന്നൈ: തൊഴില്‍സമയം നഷ്ടപ്പെടാതിരിക്കാന്‍ ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് അനധികൃത വേദനസംഹാരികള്‍ നല്‍കി തമിഴ്‌നാട്ടിലെ ഫാക്ടറികള്‍. ജോലി തടസ്സപ്പെട്ടാല്‍ കൂലി കുറയ്ക്കുമെന്നതിനാല്‍ മരുന്നു കഴിക്കാന്‍ തൊഴിലാളികള്‍ നിര്‍ബന്ധിതരാകുകയാണ്.
തോംസണ്‍ റോയിട്ടേഴ്‌സ് നടത്തിയ അന്വേഷണത്തിലാണ് നൂറോളം സ്ത്രീകള്‍ ജോലിചെയ്യുന്ന വസ്ത്രനിര്‍മാണ ഫാക്ടറിയിലെ ചൂഷണം പുറത്തുവന്നത്. ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാത്ത ലേബലില്ലാത്ത വേദനസംഹാരികളാണ് ഇവിടെ തൊഴിലാളികള്‍ക്കു നല്‍കുന്നത്. ഇതില്‍ എക്‌സപയറി ഡേറ്റും ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ പല ഫാക്ടറികളിലും ഇത്തരം ചൂഷണം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
മരുന്നു കഴിക്കുന്ന സ്ത്രീകളില്‍ പലരും തങ്ങളുടെ ആരോഗ്യം വളരെ മോശമായതായും റോയിട്ടേഴ്‌സിനോടു പറഞ്ഞു.
തൊഴിലാളി നിയമത്തിനു വിരുദ്ധമായാണ് അവര്‍ ഇതു ചെയ്യുന്നത്. ഇക്കാര്യം പുറത്തുവന്നതോടെ സംഭവം അന്വേഷിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.
പൊതുവേ മെഡിക്കല്‍ പ്രൊഫഷണലുകള്‍ ഈ മരുന്നുകള്‍ കഴിക്കാന്‍ നിര്‍ദേശിക്കാറില്ല. വര്‍ഷങ്ങള്‍ക്കുശേഷമേ ഇതിന്റെ പരിണിതഫലം എന്താണെന്നു വ്യക്തമാകൂവെന്നു വിദഗ്ധര്‍ പറയുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മരുന്നുകള്‍ കഴിക്കാന്‍ തുടങ്ങിയതോടെ തന്റെ ആര്‍ത്തവം ക്രമമില്ലാതെയാണെന്ന് 20-കാരിയായ സുധ പറയുന്നു. സുധയെ പരിശോധിച്ച ഡോക്ടര്‍മാര്‍, അവര്‍ ജോലി ചെയ്യുന്നത് അവസാനിപ്പിക്കണമെന്നാണു നിര്‍ദേശിച്ചത്. എന്നാല്‍ ആക്രിക്കച്ചവടം നടത്തുന്ന തന്റെ അമ്മയെ സഹായിക്കാനാണു താന്‍ ജോലിയാരംഭിച്ചതെന്നും അതിനാല്‍ അത് അവസാനിപ്പിക്കാനാവില്ലെന്നും സുധ പറഞ്ഞു. ഒന്നരലക്ഷം രൂപയുടെ ബാങ്ക് വായ്പ തനിക്കു തിരിച്ചടയ്ക്കാനുണ്ടെന്നും സുധ പറഞ്ഞു.
12,000 രൂപയാണു തനിക്കു മാസശമ്പളമായി ലഭിക്കുന്നതെന്നും അതില്‍ ആറായിരം രൂപ പലിശയായി ബാങ്കില്‍ നല്‍കണമെന്നും സുധ പറഞ്ഞു.
നാല്പതിനായിരത്തോളം വസ്ത്രനിര്‍മാണ ഫാക്ടറികളാണ് തമിഴ്‌നാട്ടിലുള്ളത്. ഇവിടങ്ങളിലായി മൂന്നുലക്ഷത്തോളം സ്ത്രീത്തൊഴിലാളികളുമുണ്ട്. സര്‍ക്കാര്‍ തന്നെ പറയുന്ന കണക്കാണിത്.
ഫോട്ടോ കടപ്പാട്: റോയിട്ടേഴ്‌സ് (പ്രതീകാത്മക ചിത്രം)