| Tuesday, 24th January 2023, 8:29 am

'റൊണാള്‍ഡോക്ക് പകരം 'ഓസ്ട്രിയന്‍ സോസേജ്' പോലൊരുത്തനെ ഇറക്കി, എന്നിട്ടെന്തുണ്ടായി'; യുണൈറ്റഡിനെതിരെ പിയേഴ്‌സ് മോര്‍ഗന്‍

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം നടന്ന പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആഴ്‌സണലിനോട് തോല്‍വി വഴങ്ങിയിരുന്നു. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ആഴ്‌സണല്‍ യുണൈറ്റഡിനെ കീഴ്‌പ്പെടുത്തിയത്.

മത്സരം തോറ്റതിന് പിന്നാലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കോച്ച് എറിക് ടെന്‍ ഹാഗിനും ക്ലബ്ബില്‍ പുതുതായി സൈനിങ് നടത്തിയ ഡച്ച് താരം വൂട്ട് വെഗോസ്റ്റിനെതിരെയും രൂക്ഷ വിമര്‍ശനം നടത്തിയിരിക്കുകയാണ് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ടെലിവിഷന്‍ അവതാരകനുമായ പിയേഴ്‌സ് മോര്‍ഗന്‍.

ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ പോലൊരു പ്രതിഭക്ക് വേണ്ട ബഹുമാനം നല്‍കാതെ അദ്ദേഹത്തെ പുറത്താക്കുകയും പകരക്കാരനായി ഇതുവരെ കേട്ടിട്ട് പോലുമില്ലാത്ത ഒരുത്തനെ കൊണ്ടുവരികയും ചെയ്താല്‍ ഇങ്ങനെയുണ്ടാകുമെന്നും മോര്‍ഗന്‍ പറഞ്ഞു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പരിഹസിച്ച് ട്വീറ്റ് ചെയ്യുകയായിരുന്നു അദ്ദേഹം.

‘അഭിനന്ദനങ്ങള്‍ മാഞ്ചസറ്റര്‍ യുണൈറ്റഡ്, അഹങ്കാരിയായ ഒരു കോച്ചിനെ നിയമിച്ചാല്‍ ഇങ്ങനെയിരിക്കും. ക്രിസ്റ്റിയാനോയെ പോലൊരു പ്രതിഭയോട് അപമര്യാദയോടെ പെരുമാറുകയും ഞാനിതുവരെ കേട്ടിട്ട് പോലമില്ലാത്ത ഓസ്ട്രിയന്‍ സോസേജ് പോലൊരുത്തനെ പകരക്കാരനായി കൊണ്ടുവരികയും ചെയ്താല്‍ ഇതാണ് സംഭവിക്കുക,’ മോര്‍ഗന്‍ ട്വീറ്റ് ചെയ്തു.

റൊണാള്‍ഡോ ക്ലബ്ബ് വിട്ട് മാസങ്ങള്‍ പിന്നിട്ടപ്പോഴാണ് യുണൈറ്റഡ് ഡച്ച് സൂപ്പര്‍താരം വൂട്ട് വെഗോസ്റ്റുമായി കരാറിലേര്‍പ്പെടുന്നത്. ഇംഗ്ലീഷ് ക്ലബ്ബായ ബേണ്‍ലിയുടെ താരമായ വെഗോസ്റ്റ് ലോണ്‍ അടിസ്ഥാനത്തിലാണ് യുണൈറ്റഡില്‍ കളിക്കുന്നത്.

ഖത്തര്‍ വേള്‍ഡ് കപ്പില്‍ അര്‍ജന്റീനയും ഹോളണ്ടും ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏറ്റുമുട്ടിയപ്പോഴാണ് വെഗോസ്റ്റ് ജനശ്രദ്ധ നേടുന്നത്. മത്സരത്തിന് ശേഷം ലയണല്‍ മെസി അപമാനിച്ചുവെന്ന് പറഞ്ഞ് താരം രംഗത്തെത്തിയിരുന്നു. മെസിയെ അഭിനന്ദിക്കാന്‍ ചെന്നപ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ തന്നെ നിരാശപ്പെടുത്തുകയായിരുന്നെന്ന് വെഗോസ്റ്റ് പറഞ്ഞു.

മത്സരത്തില്‍ പകരക്കാരനായി ഇറങ്ങിയ വെഗോസ്റ്റായിരുന്നു നെതര്‍ലന്‍ഡ്സിനായി 2 ഗോളുകള്‍ സ്വന്തമാക്കിയത്. ഇഞ്ച്വറി ടൈമിലെ അവസാന സെക്കന്‍ഡില്‍ വെഗ്ഹോസ്റ്റ് നേടിയ ഗോളിലാണ് കളി എക്സ്ട്രാ ടൈമിലേക്ക് ഹോളണ്ട് നീട്ടിയെടുത്തത്. എന്നാല്‍ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ നെതര്‍ലന്‍ഡ്സിന് പിഴക്കുകയായിരുന്നു.

മൂന്ന് മില്യണ്‍ യൂറോയാണ് വെഗോസ്റ്റിന് യുണൈറ്റഡ് ഇട്ടിരിക്കുന്ന മൂല്യം. നിലവില്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.

Content Highlights: Piers Morgan criticizes Eric Ten Hag and Manchester United

We use cookies to give you the best possible experience. Learn more