| Friday, 18th October 2024, 9:18 am

അര്‍ജന്റീനയിലെ മികച്ച താരം പോലുമല്ല, പിന്നെങ്ങനെ എക്കാലത്തെയും മികച്ച താരമാകും? മെസിക്കെതിരെ ക്രിസ്റ്റ്യാനോ സൂപ്പര്‍ ഫാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

മാര്‍ക്കയുടെ ഗ്രേറ്റസ്റ്റ് പ്ലെയര്‍ ഓഫ് ഓള്‍ ടൈം പുരസ്‌കാരം നേടിയതിന് പിന്നാലെ സൂപ്പര്‍ താരം ലയണല്‍ മെസിക്കെതിരെ വിമര്‍ശനവുമായി ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകനും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൂപ്പര്‍ ഫാനുമായ പിയേഴ്‌സ് മോര്‍ഗന്‍. മെസി അര്‍ജന്റീനയിലെ മികച്ച താരം പോലുമല്ല എന്നായിരുന്നു മോര്‍ഗന്റെ വിമര്‍ശനം.

തന്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് മാര്‍ക്കയെ മോര്‍ഗന്‍ വിമര്‍ശിച്ചത്. ലയണല്‍ മെസിയെ എക്കാലത്തെയും മികച്ച താരമായി തെരഞ്ഞെടുത്ത മാര്‍ക്ക, രണ്ടാം സ്ഥാനക്കാരനായി റൊണാള്‍ഡോയെയും തെരഞ്ഞെടുത്തു. ഇതിഹാസ താരം പെലെ ആണ് മൂന്നാമന്‍.

ഇതിനിതെരയാണ് പിയേഴ്‌സ് മോര്‍ഗന്‍ രംഗത്തുവന്നത്.

‘മെസി അര്‍ജന്റീനയിലെ മികച്ച താരം പോലുമല്ല’ എന്നാണ് ഈ വാര്‍ത്ത പങ്കുവെച്ച മോര്‍ഗന്‍ എക്‌സില്‍ കുറിച്ചത്.

പിന്നാലെ പങ്കുവെച്ച മറ്റൊരു പോസ്റ്റില്‍ ലോകത്തിലെ എക്കാലത്തെയും മികച്ച താരങ്ങളെ മോര്‍ഗന്‍ തെരഞ്ഞെടുക്കുന്നുമുണ്ട്. പെലെയും മെസിയും മോര്‍ഗന്റെ ടോപ് ത്രീയില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നതാണ് രസകരമായ മറ്റൊരു വസ്തുത.

എക്കാലത്തെയും മികച്ച താരമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ തെരഞ്ഞെടുത്ത മോര്‍ന്‍ രണ്ടാമതായി ബ്രസീലിയന്‍ ഇതിഹാസ താരം റൊണാള്‍ഡോ നസാരിയോയെയും തെരഞ്ഞെടുത്തു. ഡിഗോ മറഡോണയാണ് മോര്‍ഗന്റെ ടോപ് ത്രീയിലെ മൂന്നാമന്‍.

ഇതിന് പിന്നാലെ പിയേഴ്‌സ് മോര്‍ഗനെ പരിഹസിച്ചും ആരാധകര്‍ രംഗത്തെത്തുന്നുണ്ട്. അദ്ദേഹം മുമ്പ് മെസിയെ അഭിനന്ദിച്ച് പങ്കുവെച്ച പോസ്റ്റുകളടക്കം കുത്തിപ്പൊക്കിയാണ് ആരാധകര്‍ എത്തിയിരിക്കുന്നത്.

റൊണാള്‍ഡോയുടെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയ ആളാണ് പിയേഴ്‌സ് മോര്‍ഗന്‍. ടെന്‍ ഹാഗിന്റെ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും ക്രിസ്റ്റിയാനോക്ക് പുറത്തേക്കുള്ള വഴി തുറന്നതില്‍ പിയേഴ്‌സ് മോര്‍ഗനും പങ്കുവഹിച്ചിട്ടുണ്ട്.

മോര്‍ഗനുമായുള്ള അഭിമുഖത്തിലാണ് താരം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെയും പരിശീലകന്‍ എറിക് ടെന്‍ ഹാഗിനെയുമെതിരെ ആഞ്ഞടിച്ചത്. ഇതിന് പിന്നാലെ പിയേഴ്‌സ് മോര്‍ഗനും റെഡ് ഡെവിള്‍സിനും കോച്ചിനുമെതിരെ വിമര്‍ശനങ്ങള്‍ തൊടുത്തുവിട്ടിരുന്നു.

Content Highlight: Piers Morgan says Messi’s not even the greatest Argentinian player of all time

We use cookies to give you the best possible experience. Learn more