'റൊണാള്‍ഡോ സൗദിയിലേക്ക് പോയപ്പോള്‍ എല്ലാവരും കളിയാക്കി, ഇപ്പോള്‍ ആ ലീഗിന്റെ അവസ്ഥ കണ്ടില്ലേ'
നെയ്മറിന്റെ സൗദി പ്രവേശനത്തിന് പിന്നാലെ സൗദി പ്രോ ലീഗിനെ പ്രശംസിച്ച് മാധ്യമപ്രവര്‍ത്തകന്‍ പിയേഴ്‌സ് മോര്‍ഗന്‍. സൗദി ലീഗ് മികച്ച ഒരു ലീഗായി വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി പ്രോ ലീഗിലേക്ക് തട്ടകം മാറ്റിയപ്പോള്‍ പലരും കളിയാക്കിയെന്നും എന്നാല്‍ സൗദി പ്രോ ലീഗ് മികച്ച ലീഗ് ഗായി മാറിയെന്നും അദ്ദേഹം പറഞ്ഞു. നെയ്മറിന്റെ അല്‍ ഹിലാല്‍ പ്രവേശനത്തെ സംബന്ധിച്ചുള്ള ഫാബ്രീസിയോ റൊമാനോയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് പിയേഴ്‌സ് മോര്‍ഗന്‍ ഇക്കാര്യം പറഞ്ഞത്.
‘ആഹാ… സൗദി ഫുട്‌ബോളിലേക്ക് വളരെ മികച്ച മറ്റൊരു സൈനിങ് കൂടി. സൗദിയിലേക്ക് മാറിയതില്‍ നിരവധി പേരാണ് റൊണാള്‍ഡോയെ കളിയാക്കിയത്. എന്നാല്‍ സൗദി പ്രോ ലീഗ് ഇപ്പോള്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു കോംപിറ്റിറ്റീവ് ലീഗായി മാറുകയാണ്,’ അദ്ദേഹം പറഞ്ഞു.
ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ് റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് അല്‍ നസറിലേക്ക് ചേക്കേറിയത്. പിയേഴ്‌സ് മോര്‍ഗന് നല്‍കിയ അഭിമുഖത്തിന് പിന്നാലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ബോസ് എറിക് ടെന്‍ ഹാഗുമായുള്ള താരത്തിന്റെ പിണക്കം രൂക്ഷമാവുകയായിരുന്നു. ഇതിന് പിന്നാലെയാണ് റൊണാള്‍ഡോ ഓള്‍ഡ് ട്രാഫോര്‍ഡ് വിട്ട് അല്‍ നസറിലേക്ക് ചേക്കേറിയത്.
ക്രിസ്റ്റ്യാനോ എത്തിയതോടെ അല്‍ നസറും സൗദി പ്രോ ലീഗും ആഗോള തലത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു. റൊണാള്‍ഡോക്ക് പിന്നാലെ കൂടുതല്‍ സൂപ്പര്‍ താരങ്ങള്‍ സൗദിയിലേക്ക് ചേക്കേറിയതോടെ ലീഗിന്റെ സ്വീകാര്യതയും വര്‍ധിച്ചു.
ലോകം കണ്ട എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായ കരീം ബെന്‍സെമ, സൂപ്പര്‍ താരം എന്‍ഗോളോ കാന്റെ, സാദിയോ മാനെ, ബ്രോസോവിച്ച്, ഫെര്‍മീന്യോ, മഹ്‌റെസ്, ഫാബീന്യോ, ഫൊഫാന, റൂബന്‍ നീവ്‌സ്, കൗലിബാലി തുടങ്ങി നിരവധി സൂപ്പര്‍ താരങ്ങളാണ് സൗദി പ്രോ ലീഗിലെ വിവിധ ടീമുകളില്‍ പുതിയ ക്യാംപെയ്ന്‍ ആരംഭിച്ചത്.
ഇക്കൂട്ടത്തിലെ ഏറ്റവും പുതിയ പേരുകാരനാണ് നെയ്മര്‍ ജൂനിയര്‍. അല്‍ നസറിന്റെ ചിര വൈരികളായ അല്‍ ഹിലാലുമായാണ് താരം കരാറിലെത്തിയിരിക്കുന്നത്. ഈ കരാര്‍ വഴി 100 മില്യണ്‍ യൂറോയാണ് പി.എസ്.ജിക്ക് ലഭിക്കുക എന്നാണ് ഫാബ്രീസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പി.എസ്.ജി വിട്ട നെയ്മര്‍ ബാഴ്‌സയിലേക്ക് മടങ്ങുമെന്നാണ് ആരാധകര്‍ ഒന്നടങ്കം വിശ്വസിച്ചിരുന്നത്. എന്നാല്‍ താരം അല്‍ ഹിലാലുമായി കൈകോര്‍ക്കുകയായിരുന്നു. ഇതിനോടകം സൗദിയിലെത്തിയ നെയ്മറിനെ വൈദ്യപരിശോധനക്ക് വിധേയനാക്കിയ ശേഷം ഈ ആഴ്ച തന്നെ അല്‍ ഹിലാല്‍ ആരാധകര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlight: Piers Morgan praises Saudi Pro League