മഹാഭാരതത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് കമല്‍ഹാസനെതിരെ പൊതുതാല്‍പ്പര്യ ഹര്‍ജി
Daily News
മഹാഭാരതത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് കമല്‍ഹാസനെതിരെ പൊതുതാല്‍പ്പര്യ ഹര്‍ജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd March 2017, 12:37 pm

ചെന്നൈ: ഉലകനായകന്‍ കമല്‍ഹാസനെതിരെ കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി. ഇതിഹാസകാവ്യമായ മഹാഭാരതത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് ഹര്‍ജി. തിരുനല്‍വേലി വള്ളിയൂര്‍ കോടതിയിലാണ് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്.

സ്ത്രീവിരുദ്ധമായ കഥാസന്ദര്‍ഭങ്ങള്‍ മഹാഭാരതത്തിലുണ്ടെന്ന് ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് 62-കാരനായ അഭിഭാഷകന്‍ ഗാന്ധിനാഥനാണ് ഹര്‍ജി നല്‍കിയത്.


Also Read: ബി.ജെ.പി ഐ.ടി സെല്‍ പ്രവര്‍ത്തകരുടെ ഐ.എസ്.ഐ ചാരപ്പണി രാജ്യത്തിന് 3000കോടി നഷ്ടമുണ്ടാക്കിയെന്ന് സമ്മതിച്ച് ബി.ജെ.പി മന്ത്രി


മഹാഭാരതത്തെ അപമാനിച്ചതിന് പരസ്യമായി മാപ്പ് പറയാന്‍ കമല്‍ഹാസന്‍ തയ്യാറാകണമെന്നാണ് ഗാന്ധിനാഥിന്റെ ആവശ്യം. ഹിന്ദുമത വിശ്വാസങ്ങളെ മോശമായി ചിത്രീകരിക്കുന്ന പരാമര്‍ശങ്ങള്‍ കമല്‍ഹാസന്‍ മുന്‍പും നടത്തിയിട്ടുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നുണ്ട്.

നേരത്തേ ഹിന്ദു മക്കള്‍ കക്ഷി കമല്‍ഹാസനെതിരേ ചെന്നൈ പോലീസ് കമ്മീഷണര്‍ക്കും കോയമ്പത്തൂര്‍ കളക്ടര്‍ക്കും ഇതേ വിഷയത്തില്‍ പരാതി നല്‍കിയിരുന്നു. കമല്‍ഹാസന്‍ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചായിരുന്നു പരാതി.

മഹാഭാരതത്തില്‍ പുരുഷന്‍മാര്‍ ചൂതാടിയപ്പോള്‍ പാഞ്ചാലിയെ പണയവസ്തുവായാണ് ഉപയോഗിച്ചതെന്നാണ് കമല്‍ഹാസന്‍ പറഞ്ഞത്. സ്ത്രീയെ പണയവസ്തുവായി വെച്ച് പുരുഷന്‍മാര്‍ ചൂതുകളിച്ചതിനെ പറ്റി പറയുന്ന പുസ്തകത്തെയാണ് ഇന്ത്യ ആദരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.