| Saturday, 25th July 2020, 11:27 am

'കൊറോണക്കാലത്തെ മുംബൈയിലെ അവയവ തട്ടിപ്പ് സംഘത്തിന്റെ ചിത്രങ്ങള്‍'; വൈറലാകുന്ന ചിത്രത്തിന്റെ സത്യാവസ്ഥ ഇതാണ്...

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഈയടുത്തായി സോഷ്യല്‍മീഡിയയില്‍ കൊറോണസമയത്തെ മുംബൈയിലെ അവയവ തട്ടിപ്പുകാര്‍ എന്ന രീതിയില്‍ കുറച്ച് ഫോട്ടോകള്‍ പ്രചരിക്കുന്നുണ്ട്. മുമ്പ് കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ചില ആരോഗ്യപ്രവര്‍ത്തകരുടെ ചിത്രങ്ങളും ഇത്തരത്തില്‍ തെറ്റായ രീതിയില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അവയവ തട്ടിപ്പു മാഫിയ എന്ന രീതിയില്‍ ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

എന്നാല്‍ വൈറലാകുന്ന ഈ ചിത്രം വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണിപ്പോള്‍.

യഥാര്‍ഥത്തില്‍ അജ്ഞാത മൃതദേഹം സംസ്‌കരിക്കുന്ന എന്‍.ജി.ഒ പ്രവര്‍ത്തകരുടെ ചിത്രമാണിത്. ലക്‌നൗവിലെ ഒരു എന്‍.ജി.ഒ സംഘത്തിന്റെ ഫോട്ടോ ആണ് ഇത്. ദല്‍ഹിയിലെ ഒരു പ്രാദേശിക ലേഖകന്‍ ഈ ഫോട്ടോകള്‍ അവയവ തട്ടിപ്പു സംഘത്തിന്റെത് എന്ന രീതിയില്‍ തെറ്റായി പ്രചരിപ്പിച്ചതാണ് എന്ന് എന്‍.ജി.ഒ അംഗങ്ങള്‍ ബൂംലൈവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

നാല് ചിത്രങ്ങളാണ് കൊറോണക്കാലത്തെ അവയവ തട്ടിപ്പ് സംഘമാണെന്ന് ചിത്രീകരിച്ച് പ്രചരിക്കുന്നത്. വൈദ്യുത ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കാന്‍ നില്‍ക്കുന്ന എന്‍.ജി.ഒ പ്രവര്‍ത്തകരെയും ചിത്രത്തില്‍ കാണാം. സ്ട്രക്ചറില്‍ കിടത്തിയിരിക്കുന്ന മൃതദേഹത്തെ മൂടിയ തുണിയില്‍ രക്തക്കറ പുരണ്ടിട്ടുണ്ട്. ഈ ചിത്രമാണ് മുംബൈയിലെ അവയവ മാഫിയയുടെ യഥാര്‍ഥ ചിത്രങ്ങള്‍ എന്ന് ഹിന്ദി തലക്കെട്ടോടെ പ്രചരിക്കപ്പെടുന്നത്.

‘കൊറോണയുടെ പേരില്‍ അവയവ തട്ടിപ്പ് സംഘം മഹാരാഷ്ട്രയില്‍ വര്‍ധിക്കുന്നു. ചുമയും പനിയും ഉണ്ടായിരുന്ന വ്യക്തിയെ കൊവിഡ് പോസിറ്റീവാണെന്ന് പറഞ്ഞ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ അവയവങ്ങള്‍ എടുത്തശേഷം മൃതദേഹം സംസ്‌കരിക്കാന്‍ ആശുപത്രി അധികൃതര്‍ മുന്നോട്ടുവന്നു. എന്നാല്‍ ബന്ധുക്കള്‍ പരാതിയുമായെത്തിപ്പോഴാണ് കൊറോണയുടെ മറവില്‍ നടക്കുന്ന അവയവ കച്ചവടത്തെ പറ്റി പുറം ലോകം അറിഞ്ഞത്. മഹാരാഷ്ട്രയിലെ കൈരാന എന്ന സ്ഥലത്താണ് ഈ സംഭവം നടന്നത്’ – ഇതാണ് ചിത്രവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശം.

എന്നാല്‍ ആശുപത്രിയുടെ വിവരങ്ങളോ, ആശുപത്രി അധികൃതരുടെ പേരോ പോസ്റ്റില്‍ ഇല്ല. ലക്‌നൗവിലെ എന്‍.ജി.ഒ ആയ ഏക് ദിവ്യ കോശിഷിലെ പ്രവര്‍ത്തകര്‍ മൃതദേഹം സംസ്‌കരിക്കുന്ന ഫോട്ടോയാണ് അവയവ മാഫിയ എന്ന രീതിയില്‍ പ്രചരിക്കപ്പെടുന്നത്. ദല്‍ഹിയിലെ ഒരു ക്രൈം റിപ്പോര്‍ട്ടര്‍ ഓം ശുക്‌ള ആണ് കൊറോണക്കാലത്തെ അവയ മാഫിയയെന്ന രീതിയില്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. പോസ്റ്റുകള്‍ വ്യാജമാണെന്ന് തെളിഞ്ഞതോടെ ഇദ്ദേഹം ഈ ഫോട്ടോകള്‍ തന്റെ വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more