| Friday, 23rd December 2022, 8:49 am

മാര്‍ട്ടിനെസ് ഇങ്ങനെയൊക്കെ ചെയ്തിട്ടും മെസി മിണ്ടാതിരിക്കുന്നു? വിമര്‍ശനവുമായി പിയേഴ്‌സ് മോര്‍ഗന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പ് ചാമ്പ്യന്മാരായതിന് ശേഷം അര്‍ജന്റീനയുടെ ഗോള്‍ കീപ്പര്‍ എമിലിയോനോ മാര്‍ട്ടിനെസ് ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയെ പരിഹസിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

മികച്ച ഗോള്‍ കീപ്പറിനുള്ള ഗോള്‍ഡന്‍ ഗ്ലൗ ഏറ്റുവാങ്ങിയ വേദിയിലും, ഡ്രസിങ് റൂമിലും തുടര്‍ന്ന് അര്‍ജന്റീനയിലെ വിജയാഘോഷ പരേഡിലും മാര്‍ട്ടിനെസ് എംബാപ്പെയെ അപകീര്‍ത്തിപ്പെടുത്തുകയായിരുന്നു. നിരവധിയാളുകളാണ് മാര്‍ട്ടിനെസിന്റെ പ്രവൃത്തിക്കെതിരെ രംഗത്തെത്തിയത്.

ഇപ്പോള്‍ പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും ടെലിവിഷന്‍ അവതാരകനുമായ പിയേഴ്‌സ് മോര്‍ഗനുമാണ് വിഷയത്തില്‍ പ്രതികരണമറിയിച്ചെത്തിയിരിക്കുന്നത്.  മോര്‍ഗന്‍ അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസിക്കെതിരെയാണ് വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

എന്തുകൊണ്ടാണ് എംബാപ്പെയെ ഇത്രയും കളിയാക്കാനായി എമിലിയാനൊ മാര്‍ട്ടിനെസിനെ അനുവദിക്കുന്നതെന്നും ഒന്നുമല്ലെങ്കിലും എംബാപ്പെയും മെസിയും ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയുടെ സഹതാരങ്ങള്‍ അല്ലേ എന്നുമാണ് മോര്‍ഗന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. അല്‍പത്തരവും അനുകമ്പയില്ലായ്മയുമാണ് ഇവിടെ കാണിക്കുന്നതെന്നും മോര്‍ഗന്‍ ട്വീറ്റില്‍ പറഞ്ഞു.

മാര്‍ട്ടിനെസ് പുരസ്‌കാര വേദിയില്‍ വെച്ച് ഫ്രഞ്ച് താരങ്ങള്‍ക്കെതിരെ അശ്ലീല ആംഗ്യം കാണിച്ചുകൊണ്ടായിരുന്നു തുടക്കം. തുടര്‍ന്ന് ഡ്രസിങ് റൂമില്‍ ജയമാഘോഷിക്കുന്നതിനിടെ എംബാപ്പെയെ പരിഹസിച്ച് മൗനമാചരിച്ചതും വലിയ വിവാദം സൃഷ്ടിച്ചിരുന്നു.

അര്‍ജന്റീനയിലേക്ക് മടങ്ങിയതിന് ശേഷവും മാര്‍ട്ടിനെസിന്റെ രോഷം അടങ്ങുന്നുണ്ടായിരുന്നില്ല. ബ്യൂണസ് അയേഴ്സിലെ വിക്ടറി പരേഡില്‍ എംബാപ്പെയുടെ മുഖമുള്ള കുട്ടി പാവയുമായാണ് എമി പ്രത്യക്ഷപ്പെട്ടത്.

പാവയുടെ മുഖത്തിന്റെ സ്ഥാനത്ത് എംബാപ്പെയുടെ ചിത്രം ഒട്ടിച്ചുവച്ചായിരുന്നു മാര്‍ട്ടിനെസിന്റെ വിവാദ ആഘോഷം. ഇതിനെതിരെയും പ്രതിഷേധം ആളിക്കത്തുകയാണ്.

അതേസമയം അര്‍ജന്റീന-ഫ്രാന്‍സ് ഫൈനല്‍ പോരാട്ടത്തില്‍ ആദ്യ പകുതിയില്‍ അര്‍ജന്റീനയുടെ കരുത്തിന് മുന്നില്‍ ഒന്നും ചെയ്യാനാകാതെ വിയര്‍ക്കുകയായിരുന്നു ഫ്രഞ്ച് പട. എന്നാല്‍, രണ്ടാം പകുതിയില്‍ വളരെയേറെ മെച്ചപ്പെട്ട നിലയിലായിരുന്നു ഫ്രാനസ് കളിച്ചത്.

അര്‍ജന്റീനക്കെതിരെ എംബാപ്പെ തന്നെ രണ്ട് ഗോള്‍ തിരിച്ചടിക്കുകയും കളി എക്സ്ട്രാ ടൈമിലേക്ക് നീട്ടുകയും ചെയ്തിരുന്നു. വീണ്ടും മെസിയിലൂടെ അര്‍ജന്റീന മുന്നിലെത്തിയെങ്കിലും സമനില നേടാന്‍ ഫ്രാന്‍സിനായി. ഒടുവില്‍ ഷൂട്ടൗട്ടിലാണ് അര്‍ജന്റീന വിജയം നേടിയെടുത്തത്.

Content Highlights: Piers Morgan against Lionel Messi

We use cookies to give you the best possible experience. Learn more