| Saturday, 30th September 2023, 12:15 pm

'2023ല്‍ മാത്രം 35 ഗോളുകള്‍'; അല്‍ നസറിന്റെ ജയത്തിന് പിന്നാലെ ക്രിസ്റ്റ്യാനോയെ പ്രശംസിച്ച് പിയേഴ്‌സ് മോര്‍ഗന്‍

സ്പോര്‍ട്സ് ഡെസ്‌ക്

സൗദി പ്രോ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ അല്‍ നസര്‍ വിജയിച്ചിരുന്നു. അല്‍ താഇയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചുകൊണ്ടായിരുന്നു അല്‍ നസറിന്റെ ജയം. മത്സരത്തിന്റെ 87ാം മിനിട്ടില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളാണ് അല്‍ നസറിനെ ജയത്തിലേക്ക് നയിച്ചത്.

മത്സരത്തിന് പിന്നാലെ താരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ടെലിവിഷന്‍ അവതാരകനുമായ പിയേഴ്‌സ് മോര്‍ഗന്‍. 2023ലെ 35ാമത്തെ ഗോളാണ് ക്രിസ്റ്റ്യാനോ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സ്‌കോര്‍ ചെയ്തത്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന രണ്ടാമത്തെ താരമെന്നാണ് മോര്‍ഗന്‍ ക്രിസ്റ്റ്യാനോയെ പ്രശംസിച്ചുകൊണ്ട് കുറിച്ചത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ എര്‍ലിങ് ഹാലണ്ടാണ് ഗോള്‍ നേട്ടത്തില്‍ ഒന്നാം സ്ഥാനത്ത്. എക്‌സ് പ്ലാറ്റ്‌ഫോമിലാണ് റോണോയെ പ്രശംസിച്ച് മോര്‍ഗന്‍ സംസാരിച്ചത്.

‘എക്കാലത്തെയും മികച്ച താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മത്സരത്തിന്റെ 87ാം മിനിട്ടില്‍ നിര്‍ണായക ഗോള്‍ നേടിയിരിക്കുന്നു. തീര്‍ച്ചയായും അദ്ദേഹം അത് ചെയ്യും. 2023ലെ അദ്ദേഹത്തിന്റെ 35ാം ഗോളാണത്. ഈ വര്‍ഷം കൂടുതല്‍ ഗോളുകള്‍ നേടുന്ന ലോകത്ത രണ്ടാമത്തെ താരം. ഹാലണ്ട് മാത്രമാണ് അദ്ദേഹത്തിന് മുന്നില്‍. അസാധ്യം!’ മോര്‍ഗന്‍ എക്‌സില്‍ കുറിച്ചു.

ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കളിച്ചിരുന്ന സമയത്ത് പിയേഴ്‌സ് മോര്‍ഗനുമായി നടത്തിയ അഭിമുഖം വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. താരം യുണൈറ്റഡില്‍ നേരിട്ടിരുന്ന പ്രതിസന്ധികള്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ എറിക് ടെന്‍ ഹാഗിനെയും ക്ലബ്ബ് മാനേജ്‌മെന്റിനെയും ക്രിസ്റ്റ്യാനോ അഭിമുഖത്തില്‍ വിമര്‍ശിച്ചിരുന്നു. ടെന്‍ ഹാഗ് തന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയാണെന്നും കൂടുതല്‍ സമയവും ബെഞ്ചിലിരുത്തുകയാണെന്നും റോണോ പറഞ്ഞു.

അഭിമുഖം വിവാദമായതിനെ തുടര്‍ന്നാണ് ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി പിരിഞ്ഞ് സൗദി അറേബ്യന്‍ മണ്ണിലേക്ക് ചേക്കേറിയത്. ലോകത്തെ ഏറ്റവും ഉയര്‍ന്ന വേതനവും ആനുകൂല്യങ്ങളും നല്‍കിയാണ് പോര്‍ച്ചുഗല്‍ ഇതിഹാസത്തെ അല്‍ നസര്‍ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. അല്‍ നസറിലെത്തിയതിന് ശേഷം തന്റെ ഗതകാലത്തെ സ്മരിപ്പിക്കുന്ന പ്രകടനമാണ് റൊണാള്‍ഡോ കാഴ്ചവെക്കുന്നത്. റോണോയുടെ പ്രകടന മികവില്‍ അല്‍ നസറിന് തങ്ങളുടെ ചരിത്രത്തിലെ ആദ്യത്തെ അറബ് കപ്പ് കിരീടം ഉയര്‍ത്താനും സാധിച്ചു.

അതേസമയം കഴിഞ്ഞ ദിവസം സൗദി പ്രോ ലീഗില്‍ നടന്ന മത്സരത്തില്‍ ടലിസ്‌കയാണ് അല്‍ നസറിനായി ഗോള്‍ നേടിയ മറ്റൊരു താരം. മത്സരത്തിന്റെ 32ാം മിനിട്ടില്‍ ആദ്യ ഗോള്‍ നേടിക്കൊണ്ട് ടലിസ്‌ക അല്‍ നസറിനായി ലീഡ് നേടുകയായിരുന്നു. 79ാം മിനിട്ടില്‍ വേജില്‍ മിസിജാന്‍ അല്‍ താഇക്കായി ആശ്വാസ ഗോള്‍ നേടി. തുടര്‍ന്നാണ് ക്രിസ്റ്റ്യാനോയുടെ നിര്‍ണായക ഗോള്‍ പിറക്കുന്നത്.

സൗദി പ്രോ ലീഗില്‍ ഇതുവരെ നടന്ന എട്ട് മത്സരങ്ങളില്‍ ആറ് ജയവും രണ്ട് തോല്‍വിയുമായി 18 പോയിന്റോടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് അല്‍ നസര്‍. 20, 19 പോയിന്റുകളുമായി അല്‍ ഹിലാല്‍, അല്‍ ഇത്തിഹാദ് എന്നീ ക്ലബ്ബുകളാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ഒക്ടോബര്‍ രണ്ടിന് ഇസ്തിക്‌ലോലിനെതിരെയാണ് അല്‍ നസറിന്റെ അടുത്ത മത്സരം.

Content Highlights: Piers Morgan praises Cristiano Ronaldo after the win against Al Ta’ee

We use cookies to give you the best possible experience. Learn more