| Wednesday, 17th May 2023, 9:30 am

അവനുണ്ടായിരുന്നെങ്കില്‍ ആഴ്‌സണലിന് പ്രീമിയര്‍ ലീഗ് പുഷ്പം പോലെ നേടാമായിരുന്നു; ഇതിഹാസ താരത്തെ പിന്തുണച്ച് മോര്‍ഗന്‍

സ്പോര്‍ട്സ് ഡെസ്‌ക്

പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ സൈന്‍ ചെയ്തിരുന്നെങ്കില്‍ ആഴ്‌സണലിന് പ്രീമിയര്‍ ലീഗ് എളുപ്പം നേടാനാകുമായിരുന്നെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ബ്രിട്ടീഷ് ബ്രോഡ്കാസ്റ്ററുമായ പിയേഴ്‌സ് മോര്‍ഗന്‍. പ്രീമിയര്‍ ലീഗില്‍ ബ്രൈട്ടണെതിരായ മത്സരത്തില്‍ ആഴ്‌സണല്‍ തോല്‍വി വഴങ്ങിയതിന് പിന്നാലെയായിരുന്നു മോര്‍ഗന്റെ പ്രസ്താവന.

‘നിങ്ങള്‍ക്കിഷ്ടമുള്ളത് പോലെയൊക്കെ പരിഹസിച്ചോളൂ. പക്ഷെ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടപ്പോള്‍ അദ്ദേഹത്തെ ആഴ്‌സണല്‍ ക്ലബ്ബിലെത്തിച്ചിരുന്നെങ്കില്‍ നമുക്ക് പ്രീമിയര്‍ ലീഗ് എളുപ്പം നേടാമായിരുന്നു.

കാരണം, റൊണാള്‍ഡോക്ക് നന്നായിട്ടറിയാം മേജര്‍ കിരീടങ്ങള്‍ എങ്ങനെ നേടണമെന്ന്,’ മോര്‍ഗന്‍ പറഞ്ഞു.

റൊണാള്‍ഡോക്ക് ആഴ്‌സണലുമായി സൈനിങ് നടത്താന്‍ താത്പര്യമുണ്ടായിരുന്നെന്നും നടക്കാതെ വന്നപ്പോഴാണ് സൗദി അറേബ്യന്‍ ക്ലബ്ബിലേക്ക് ചേക്കേറിയതെന്നും മോര്‍ഗന്‍ കൂട്ടിച്ചേര്‍ത്തു.

പിയേഴ്‌സ് മോര്‍ഗന്റെ ടോക്ക് ടി.വിക്ക് നല്‍കിയ അഭിമുഖത്തിന് പിന്നാലെയാണ് റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടുന്നത്. അഭിമുഖത്തില്‍ യുണൈറ്റഡിന്റെ അവസാന നാളുകളില്‍ താന്‍ അനുഭവിച്ച സംഘര്‍ഷങ്ങളെ കുറിച്ച് താരം പരാമര്‍ശിച്ചിരുന്നു.

പരിശീലകന്‍ എറിക് ടെന്‍ ഹാഗ് തന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയാണെന്നും ക്ലബ്ബില്‍ എല്ലാവരും തനിക്കെതിരെ തിരിയുന്നതായി തോന്നുന്നുണ്ടെന്നും റൊണാള്‍ഡോ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മോര്‍ഗനുമായുള്ള അഭിമുഖം വലിയ വിവാദത്തിനിരയാക്കുകയും തൊട്ടുപിന്നാലെ റൊണാള്‍ഡോ യുണൈറ്റഡുമായി പരസ്പര ധാരണയോടെ പിരിയുകയുമായിരുന്നു.

തുടര്‍ന്ന് കഴിഞ്ഞ ജനുവരിയില്‍ മോഹവില നല്‍കിയാണ് സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസര്‍ റൊണാള്‍ഡോയെ സ്വന്തമാക്കിയത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി മൂന്ന് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍ സ്വന്തമാക്കാന്‍ റൊണാള്‍ഡോക്ക് സാധിച്ചിരുന്നു. ഓള്‍ഡ് ട്രാഫോഡിനായി കളിച്ച 236 മത്സരങ്ങളില്‍ നിന്ന് 103 ഗോളുകളും 39 അസിസ്റ്റുകളുമാണ് റൊണാള്‍ഡോ അക്കൗണ്ടിലാക്കിയത്.

അതേസമയം, പ്രീമിയര്‍ ലീഗില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബ്രൈട്ടണ്‍ ആഴ്‌സണലിനെ തോല്‍പ്പിച്ചത്.

ഇതോടെ ഇതുവരെ കളിച്ച 36 മത്സരങ്ങളില്‍ നിന്ന് 25 ജയവുമായി 8 പോയിന്റോടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ആഴ്‌സണല്‍. നാല് പോയിന്റ് വ്യത്യാസത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയാണ് ഒന്നാം സ്ഥാനത്ത്.

മെയ് 20ന് നോട്ടന്‍ഹാം ഫോറസ്റ്റിനെതിരെയാണ് ആഴ്‌സണലിന്റെ അടുത്ത മത്സരം.

Content Highlights: Piers Morgan makes Premiere League title claim involving Arsenal and  Cristiano Ronaldo

We use cookies to give you the best possible experience. Learn more