അരളി ചെടിയുടെ ഉത്‌പാദനവും കൈമാറ്റവും നിരോധിക്കണമെന്ന് കേരള ഹൈക്കോടതിയില്‍ ഹരജി
Kerala News
അരളി ചെടിയുടെ ഉത്‌പാദനവും കൈമാറ്റവും നിരോധിക്കണമെന്ന് കേരള ഹൈക്കോടതിയില്‍ ഹരജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd June 2024, 12:12 pm

കൊച്ചി: സംസ്ഥാനത്ത് അരളി ചെടിയുടെ ഉത്‌പാദനവും കൈമാറ്റവും നിരോധിക്കണമെന്ന് ഹൈക്കോടതിയില്‍ ഹരജി. അരളിച്ചെടിയുടെ ഇല കഴിച്ചതിനെ തുടര്‍ന്ന് ഹൃദയാഘാതം മൂലം നഴ്സ് മരിച്ച സംഭവത്തിന് പിന്നാലെയാണ് ഹരജി. നഴ്‌സിന്റെ മരണത്തെ തുടര്‍ന്ന് അരളിയെ കുറിച്ചുള്ള വ്യാപക ചര്‍ച്ചകള്‍ നടന്നിരുന്നു.

സംഭവത്തിന് ശേഷം തിരുവിതാംകൂര്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ ഭരിക്കുന്ന ക്ഷേത്രങ്ങളില്‍ നൈവേദ്യത്തിലും പ്രസാദത്തിലും അരളി ഉപയോഗിക്കുന്നത് നിരോധിച്ച് ഉത്തരവിറക്കിയിരുന്നു.

ജോലിക്കായി വിദേശത്തേക്ക് പോകാനിരുന്ന നേഴ്‌സ് സൂര്യ സുരേന്ദ്രന്‍, കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെച്ച് ഛര്‍ദ്ദിക്കുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. പിന്നീട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ടില്‍ രക്തത്തില്‍ ചില വിഷ പദാര്‍ത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു.

യാത്രയ്ക്ക് മുമ്പ് ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ അരളി ചെടിയുടെ ഇല സൂര്യ സുരേന്ദ്രന്‍ ചവച്ചിരുന്നു. ഉടനെ അത് തുപ്പി. എങ്കിലും ഇലയുടെ നീര് അകത്തേക്ക് പോയതാണ് മരണകാരണമായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്.

സൂര്യയുടെ മരണത്തെ തുടര്‍ന്ന് അമ്പലങ്ങളിലെ പ്രസാദങ്ങളില്‍ നിന്നും അരളി പൂ ഒഴിവാക്കണമെന്ന നിര്‍ദേശം ഉണ്ടായിരുന്നെങ്കിലും, ആ ഉത്തരവ് നടപ്പിലായിട്ടില്ലെന്നാണ് ഹരജിക്കാരന്‍ പറയുന്നത്.

തമിഴ്നാട്ടില്‍ നിന്ന് ലോറികളില്‍ അരളി പൂക്കള്‍ കൊണ്ടുവരുന്നുണ്ട്. ചെടിയുടെ വിഷ സ്വഭാവത്തെക്കുറിച്ച് അറിയാത്ത ആളുകള്‍ക്കും കുട്ടികള്‍ക്കും ഇത് അപകടകരമാണെന്നും ഹരജിക്കാരന്‍ വാദിക്കുന്നു.

മുമ്പ് അരളി ചെടി വിഷമുള്ളതായി കണക്കാക്കപ്പെട്ടിരുന്നെന്നും ആരും അത് വീട്ടില്‍ വച്ചുപിടിപ്പിക്കാറില്ലെന്നും ഹരജിയില്‍ പറയുന്നു. ഇത് പൊതു സ്ഥലങ്ങളില്‍ അലങ്കാരത്തിനായി ഉപയോഗിക്കുന്നുണ്ടെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. വിഷ വസ്തുക്കളില്‍ നിന്ന് പൗരന്മാരെ സംരക്ഷിക്കാനും അനാരോഗ്യകരമായ അന്തരീക്ഷത്തില്‍ നിന്ന് അവരെ സംരക്ഷിക്കാനും സംസ്ഥാനത്തിന് ബാധ്യതയുണ്ടെന്ന് ഹരജിക്കാരന്‍ പറഞ്ഞു.

അരളി ചെടി സംസ്ഥാനത്ത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി, പൊലീസ് ഡയറക്ടര്‍ ജനറല്‍, ആരോഗ്യ ഡയറക്ടര്‍, ആരോഗ്യ സെക്രട്ടറി എന്നിവര്‍ക്ക് മുമ്പാകെയാണ് ഇയാള്‍ നിവേദനം നല്‍കിയത്.

അരളി ചെടിയുടെ തണ്ട്, ഇല, പൂക്കള്‍ എന്നിവയില്‍ വിഷ സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടത്തിയിട്ടുണ്ട്. ഇതില്‍ അടങ്ങിയിരിക്കുന്ന കാര്‍ഡിയാക് ഗ്ലൈക്കോസൈഡ് എന്ന വിഷ സംയുക്തമാണ് ആളുകളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. ഛര്‍ദ്ദി, വയറുവേദന, ക്രമരഹിതമായ ഹൃദയ താളം, ഗുരുതരമായ കേസുകളില്‍ മരണം എന്നിവ ഉള്‍പ്പെടെയുള്ളവക്ക് ഈ ഘടകം കാരണമാകും.

Content Highlight: PIL In Kerala High Court Seeks To Ban Transporation & Cultivation Of Arali Plant In State After Death Of Nurse