ഇംഗ്ലണ്ടിന് വേണ്ട; പീറ്റേഴ്‌സണ്‍ ഇന്ത്യയിലേക്ക്
Daily News
ഇംഗ്ലണ്ടിന് വേണ്ട; പീറ്റേഴ്‌സണ്‍ ഇന്ത്യയിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 May 13, 10:53 am
Wednesday, 13th May 2015, 4:23 pm

KP-AND-STRAUSS

ലണ്ടന്‍: ആഷസ് പരമ്പരക്കായുള്ള ഇംഗ്ലണ്ട് ടീമില്‍ സ്ഥാനം ലഭിക്കില്ലെന്ന് ഉറപ്പായതോടെ ഐ.പി.എല്ലില്‍ തിരിച്ചെത്തുമെന്ന് കെവിന്‍ പീറ്റേഴ്‌സണ്‍. തന്നെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തിരിച്ച് വിളിച്ചുവെന്നും ടൂര്‍ണമെന്റിന്റെ അവസാന ഘട്ട മത്സരങ്ങളില്‍ പങ്കെടുക്കുമെന്നും പീറ്റേഴ്‌സണ്‍ പറഞ്ഞു.

ദേശീയ ടീമില്‍ ഇടം പിടിക്കുന്നതിനായി ഐ.പി.എല്‍ മത്സരങ്ങളടക്കം ഉപേക്ഷിച്ചായിരുന്നു കെവിന്‍ പീറ്റേഴ്‌സണ്‍ ഇംഗ്ലണ്ടില്‍ തന്നെ തുടര്‍ന്നത്. ഐ.പി.എല്ലിന് പകരം ഇംഗ്ലീഷ് കൗണ്ടി ക്ലബ്ബായ സറെയ്ക്ക് വേണ്ടിയായിരുന്നു അദ്ദേഹം കളിച്ചിരുന്നത്.

കഴിഞ്ഞ ദിവസം ഓവലില്‍ നടന്ന മത്സരത്തില്‍ കരിയറിലെ മികച്ച പ്രകടനമായിരുന്നു പീറ്റേഴ്‌സണ്‍ കാഴ്ച വെച്ചിരുന്നത്. മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ദേശീയ ടീമില്‍ സ്ഥാനം പിടിക്കാമെന്ന പ്രതീക്ഷയും പീറ്റേഴ്‌സണുണ്ടായിരുന്നു.

എന്നാല്‍ ടീമുമായി ഉടക്കി പുറത്ത് പോയ പീറ്റേഴ്‌സണെ തിരിച്ച് ടീമില്‍ എടുക്കാനാകില്ലെന്ന നിലപാടാണ് ഇംഗ്ലീഷ് മാനേജ്‌മെന്റ് സ്വീകരിച്ചത്. തന്റെ മുന്‍ സഹ താരവും ഇപ്പോള്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ ഡയറക്ടറുമായ ആന്‍ഡ്രൂ സ്‌ട്രോസ്, ടോം ഹാരിസണ്‍ എന്നിവരാണ് കെ.പിയുടെ തിരിച്ച് വരവിന് വിലങ്ങു തടിയായത്.