| Wednesday, 21st December 2022, 5:15 pm

മെസിയെ അര്‍ജന്റീനക്കാര്‍ക്ക് വലിയ വിലയൊന്നുമില്ല, അല്ലെങ്കില്‍ ഈ ജനം ഒന്നും പോരാ: പിയേഴ്‌സ് മോര്‍ഗന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തര്‍ ലോകകപ്പില്‍ മുന്‍ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിനെ പരാജയപ്പെടുത്തിയാണ് ടീം അര്‍ജന്റീന വിശ്വകിരീടത്തില്‍ മുത്തമിട്ടത്. വിരമിക്കുന്നതിന് മുമ്പ് രാജ്യത്തിനായി ലോകകപ്പ് നേടുക എന്ന ഇതിഹാസ താരം ലയണല്‍ മെസിയുടെ സ്വപ്‌ന സാക്ഷാത്കാരമാണ് ഇതിലൂടെ നിറവേറിയത്.

ഖത്തറില്‍ നിന്ന് അര്‍ജന്റീനയിലെത്തിയ മെസിയെയും സംഘത്തെയും വരവേല്‍ക്കാന്‍ ലക്ഷക്കണക്കിന് ആളുകള്‍ തിങ്ങിക്കൂടിയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരിക്കുകയാണ്.

എന്നാല്‍ മെസിയെ അര്‍ജന്റീനക്കാര്‍ക്ക് വലിയ വിലയൊന്നുമില്ലെന്നും മറഡോണ തന്നെയാണ് അവര്‍ക്കിപ്പോഴും GOAT എന്നുമാണ് ലോക പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും ടെലിവിഷന്‍ അവതാരകനുമായ പിയേഴ്‌സ് മോര്‍ഗന്‍ പറഞ്ഞത്.

15 ദശലക്ഷം ജനസംഖ്യയുള്ള സ്ഥലത്ത് നിന്ന് നാല്‍പ്പത് ലക്ഷം ആളുകള്‍ മാത്രമേ ആഘോഷത്തില്‍ പങ്കുചേരാന്‍ പോയിട്ടുള്ളൂ എന്നും ബാക്കിയുള്ളവര്‍ വീട്ടിലിരിക്കുകയായിരുന്നു എന്നും ചൂണ്ടിക്കാട്ടിയാണ് മോര്‍ഗന്റെ വാദം. അര്‍ജന്റീക്കാര്‍ക്ക് ഡീഗോ മറഡോണയാണ് ഇപ്പോഴും GOAT എന്നും മോര്‍ഗന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ലോക കിരീടവുമായി ബ്യൂണസ് അയേഴ്സില്‍ പറന്നിറങ്ങിയ അര്‍ജന്റീന്‍ ടീമിന്റെ വിക്ടറി പരേഡ് കാണാന്‍ 40 ലക്ഷം ആരാധകര്‍ തടിച്ചുകൂടിയെന്നാണ് റിപ്പോര്‍ട്ട്. മറഡോണയുടെയും മെസിയുടേയും ചിത്രങ്ങളുള്ള പതാകയുമായി പാട്ടും മേളവുമായി ആരാധകര്‍ ലോകകപ്പ് ജയം ആഘോഷമാക്കി. രാജ്യത്താകെ പൊതു അവധി നല്‍കിയാണ് അര്‍ജന്റീന മൂന്നാം ലോകകപ്പ് വിജയം ആഘോഷിക്കുന്നത്.

ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോട് തോറ്റ് തുടങ്ങിയ അര്‍ജന്റീന പിന്നീട് വന്‍ കുതിപ്പാണ് നടത്തിയത്. മെക്‌സിക്കോയെയും പോളണ്ടിനെയും തകര്‍ത്ത് ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി ടീം പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിക്കുകയായിരുന്നു.

ഓസ്‌ട്രേലിയയെ പ്രീ ക്വാര്‍ട്ടറിലും നെതര്‍ലാന്‍ഡ്സിനെ ക്വാര്‍ട്ടറിലും പരാജയപ്പെടുത്തിയാണ് മെസിയും സംഘവും സെമിയിലേക്ക് കടന്നത്. കിരീടം നിലനിര്‍ത്താനിറങ്ങിയ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ 4-2ന് തകര്‍ത്താണ് അര്‍ജന്റീന മൂന്നാം ലോക കിരീടം ഉയര്‍ത്തിയത്. അധിക സമയത്തും മത്സരം 3-3ന് തുല്യത പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.

Content Highlights: Piers Morgan Criticizes Lionel Messi

We use cookies to give you the best possible experience. Learn more