| Tuesday, 21st May 2019, 10:31 pm

ആഢംബരവീടും കാറും ഓഹരിയും സത്യവാങ്മൂലത്തിലില്ല; സ്വത്തുവിവരം വെളിപ്പെടുത്തിയില്ലെന്നാരോപിച്ച് ബി.ജെ.പി എം.പി രാജീവ് ചന്ദ്രശേഖറിനെതിരേ പൊതുതാത്പര്യഹര്‍ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സത്യവാങ്മൂലത്തില്‍ സ്വത്തുവകകള്‍ സംബന്ധിച്ച പൂര്‍ണവിവരം വെളിപ്പെടുത്തിയില്ലെന്നാരോപിച്ച് ബി.ജെ.പി എം.പി രാജീവ് ചന്ദ്രശേഖറിനെതിരേ ദല്‍ഹി ഹൈക്കോടതിയില്‍ പൊതുതാത്പര്യഹര്‍ജി. ബെംഗളൂരു സ്വദേശിയായ രഞ്ജിത് തോമസെന്ന സോഫ്റ്റ്‌വേര്‍ പ്രൊഫഷണലാണ് അഭിഭാഷകനായ അവാനി ബന്‍സാല്‍ വഴി ഹര്‍ജി സമര്‍പ്പിച്ചത്.

2018 മാര്‍ച്ചില്‍ രാജ്യസഭയിലേക്കു മത്സരിക്കുന്നതിനായി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നത്. ഇക്കാര്യം അന്വേഷിക്കണമെന്നു ഹര്‍ജിയില്‍ ആവശ്യമുണ്ട്.

കേന്ദ്ര ഗതാഗത മന്ത്രാലയം നല്‍കുന്ന വിവരപ്രകാരം രാജീവിന് ഒരു ലാന്‍ഡ് റോവര്‍ ഉണ്ടെന്നും (രജിസ്‌ട്രേഷന്‍ നമ്പര്‍ DL6CZ0100) അക്കാര്യം സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

മാത്രമല്ല, വെക്ട്ര കണ്‍സള്‍ട്ടന്‍സി സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് പോലുള്ള സ്ഥാപനങ്ങളില്‍ രാജീവിന്റെ ഭാര്യക്ക് ഓഹരിയുള്ള കാര്യവും സത്യവാങ്മൂലത്തിലില്ല. ഈ സ്ഥാപനത്തിലുള്ള ഓഹരികളില്‍ 6,34,160 ഓഹരികളാണ് രാജീവിന്റെ പേരിലുള്ളത്. ഭാര്യ അഞ്ജു ചന്ദ്രശേഖറിന്റെ പേരിലാകട്ടെ, നൂറും. ബെംഗളൂരുവിലെ കോറമംഗളയിലുള്ള രണ്ട് ആഢംബര വീടുകളെക്കുറിച്ചുള്ള വിവരങ്ങളും അതിലില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

ഭരണഘടനാ അനുച്ഛേദം 324 പ്രകാരം കേസ് അന്വേഷിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോടു നിര്‍ദേശിക്കണമെന്നാണു ഹര്‍ജിയിലെ ആവശ്യം.

ഇക്കാര്യം തെളിയിക്കപ്പെട്ടാല്‍ ജനപ്രാതിനിധ്യ നിയമപ്രകാരം ആറുമാസം തടവോ പിഴയോ രണ്ടും കൂടിയോ വിധിച്ചേക്കാം.

2014 ഏപ്രില്‍ 26-നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇറക്കിയ ഉത്തരവുപ്രകാരം നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിക്കപ്പെടുന്ന സത്യവാങ്മൂലത്തില്‍ എന്തെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ ആര്‍ക്കും ലോക്കല്‍ ക്രിമിനല്‍ കോടതിയെ സമീപിക്കാം. എന്നാല്‍ അനുച്ഛേദം 324 മറികടന്ന് കമ്മീഷന്‍ ഒരിക്കലും ക്രിമിനല്‍ക്കോടതിയുടെ നിര്‍ദേശം പാലിക്കാറില്ല. കാരണം, ഈ അനുച്ഛേദത്തിലാണ് തെരഞ്ഞെടുപ്പ് പ്രക്രിയ സംബന്ധിച്ചുള്ള എല്ലാ നിര്‍ദേശങ്ങളും നല്‍കുന്നത്. അതിനാല്‍ ഈ ഉത്തരവില്‍ ഇടപെട്ട് ജനപ്രതിനിധികളുടെ വിവരങ്ങള്‍ അറിയുകയെന്ന ജനങ്ങളുടെ മൗലികാവകാശം സംരക്ഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.

ഹര്‍ജി തിങ്കളാഴ്ച കോടതി പരിഗണിക്കാനാണു സാധ്യത.

നേരത്തേ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അപമാനിച്ചുകൊണ്ടുള്ള രാജീവിന്റെ ട്വീറ്റിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.

രാജീവ് ഗാന്ധിയെ അനുസ്മരിച്ച് രാഹുല്‍ ഗാന്ധി പങ്കു വെച്ച ട്വീറ്റ് ഷെയര്‍ ചെയ്ത് ചന്ദ്രശേഖര്‍ നടത്തിയ പ്രസ്താവനയാണ് വിവാദത്തിന് തിരികൊളുത്തിയത്.

‘എന്റെ പിതാവ് സൗമ്യനും, സ്നേഹമുള്ളവനും, കരുണയുള്ളവനുമായിരുന്നു. എല്ലാത്തിനേയും സ്നേഹിക്കാനും ബഹുമാനിക്കാനും അദ്ദേഹം എന്നെ പഠിപ്പിച്ചു. ഒരിക്കലും വെറുക്കാതിരിക്കാനും, മാപ്പു നല്‍കാനും. അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ ഞാന്‍ ദുഖിക്കുന്നു. മരണവാര്‍ഷികത്തിന്റെ അന്ന്, ഞാന്‍ എന്റെ പിതാവിനെ നന്ദിയോടും, കൃതജ്ഞതയോടും സ്മരിക്കുന്നു’- എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

ഇത് പങ്കു വെച്ചുകൊണ്ട് ‘എനിക്ക് ഒരു കാര്യം മാത്രം അറിഞ്ഞാല്‍ മതി, നിങ്ങളെ രോഗം പോലെ ഗ്രസിച്ചിരിക്കുന്ന, കള്ളം പറയാനുള്ള കഴിവ് ആരാണ് നല്‍കിയത്’ എന്ന് ചന്ദ്രശേഖര്‍ ട്വീറ്റ് ചെയ്യുകയായിരുന്നു.

സ്വന്തം പിതാവിന്റെ ചരമവാര്‍ഷികം പങ്കു വെച്ചു കൊണ്ടുള്ള മകന്റെ കുറിപ്പിനെ ഒട്ടും ആസ്വാദകരമല്ലാത്ത രീതിയില്‍ പരിഹസിച്ച രാജീവ് ചന്ദ്രശേഖര്‍ വ്യാപക വിമര്‍ശനമാണ് ഇതിന് പിന്നാലെ ട്വിറ്ററില്‍ നിന്ന് ഉയര്‍ന്നത്.

‘ഈ യുക്തി അനുസരിച്ചാണെങ്കില്‍, നിങ്ങളുടെ ഭാര്യാ പിതാവിനെ വഞ്ചിക്കാന്‍ നിങ്ങളെ പഠിപ്പിച്ചത് നിങ്ങളുടെ പിതാവാണോ’- ഒരു ട്വിറ്റര്‍ ഉപഭോക്താവ് ചോദിക്കുന്നു. രാജീവ് ചന്ദ്രശേഖറും അദ്ദേഹത്തിന്റെ ഭാര്യാ പിതാവ് ടി.ജി.പി നമ്പ്യാറും തമ്മില്‍ ടെലകോം ബിസിനസിന്റെ ഉടമസ്ഥതയെ ചൊല്ലി നീണ്ട കാലത്തെ നിയമ യുദ്ധം നിലനിന്നിരുന്നു. ഇത് പരാമര്‍ശിച്ചു കൊണ്ടായിരുന്നു ട്വീറ്റ്.

‘പണം നിങ്ങള്‍ക്ക് മാന്യത നല്‍കണമെന്നില്ല. ഇത്തരത്തിലൊരു പ്രസ്താവന ഹൃദയമില്ലാത്തവര്‍ക്ക് മാത്രമേ നടത്താന്‍ കഴിയൂ’- മറ്റൊരു ട്വീറ്റില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more