ദീര്‍ഘനാളത്തെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാനേജര്‍ ടെന്‍ ഹാഗുമായുള്ള അസ്വാരസ്യങ്ങള്‍ക്കൊടുവിലാണ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ്ബ് വിട്ടത്. തുടര്‍ന്ന് ഫ്രീ ഏജന്റായ റൊണാള്‍ഡോ ഈ വര്‍ഷം സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറിയത്.
ഖത്തര്‍ ലോകകപ്പിന് തൊട്ടുമുമ്പാണ് ക്രിസ്റ്റ്യാനോ യുണൈറ്റഡ് വിട്ടത്. പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും വാര്‍ത്താ അവതാരകനുമായ പിയേഴ്‌സ് മോര്‍ഗന് നല്‍കിയ അഭിമുഖത്തിന് ശേഷമായിരുന്നു യുണൈറ്റഡില്‍ നിന്ന് താരത്തിന്റെ പടിയിറക്കം.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോട് ടെന്‍ ഹാഗ് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയാണിപ്പോള്‍ പിയേഴ്‌സ് മോര്‍ഗന്. ക്രിസ്റ്റ്യാനോയോട് ടെന്‍ ഹാഗ് കാണിച്ചത് അനാദരവാണെന്നും അതിനദ്ദേഹം മുട്ടുകുത്തി മാപ്പ് പറയണമെന്നുമാണ് പിയേഴ്‌സ് മോര്‍ഗന് പറയുന്നത്. ലണ്ടന്‍ ആസ്ഥാനമായ ടോക്ക്സ്പോര്‍ട്ടിനോടായിരുന്നു മോര്‍ഗന്റെ പ്രതികരണം.
‘കഴിഞ്ഞ സീസണില്‍ റൊണാള്‍ഡോ നേടിയ അത്രയും ഗോളുകള്‍ ഈ സീസണില്‍ യുണൈറ്റഡിനായി ആരെങ്കിലും സ്‌കോര്‍ ചെയ്യുമോ എന്ന് ഞാന്‍
ടെന്‍ ഹാഗിനോട് ചോദിക്കാന്‍ ആഗ്രഹിക്കുന്നു.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോട് ടെന്‍ ഹാഗ് മുട്ടുകുത്തി മാപ്പ് പറയണമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ടെന്‍ ഹാഗ് അത്ര വലിയ അനാദരവാണ് ക്രിസ്റ്റ്യാനോയോട് കാണിച്ചത്,’ പിയേഴ്‌സ് മോര്‍ഗന് പറഞ്ഞു.
മോര്‍ഗനുമായുള്ള അഭിമുഖത്തിനിടെ കോച്ച് എറിക് ടെന്‍ ഹാഗും മറ്റ് പല ഒഫീഷ്യല്‍സും തന്നെ പുറത്താക്കാന്‍ കരുനീക്കം നടത്തുന്നുണ്ടെന്ന് റൊണാള്‍ഡോ തുറന്നടിച്ചു. ക്ലബ്ബില്‍ താന്‍ വഞ്ചിക്കപ്പെട്ടതായാണ് തോന്നുന്നതെന്നും അദ്ദേഹം അഭിമുഖത്തിനിടെ ആരോപിച്ചിരുന്നു.
അതേസമയം, താന്‍ ഭൂതകാലത്തെ കുറിച്ച് സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഭാവിയെക്കുറിച്ച് സംസാരിക്കാമെന്നുമായിരുന്നു ക്രിസ്റ്റ്യാനോ അല്‍ നസറുമായി സൈനിങ് നടത്തിയതില്‍ ടെന്‍ഹാഗിന്റെ മറുപടി.
‘എനിക്ക് കഴിഞ്ഞ കാര്യങ്ങളെക്കുറിച്ച് സംസാരിക്കാന്‍ താത്പര്യമില്ല. നമുക്ക് ഭാവികാര്യങ്ങളെ കുറിച്ച് സംസാരിക്കാം. ഞങ്ങള്‍ ഇന്ന് നല്ലൊരു സ്റ്റെപ് മുന്നോട്ടുവെച്ചിരിക്കുകയാണ്. ആദ്യമായിട്ടാണ് ഞങ്ങള്‍ ടോപ് ഫോറില്‍ എത്തുന്നത്.
അതുകൊണ്ട് ഒന്നുമായില്ലെന്ന് അറിയാം. ഇനിയുമൊരുപാട് കടമ്പകള്‍ കടക്കാനുണ്ട്. ജയിക്കാന്‍ വേണ്ടി ഞങ്ങള്‍ക്കിനിയുമൊരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്,’ ടെന്‍ ഹാഗ് പറഞ്ഞു.