കഴിഞ്ഞ ജനുവരിയിലാണ് മോഹവില നല്‍കി പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അല്‍ നസര്‍ ക്ലബ്ബിലെത്തിച്ചത്. താരത്തിന്റെ പ്രവേശനത്തോടെ ചാമ്പ്യന്‍ഷിപ്പ് ട്രോഫികള്‍ തങ്ങളുടെ തട്ടകത്തിലേക്കെത്തിക്കാനാകുമെന്ന ഉദ്ദേശത്തോടെയാണ് അല്‍ ആലാമി റൊണാള്‍ഡോയുമായി സൈനിങ് നടത്തിയത്. എന്നാല്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളിലെ റോണോയുടെ പ്രകടനം അല്‍ നസറിന്റെ പ്രതീക്ഷക്കൊത്തുയര്‍ന്നതായിരുന്നില്ല.
കഴിഞ്ഞ ദിവസം കിങ് കപ്പ് ഓഫ് ചാമ്പ്യന്‍സില്‍ നടന്ന മത്സരത്തില്‍ അല്‍ നസര്‍ തോല്‍വി വഴങ്ങിയിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിന് അല്‍ വെഹ്ദയോടാണ് അല്‍ നസര്‍ തോല്‍വി വഴങ്ങിയത്.
ഇതോടെ കിങ് കപ്പ് ഓഫ് ചാമ്പ്യന്‍സില്‍ നിന്ന് അല്‍ നസര്‍ പുറത്തായിരുന്നു. തൊട്ടുപിന്നാലെ റൊണാള്‍ഡോയെ വിമര്‍ശിച്ച് നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ ക്രിസ്റ്റ്യാനോയെ പിന്തുണച്ച് പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും ടെലിവിഷന്‍ ജേണലിസ്റ്റുമായ പിയേഴ്‌സ് മോര്‍ഗന്റെ വാചകങ്ങള്‍ ശ്രദ്ധനേടുകയാണിപ്പോള്‍.
റൊണാള്‍ഡോ പ്രഗത്ഭനായ കളിക്കാരനാണെന്നും ഫുട്‌ബോളില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ മറക്കരുതെന്നും മോര്‍ഗന്‍ പറഞ്ഞു. പ്രയാസ ഘട്ടങ്ങളിലൂടെ കടന്നുവന്ന റൊണാള്‍ഡോ ലോകത്തെ ഏറ്റവും മികച്ച താരമാണെന്നും അദ്ദേഹം പറഞ്ഞു.
‘വിമര്‍ശിക്കുന്നവര്‍ ഫുട്ബോളിന് വേണ്ടി അദ്ദേഹം ചെയ്തുവെച്ച കാര്യങ്ങള്‍ മറക്കരുത്. കളിക്കളത്തിലും പുറത്തും തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെ കടന്നുപോയ വ്യക്തിയാണ് ക്രിസ്റ്റ്യാനോ. എന്നെ സംബന്ധിച്ച് അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച താരമാണ്,’ മോര്‍ഗന്‍ പറഞ്ഞു.
അതേസമയം, മത്സരത്തിലേറ്റ തോല്‍വിക്ക് പിന്നാലെ അല്‍ നസറില്‍ വലിയ പ്രതിസന്ധിയുണ്ടാകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അറബ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദ് റൊണാള്‍ഡോയുടെ പ്രകടനത്തില്‍ പ്രകോപിതനാണെന്നും ഈ പെര്‍ഫോമന്‍സ് തുടരുകയാണെങ്കില്‍ വരുന്ന സമ്മര്‍ ട്രാന്‍സ്ഫറില്‍ റൊണാള്‍ഡോയെ പുറത്താക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
തൊട്ടുപിന്നാലെ അല്‍ നസര്‍ ക്ലബ്ബിന്റെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ മുസല്ലി അല്‍-മുഅമ്മര്‍, ക്ലബ്ബിന്റെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെച്ചുവെന്ന സൗദി ഗസറ്റ് റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. മുസല്ലി അല്‍-മുഅമ്മര്‍ കായിക മന്ത്രാലയത്തിന് രാജിക്കത്ത് സമര്‍പ്പിച്ചതായി സൗദി ഗസറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരാഴ്ചക്കിടെ തുടര്‍ച്ചയായി രണ്ട് തോല്‍വികള്‍ ഏറ്റുവാങ്ങിയതിന് പിന്നാലെ ആരാധകരുടെ വലിയ സമ്മര്‍ദത്തെ തുടര്‍ന്നാണ് ക്ലബ് മേധാവി രാജിവെക്കുന്നത്. രണ്ട് ദിവസത്തിനകം അല്‍ മുഅമ്മറിന്റെ രാജി അംഗീകരിക്കുകയും നിലവിലെ ഡയറക്ടര്‍ ബോര്‍ഡ് പിരിച്ചുവിടുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.