| Saturday, 19th August 2023, 12:37 pm

കുട്ടികളുമൊത്ത് കാണാന്‍ സാധിക്കാത്ത വയലന്‍സ്, യു/എ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണം; ജയിലറിനെതിരെ ഹരജി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രജിനികാന്ത് ചിത്രം ജയിലറിന്റെ യു/എ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനോട് (സി.ബി.എഫ്.സി) നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹരജി. കുട്ടികളോടൊപ്പം കാണാന്‍ പറ്റാത്ത രീതിയിലുള്ള വയലന്‍സ് രംഗങ്ങള്‍ ചിത്രത്തിലുണ്ടായിട്ടും സെന്‍സര്‍ ബോര്‍ഡ് യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കി എന്ന് പറഞ്ഞാണ് അഭിഭാഷകനായ എം.എല്‍. രവി ഹരജി നല്‍കിയത്.

ഇതേ ചിത്രത്തില്‍ യു.എസിലും യു.കെയിലും എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരിക്കുന്നതെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. സത്യവാങ്മൂലത്തില്‍ തിരക്കഥ വിവരിച്ചുകൊണ്ട് ആളുകളെ കീഴ്‌മേല്‍ തൂക്കിയിട്ട് ചുറ്റിക കൊണ്ട് തല തകര്‍ക്കുന്നതും ചെവി മുറിച്ചുകളയുന്നതും തല വെട്ടിക്കളയുന്നതുമായ രംഗങ്ങളുണ്ടെന്ന് രവി പറഞ്ഞു.

സിനിമ സര്‍ട്ടിഫിക്കേഷന്‍ സംബന്ധിച്ച സി.ബി.എഫ്.സി. മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം അക്രമം പോലുള്ള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളെ മഹത്വവല്‍ക്കരിക്കുകയോ ന്യായീകരിക്കുകയോ ചെയ്യുന്നില്ലെന്ന് ബോര്‍ഡ് ഉറപ്പാക്കണം.

യു/എ സര്‍ട്ടിഫിക്കേഷന്‍ റദ്ദാക്കണമെന്ന തന്റെ ഹരജി കോടതി പരിഗണിക്കുന്നത് വരെ തിയേറ്ററുകളില്‍ സിനിമയുടെ പ്രദര്‍ശനം നിര്‍ത്തിവെക്കാന്‍ ഇടക്കാല ഉത്തരവിടണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടു.

സി.ബി.എഫ്.സി ചെയര്‍മാനും ചെന്നൈയിലെ റീജിയണല്‍ ഓഫീസറും കൂടാതെ ചിത്രത്തിന്റെ നിര്‍മാതാവായ സണ്‍ പിക്ചേഴ്സ്, സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാര്‍ എന്നിവരെയും പൊതുതാല്‍പര്യ ഹരജിയിലെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Content Highlight: PIL has been filed in the Madras High to cancel Jailer’s U/A certificate

We use cookies to give you the best possible experience. Learn more