| Wednesday, 5th April 2023, 11:34 am

'ടെന്‍ ഹാഗ് ഇതൊക്കെ കാണുന്നുണ്ടല്ലോ ലേ'; അല്‍ നസറിലെ പ്രകടനത്തിന് റോണോയെ പ്രശംസിച്ച് പിയേഴ്‌സ് മോര്‍ഗന്‍

സ്പോര്‍ട്സ് ഡെസ്‌ക്

സൗദി പ്രോ ലീഗില്‍ അല്‍ അദല്‍ഹക്കെതിരെയുള്ള മത്സരത്തില്‍ മിന്നും വിജയം സ്വന്തമാക്കിയിരിക്കുകയാണ് അല്‍ നസര്‍. പോര്‍ച്ചുഗീസ് ഇതിഹാസം റൊണാള്‍ഡോയുടെ ഇരട്ട ഗോള്‍ മികവില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് അല്‍ നസര്‍, അല്‍ അദല്‍ഹയെ പരാജയപ്പെടുത്തിയത്.

മത്സരത്തിന് ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കോച്ച് ടെറിക് ടെന്‍ ഹാഗിനുള്ള സന്ദേശവുമായി എത്തിയിരിക്കുകയാണ് പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ പിയേഴ്‌സ് മോര്‍ഗന്‍. മികച്ച പ്രകടനം പുറത്തെടുത്തതിന് റോണോയെ പ്രശംസിച്ച മോര്‍ഗന്‍ ടെന്‍ ഹാഗിന്റെ മണ്ടന്‍ തീരുമാനത്തിനുള്ള മറുപടിയാണിതെന്നും ചൂണ്ടിക്കാട്ടി. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്രിസ്റ്റ്യാനോയെ പുറത്താക്കി പകരം വൂട്ട് വെഗോസ്റ്റിനെ ക്ലബ്ബിലെത്തിച്ചത് ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ മോശം തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.

‘രണ്ട് ഗോളുകള്‍ കൂടി ക്രിസ്റ്റിയാനോ പേരിലാക്കിയിരിക്കുകയാണ്. ഈ ഗോള്‍ അടക്കം പറയുന്നത് റോണോയെ പുറത്താക്കി വൂട്ട് വെഗോസ്റ്റിനെ ക്ലബ്ബിലെത്തിക്കാനെടുത്ത ടെന്‍ ഹാഗിന്റെ തീരുമാനം ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം തീരുമാനമായിരുന്നു എന്നാണ്,’ മോര്‍ഗന്‍ പറഞ്ഞു.

അതേസമയം, കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്താനൊന്നും അല്‍ നസറിന് സാധിച്ചില്ലെങ്കിലും കിട്ടിയ അവസരങ്ങളില്‍ ഭൂരിഭാഗവും ഗോളാക്കി മാറ്റാന്‍ അവര്‍ക്കായി. അല്‍ അദല്‍ഹയുടെ പോസ്റ്റിലേക്ക് ഉതിര്‍ത്ത ഒമ്പത് ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകളില്‍ അഞ്ചെണ്ണവും ഗോളാക്കി കണ്‍വേര്‍ട്ട് ചെയ്തതോടെയാണ് മത്സരത്തില്‍ വിലപ്പെട്ട മൂന്ന് പോയിന്റുകള്‍ സ്വന്തമാക്കാന്‍ അല്‍ നസറിനായത്.

റൊണാള്‍ഡോക്ക് പുറമേ തലിസ്‌ക്കയുടെ ഇരട്ട ഗോളുകളും അയ്മന്‍ യഹിയയുടെ ഗോളുമാണ് അല്‍ നസറിന്റെ വിജയത്തിന് കരുത്ത് പകര്‍ന്നത്. സൗദി ക്ലബ്ബിനായി 11 മത്സരങ്ങളില്‍ നിന്നും 11 ഗോളുകളാണ് റൊണാള്‍ഡോ ഇതുവരെ സ്വന്തമാക്കിയത്.

കൂടാതെ സൗദി പ്രോ ലീഗിലെ ടോപ്പ് സ്‌കോറര്‍മാരില്‍ അഞ്ചാം സ്ഥാനത്താണ് റൊണാള്‍ഡോയുടെ സ്ഥാനം. പ്രോ ലീഗില്‍ നിലവില്‍ 22 മത്സരങ്ങളില്‍ നിന്നും 16 വിജയങ്ങളുമായി 52 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് അല്‍ നസര്‍.

ഏപ്രില്‍ 10ന് അല്‍ ഫെയ്ഹക്കെതിരെയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.

Content Highlights: Piers Morgan praises Cristiano Ronaldo

Latest Stories

We use cookies to give you the best possible experience. Learn more