ഒരു ലോകകപ്പ് നേടിയെന്ന് കരുതി ഗോട്ട് ആകുമോ? മെസി-റോണോ ഫാന്‍ ഡിബേറ്റില്‍ പിയേഴ്‌സ് മോര്‍ഗന്‍
ലയണല്‍ മെസി ലോകകപ്പ് നേടിയെങ്കിലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഗോട്ട് എന്ന് പ്രമുഖ ജേണലിസ്റ്റും ടെലിവിഷന്‍ അവതാരകനുമായ പിയേഴ്‌സ് മോര്‍ഗന്‍.
വിവിധ ലീഗുകളിലായി ഏറ്റവും കൂടുല്‍ ഗോള്‍ കോണ്‍ട്രിബ്യൂഷന്‍ നടത്തിയത് ക്രിസ്റ്റ്യാനോയാണെന്നും അതുകൊണ്ടാണ് റോണോ എക്കാലത്തെയും മികച്ച താരമാകുന്നതെന്നും മോര്‍ഗന്‍ പറഞ്ഞു. അദ്ദേഹം ടോക്‌സ്‌പോര്‍ട്‌സിനോട് പറഞ്ഞ കാര്യങ്ങള്‍ ഒരിക്കല്‍ കൂടി ശ്രദ്ധ നേടുകയാണിപ്പോള്‍.
‘മെസി ലോകത്തിലെ മികച്ച താരങ്ങളില്‍ ഒരാളാണ്. മെസിയാണോ ഗോട്ട് എന്നതാണ് ചര്‍ച്ച. അതില്‍ ഞാന്‍ എപ്പോഴും ക്രിസ്റ്റ്യാനോയുടെ പേര് പറയും. അദ്ദേഹത്തിനാണ് ആ ടൈറ്റില്‍ ചേരുന്നത്. ഒരു ലോകകപ്പ് നേടി എന്നതുകൊണ്ട് മെസി ഗോട്ട് ആകുന്നില്ല.
ഇരുവരുടെയും സ്ഥിതിവിവര കണക്കുകള്‍ പരിശോധിക്കുമ്പോള്‍ റോണോക്ക് മെസിയെക്കാള്‍ രണ്ട് വര്‍ഷം കൂടുതല്‍ എക്‌സ്പീരിയന്‍സുണ്ട്. മറ്റൊരു പ്രധാനപ്പെട്ട കാര്യം 17 വര്‍ഷം മെസി ബാഴ്‌സലോണയുടെ കംഫര്‍ട്ട് സോണില്‍ മാത്രമാണ് കളിച്ചത്. ആ കാലയളവിനുള്ളില്‍ റോണോ നാല് വ്യത്യസ്ത ലീഗുകളില്‍ വ്യത്യസ്ത രാജ്യങ്ങളില്‍ കളിച്ചു. ലോകത്തിലെ മൂന്ന് മികച്ച മൂന്ന് ലീഗുകളിലാണ് അദ്ദേഹം ബൂട്ടുകെട്ടിയത്,’ മോര്‍ഗന്‍ പറഞ്ഞു.
ക്രിസ്റ്റ്യാനോക്ക് വേണമെങ്കില്‍ റയല്‍ മാഡ്രിഡില്‍ തന്നെ തുടരാമായിരുന്നുവെന്നും എന്നാല്‍ അദ്ദേഹം കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തുചാടുകയായിരുന്നെന്നും മോര്‍ഗന്‍ പറഞ്ഞു. ക്രിസ്റ്റ്യാനോ പുതിയ വെല്ലുവിളികള്‍ സ്വീകരിച്ച് വിവിധ ലീഗുകളിലേക്ക് നീങ്ങിയപ്പോള്‍ മെസി ബാഴ്‌സക്ക് വേണ്ടി മാത്രമാണ് എന്തെങ്കിലും ചെയ്തതെന്നും മോര്‍ഗന്‍ കൂട്ടിച്ചേര്‍ത്തു.
ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കളിച്ചിരുന്ന സമയത്ത് പിയേഴ്സ് മോര്‍ഗനുമായി നടത്തിയ അഭിമുഖം വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. താരം യുണൈറ്റഡില്‍ നേരിട്ടിരുന്ന പ്രതിസന്ധികള്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ എറിക് ടെന്‍ ഹാഗിനെയും ക്ലബ്ബ് മാനേജ്മെന്റിനെയും ക്രിസ്റ്റ്യാനോ അഭിമുഖത്തില്‍ വിമര്‍ശിച്ചിരുന്നു. ടെന്‍ ഹാഗ് തന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയാണെന്നും കൂടുതല്‍ സമയവും ബെഞ്ചിലിരുത്തുകയാണെന്നും റോണോ പറഞ്ഞു.
അഭിമുഖം വിവാദമായതിനെ തുടര്‍ന്നാണ് ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി പിരിഞ്ഞ് സൗദി അറേബ്യന്‍ മണ്ണിലേക്ക് ചേക്കേറിയത്. ലോകത്തെ ഏറ്റവും ഉയര്‍ന്ന വേതനവും ആനുകൂല്യങ്ങളും നല്‍കിയാണ് പോര്‍ച്ചുഗല്‍ ഇതിഹാസത്തെ അല്‍ നസര്‍ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്.
Content Highlights: Piers Morgan pick Cristiano Ronaldo as GOAT over Lionel Messi