| Wednesday, 11th October 2023, 8:58 pm

ഇതല്ലേടോ ക്രിക്കറ്റിന്റെ ബ്യൂട്ടി; ചിരിച്ചും കെട്ടിപ്പിടിച്ചും വിരാടും നവീനും; വൈറലായി ചിത്രങ്ങള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ – അഫ്ഗാനിസ്ഥാന്‍ മത്സരത്തേക്കാള്‍ വിരാട് കോഹ്‌ലിയും നവീന്‍ ഉള്‍ ഹഖുമായിരുന്നു ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം. ഐ.പി.എല്ലില്‍ വിരാടുമായി കൊരുത്തതും അതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ‘മാങ്ങ’ പോസ്റ്റുകളുമെല്ലാം ആരാധകരുടെ മനസില്‍ നിറഞ്ഞു നിന്നിരുന്നു.

ദല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തിലെത്തിയ നവീന്‍ ഉള്‍ ഹഖ് വിരാടിന്റെ ഫാന്‍ബേസിന്റെ പവര്‍ തിരിച്ചറിഞ്ഞിരുന്നു. കോഹ്‌ലിയെന്ന വിളികള്‍ മുഴങ്ങിക്കേട്ട സ്‌റ്റേഡിയത്തില്‍ ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ നവീന്റെ മനസും ചെറുതായി ഒന്ന് പിടച്ചുകാണണം. ഐ.പി.എല്ലിലെ സംഭവങ്ങള്‍ ഒന്നും മറക്കാതിരുന്ന ആരാധകര്‍ തങ്ങള്‍ക്കാവുന്ന ഉച്ചത്തില്‍ കോഹ്‌ലിയുടെ പേര് മുഴക്കിക്കൊണ്ടേയിരുന്നു.

എന്നാല്‍ ഇന്ത്യന്‍ ഇന്നിങ്‌സിനിടയില്‍ ഇരുവരും ഗ്രൗണ്ടില്‍ ഒരിക്കല്‍ക്കൂടി നേര്‍ക്കുനേര്‍ വന്നു. എന്നാല്‍ ഐ.പി.എല്ലിലേതുപോലെ പരസ്പരം കടിച്ചുകീറാനായിരുന്നില്ല, മറിച്ച് ചിരിച്ചും കൈകൊടുത്തുമാണ് ഇരുവരും ഗ്രൗണ്ടില്‍ തുടര്‍ന്നത്.

ഇതില്‍പരം ഇനിയെന്ത് വേണം എന്ന മാനസികാവസ്ഥയിലേക്ക് ആരാധകരെ കൊണ്ടുചെന്നെത്തിക്കുന്ന രീതിയിലാണ് ഇരുവരും പരസ്പര ബഹുമാനത്തോടെ പെരുമാറിയത്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും കൊണ്ട് സോഷ്യല്‍ മീഡിയ നിറയുകയാണ്.

ഈ മാച്ചിലെ ഏറ്റവും മനോഹരമായ നിമിഷമായിരുന്നു അത്.

View this post on Instagram

A post shared by ICC (@icc)

അതേസമയം, ഇന്ത്യന്‍ ഇന്നിങ്‌സ് 32 ഓവര്‍ പിന്നിടുമ്പോള്‍ വിരാട് കോഹ്‌ലി 40 റണ്‍സുമായി ക്രീസില്‍ തുടരുകയാണ്. 16 പന്തില്‍ 11 റണ്‍സുമായി ശ്രേയസ് അയ്യരാണ് ഒപ്പമുള്ളത്. 244ന് രണ്ട് എന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് തുടരുന്നത്.

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 273 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്ക് അതിവേഗം ഓടിയെത്തുന്നത്.

84 പന്തില്‍ നിന്നും 16 ബൗണ്ടരിയും അഞ്ച് സിക്‌സറും ഉള്‍പ്പെടെ 131 റണ്‍സാണ് രോഹിത് നേടിയത്. താരത്തിന്റെ ഏഴാമത് ലോകകപ്പ് സെഞ്ച്വറിയും 31ാമത് ഏകദിന സെഞ്ച്വറിയുമാണിത്.

രോഹിത്തിന് പുറമെ 47 പന്തില്‍ 47 റണ്‍സ് നേടിയ ഇഷാന്‍ കിഷന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സ് നേടി. ക്യാപ്റ്റന്‍ ഹസ്മത്തുള്ള ഷാഹിദിയുടെയും സൂപ്പര്‍ താരം അസ്മത്തുള്ള ഒമറാസിയുടെയും ചെറുത്തുനില്‍പാണ് അഫ്ഗാന് മോശമല്ലാത്ത സ്‌കോര്‍ സമ്മാനിച്ചത്. ഇരുവരും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി.

ഇന്ത്യന്‍ നിരയില്‍ ജസ്പ്രീത് ബുംറ പത്ത് ഓവറില്‍ 39 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഹര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റും നേടി. കുല്‍ദീപ് യാദവും ഷര്‍ദുല്‍ താക്കൂറുമാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ സ്വന്തമാക്കിയത്. സൂപ്പര്‍ താരം മുഹമ്മദ് സിറാജിനും സ്റ്റാര്‍ ഓള്‍ റൗണ്‍ര്‍ രവീന്ദ്ര ജഡേജക്കും വിക്കറ്റൊന്നും തന്നെ സ്വന്തമാക്കാന്‍ സാധിച്ചില്ല.

Content Highlight: Pictures of Virat Kohli and Naveen Ul Haq goes viral

We use cookies to give you the best possible experience. Learn more