ന്യൂദൽഹി: പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങൾക്ക് ഹിന്ദി, സംസ്‌കൃതം പേരുകൾ നൽകിയതിനെ ചോദ്യം ചെയ്ത് മദ്രാസ് ഹൈക്കോടതിയിൽ ഹരജി ഫയൽ ചെയ്ത് അഭിഭാഷകൻ. തൂത്തുക്കുടിയിലെ അഭിഭാഷകനായ ബി. രാംകുമാർ ആദിത്യൻ ആണ് പൊതുതാത്പര്യഹരജി ഫയൽ ചെയ്തത്.
ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധീനിയം എന്ന നിയമങ്ങളാണ് സർക്കാർ യഥാക്രമം ഇന്ത്യൻ ശിക്ഷാ നിയമം (ഐ.പി.സി), ക്രിമിനൽ നടപടിക്രമം, ഇന്ത്യൻ തെളിവു നിയമം എന്നിവയ്ക്ക് പകരമായി കൊണ്ടുവന്ന നിയമങ്ങൾ. നിയമങ്ങൾക്ക് നൽകിയിരിക്കുന്ന പേരുകൾ ഇംഗ്ലീഷിലേക്ക് തന്നെ പുനർനാമകരണം ചെയ്യണമെന്നാണ് ഹരജി.
ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആർ. മഹാദേവൻ, ജസ്റ്റിസ് മുഹമ്മദ് ഷഫീഖ് എന്നിവരടങ്ങിയ ഒന്നാം ഡിവിഷൻ ബെഞ്ചിന് മുമ്പാകെയാണ് പൊതുതാത്പര്യ ഹരജി ഫയൽ ചെയ്തത്.
മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ ഇംഗ്ലീഷിൽ പുനർനാമകരണം ചെയ്യുന്നതിനുള്ള തൻ്റെ ഹർജി തീർപ്പാക്കുന്നതുവരെ ഈ നിയമങ്ങൾ നടപ്പാക്കുന്നതിൽ നിന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ വിലക്കണമെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.
‘ഇന്ത്യയിൽ 28 സംസ്ഥാനങ്ങളും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളും ഉള്ളപ്പോൾ ഒമ്പത് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും മാത്രമാണ് ഹിന്ദി ഔദ്യോഗിക ഭാഷയായി ഉള്ളത്. രാജ്യത്തെ ജനസംഖ്യയിൽ 43.63 ശതമാനം പേർ മാത്രമേ ഹിന്ദി സംസാരിക്കുന്നുള്ളൂ. ബാക്കിയുള്ളവർ മറ്റ് ഭാഷകൾ സംസാരിക്കുന്നവരാണ്.
2011 ലെ സെൻസസ് പ്രകാരം തമിഴ്‌നാട്ടിൽ ഏകദേശം 3.93 ലക്ഷം ആളുകൾ മാത്രമാണ് മാത്രമേ ഹിന്ദി സംസാരിക്കുന്നത്. നിലവിലെ ഈ അവസ്ഥയിലാണ് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ക്രിമിനൽ നിയമങ്ങൾക്ക് ഹിന്ദിയിലും സംസ്‌കൃതത്തിലും പേരിടാൻ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്,’ ബി. രാംകുമാർ പറഞ്ഞു.
നിയമങ്ങൾക്ക് ഹിന്ദിയിൽ പേരിടുന്നത് ഹിന്ദി സംസാരിക്കാത്ത ആളുകൾക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നും സുപ്രീം കോടതിയുടെയും മിക്ക ഹൈക്കോടതികളുടെയും ഔദ്യോഗിക ഭാഷ ഇംഗ്ലീഷാണെന്ന വസ്തുത മറക്കരുതെന്നും ഹരജിക്കാരൻ കൂട്ടിച്ചേർത്തു.
Content Highlight: PIL Filed in Madras High Court Questions Hindi, Sanskrit Names of New Criminal Laws