ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ വീണ്ടും പിന്തുണച്ച് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ പിയേഴ്‌സ് മോര്‍ഗന്‍. താരത്തിന്റെ കരിയര്‍ ഇനിയും അവസാനിച്ചിട്ടില്ലെന്നും ലോകകപ്പില്‍ അര്‍ജന്റീനയെ തോല്‍പിച്ച ഒരേയൊരു രാജ്യമായ സൗദിയിലെ ക്ലബ്ബിലാണ് താരമിപ്പോള്‍ കളിക്കുന്നതെന്നും മോര്‍ഗന്‍ പറഞ്ഞു.
ഒരു ട്വീറ്റിന് റിപ്ലേയെന്നോണമാണ് പിയേഴ്‌സ് മോര്‍ഗന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കരാര്‍ അവസാനിപ്പിച്ച ശേഷം റൊണാള്‍ഡോ സൗദി ക്ലബ്ബായ അല്‍ നസറിലേക്ക് തട്ടകം മാറ്റിയിരുന്നു. രണ്ട് വര്‍ഷത്തേക്കാണ് താരം അല്‍ നസറുമായി കരാറിലെത്തിയത്.
പ്രതിവര്‍ഷം 200 മില്യണ്‍ യൂറോയാണ് അല്‍ നസറില്‍ താരത്തിന്റെ പ്രതിഫലം. ഇതോടെ ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റുന്ന താരമായും റൊണാള്‍ഡോ മാറിയിരിക്കുകയാണ്.
38ാം വയസിലും റൊണാള്‍ഡോ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ട്രാന്‍സ്ഫര്‍ എന്നായിരുന്നു റൊണാള്‍ഡോയുടെ അല്‍ നസറിലേക്കുള്ള മാറ്റത്തെ മോര്‍ഗന്‍ വിശേഷിപ്പിച്ചത്.
റൊണാള്‍ഡോയുടെ കരിയര്‍ അവസാനിച്ചു എന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിനുള്ള മറുപടിയെന്നോണമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘അവസാനം ഞാന്‍ നോക്കിയപ്പോള്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ട്രാന്‍സ്ഫറില്‍ അദ്ദേഹം ഒപ്പുവെച്ചിരിക്കുകയാണ്. 38ാം വയസില്‍ ലോകത്തിലെ തന്നെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന അത്‌ലീറ്റായി മാറിയിരിക്കുകയാണ്. ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീനയെ തോല്‍പിച്ച ഏക രാജ്യത്തിലാണ് അദ്ദേഹമിപ്പോള്‍ കളിക്കുന്നത്,’ മോര്‍ഗന്‍ ട്വീറ്റ് ചെയ്യുന്നു.
അല്‍ നസറിലെത്തിയ ശേഷം താന്‍ വളരെയധികം എക്സൈറ്റഡ് ആണെന്നും പുതിയ രാജ്യത്ത്, പുതിയ ലീഗിലെ വിശേഷങ്ങള്‍ അനുഭവിച്ചറിയാനുള്ള ആകാംക്ഷയിലാണെന്നുമായിരുന്നു റൊണാള്‍ഡോ ആദ്യമായി പ്രതികരിച്ചത്.
”വ്യത്യസ്തമായൊരു രാജ്യത്ത്, വ്യത്യസ്ത ലീഗില്‍ കളിക്കുമ്പോഴുള്ള പുതിയ എക്സ്പിരിയന്‍സിനായി ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പുതിയ ടീം അംഗങ്ങള്‍ക്കൊപ്പം ജോയിന്‍ ചെയ്ത് ടീമിനെ കൂടുതല്‍ വിജയത്തിലേക്ക് നയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ട്,’ റൊണാള്‍ഡോ പറഞ്ഞു.
യൂറോപ്പിന്റെ രാജകുമാരനായ ക്രിസ്റ്റ്യാനോ ഇതാദ്യമായാണ് യൂറോപ്പിന് വെളിയിലേക്ക് കാലെടുത്ത് വെക്കുന്നത്. റൊണാള്‍ഡോയുടെ വരവോടെ അല്‍ നസര്‍ എന്ന ക്ലബ്ബിനോ സൗദി അറേബ്യ എന്ന രാജ്യത്തിനോ മാത്രമല്ല, മൊത്തം ഏഷ്യന്‍ ഫുട്‌ബോളിന് തന്നെ ലഭിക്കുന്ന ഡ്രൈവിങ് ഫോഴ്‌സ് ചില്ലറയായിരിക്കില്ല.
പ്രതിവര്‍ഷം 200 മില്യണ്‍ യൂറോ പ്രതിഫലമാണ് ക്ലബ്ബിന്റെ വാഗ്ദാനം. കളിക്കാരനെന്ന നിലയില്‍ കരാര്‍ അവസാനിച്ചാല്‍ ടീമിന്റെ പരിശീലകനാവാനും റൊണാള്‍ഡോക്ക് കഴിയും.
ഇതിന് പുറമെ സൗദി അറേബ്യയുടെ അംബാസിഡറായി റൊണാള്‍ഡോയെ നിയമിക്കാനും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. ഈജിപ്ത്, ഗ്രീസ് എന്നീ രാജ്യങ്ങള്‍ക്കൊപ്പം 2030 ലോകകപ്പ് നടത്താനുള്ള സൗദിയുടെ ശ്രമത്തിന്റെ കൂടി ഭാഗമാണ് താരത്തിന്റെ അല്‍ നസര്‍ പ്രവേശനം എന്നും വിവിധ റിപ്പോര്‍ട്ടുകളുണ്ട്.
Content highlight: PIERS MORGAN ABOUT CRISTIANO RONALDO