ഡാര്‍ക്ക് ഡെവിളും കണ്‍മണിയും; തലക്കൊപ്പമുള്ള മഞ്ജുവിന്റെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
Film News
ഡാര്‍ക്ക് ഡെവിളും കണ്‍മണിയും; തലക്കൊപ്പമുള്ള മഞ്ജുവിന്റെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 13th January 2023, 3:44 pm

അജിത്ത്, മഞ്ജു വാര്യര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ തുനിവ് ജനുവരി 11നാണ് റിലീസ് ചെയ്തത്. ചെന്നൈ നഗരത്തിലെ ബാങ്ക് കൊള്ളയുടെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രത്തില്‍ ഗ്യാങ് ലീഡര്‍ വിനായക് മഹാദേവായാണ് (ഡാര്‍ക്ക് ഡെവിള്‍) അജിത്ത് എത്തിയത്. വിനായകിന്റെ പാര്‍ട്ണറായ കണ്‍മണി എന്ന കഥാപാത്രത്തെയാണ് മഞ്ജു ചിത്രത്തില്‍ അവതരിപ്പിച്ചത്. മഞ്ജുവിന്റെ കഥാപാത്രത്തിനും പ്രകടനത്തിനും മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.

അജിത്തിനൊപ്പം മഞ്ജു പങ്കുവെച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ഇരുവരും സംസാരിച്ച് നില്‍ക്കുന്ന ചിത്രങ്ങളാണ് മഞ്ജു പങ്കുവെച്ചത്. വെള്ള നിറത്തിലുള്ള ഷര്‍ട്ടാണ് രണ്ട് പേരും ധരിച്ചിരിക്കുന്നത്. താരത്തെ അഭിനന്ദിച്ചും ആശംസ നേര്‍ന്നും നിരവധി ആരാധകരാണ് കമന്റില്‍ എത്തുന്നത്.

മഞ്ജു സാധാരണ അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി മാസ് ആക്ഷന്‍ മോഡിലാണ് കണ്‍മണി. താരത്തിന്റെ മലയാളം സിനിമ മോശമാകുന്നതിനിടയിലും തമിഴ് സിനിമകള്‍ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന തെരഞ്ഞെടുപ്പിനും അഭിനന്ദനമുയരുന്നുണ്ട്.

എച്ച്. വിനോദ് സംവിധാനം ചെയ്ത തുനിവിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ക്ലൈമാക്‌സ് കുറച്ചുകൂടി മികച്ചതാക്കാമെന്നാണ് ഭൂരിപക്ഷം പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്. എന്നാല്‍ അജിത്ത് പതിവ് പോലെ തന്റെ പ്രകടനം ഗംഭീരമാക്കിയെന്നാണ് പ്രേക്ഷകപ്രതികരണം. മാസും ആക്ഷനും ഡാന്‍സുമെല്ലാം ചേര്‍ത്ത് സ്‌ക്രീനില്‍ തലയുടെ വിളയാട്ടം തന്നെയാണ് നടന്നതെന്നാണ് ആരാധകര്‍ പറയുന്നത്.

നേര്‍കൊണ്ട പാര്‍വൈ, വലിമൈ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അജിത്തും എച്ച്. വിനോദും വീണ്ടും ഒന്നിച്ച ചിത്രമാണ് തുനിവ്. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെന്‍, തെലുങ്ക് നടന്‍ അജയ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നീരവ് ഷാ ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിങും നിര്‍വഹിക്കുന്നു.

Content Highlight: pictures of manju warrier with ajith became viral