കാക്കയുടെ ചിറകിലേറി പറക്കുന്ന സവര്‍ക്കര്‍; പോസ്റ്റിന് പിന്നാലെ ഐ.ടി മേധാവിക്കെതിരെ ഹിന്ദുത്വവാദികള്‍
national news
കാക്കയുടെ ചിറകിലേറി പറക്കുന്ന സവര്‍ക്കര്‍; പോസ്റ്റിന് പിന്നാലെ ഐ.ടി മേധാവിക്കെതിരെ ഹിന്ദുത്വവാദികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 7th September 2022, 4:35 pm

ചെന്നൈ: സവര്‍ക്കറിന്റെ ചിത്രം പങ്കുവെച്ചതിന് പിന്നാലെ ഡി.എം.കെ ഐ.ടി മേധാവി ടി.ആര്‍.ബി. രാജയ്‌ക്കെതിരെ സൈബര്‍ അറ്റാക്കുമായി ഹിന്ദുത്വവാദികള്‍. സവര്‍ക്കര്‍ കാക്കയുടെ ചിറകിലിരുന്ന് പറക്കുന്ന ചിത്രമാണ് രാജ തന്റെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

പോസ്റ്റ് വിവാദമായതോടെ അദ്ദേഹം ഫോട്ടോ നീക്കം ചെയ്തിരുന്നെങ്കിലും പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

അടുത്തിടെ സവര്‍ക്കര്‍ ബുള്‍ ബുള്‍ പക്ഷിയുടെ ചിറകിലിരുന്ന് ജയിലില്‍ നിന്നും ജന്മനാട് കാണാന്‍ എത്താറുണ്ടെന്ന തരത്തിലുള്ള പാഠഭാഗം പുറത്തുവന്നിരുന്നു. ഇതിനെ പരിഹസിച്ചുകൊണ്ട് രാജ പങ്കുവെച്ച ചിത്രമാണ് ഹിന്ദുത്വവാദികളെ ചൊടിപ്പിച്ചത്.

പക്ഷികളുടെ ചിറകിലിരുന്ന് സവര്‍ക്കര്‍ പറക്കുന്ന ചിത്രം വിവാദമുണ്ടാക്കാനുള്ള മനപ്പൂര്‍വ ശ്രമമാണെന്നാണ് ഹിന്ദുത്വവാദികളുടെ ആരോപണം.

കഴിഞ്ഞ മാസം കന്നഡ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയ പാഠഭാഗമാണ് വലിയരീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നത്.

പാഠഭാഗത്തില്‍ സവര്‍ക്കര്‍ എല്ലാദിവസവും ബുള്‍ബുള്‍ പക്ഷികളുടെ പുറത്ത് കയറി പറക്കുകയും ജന്മനാട്ടിലേക്ക് യാത്രചെയ്യുകയും ചെയ്തിരുന്നു എന്നാണ് പറയുന്നത്. ജയിലില്‍ താക്കോല്‍ദ്വാരം പോലും ഉണ്ടായിരുന്നില്ലെന്നും എന്നിട്ടും ബുള്‍ബുളിനൊപ്പം പറന്ന് നാട് കാണുമെന്നുമായിരുന്നു പാഠഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

”സവര്‍ക്കറെ തടവിലടച്ചിരുന്ന സെല്ലില്‍ ഒരു താക്കോല്‍പഴുതിന്റെ ദ്വാരം പോലും ഉണ്ടായിരുന്നില്ല. എന്നാല്‍ ബുള്‍ബുള്‍ പക്ഷികള്‍ ആ സെല്‍ സന്ദര്‍ശിക്കുമായിരുന്നു.

സവര്‍ക്കര്‍ ഈ ബുള്‍ബുള്‍ പക്ഷികളുടെ ചിറകിലിരുന്ന് പറന്നുപോകുകയും എല്ലാ ദിവസവും തന്റെ മാതൃരാജ്യം സന്ദര്‍ശിക്കുകയും ചെയ്യുമായിരുന്നു,” എന്നാണ് പാഠപുസ്തകത്തിലെ ഒരു പാരഗ്രാഫില്‍ പറയുന്നത്.

”സവര്‍ക്കര്‍ മഹാനായ ഒരു സ്വാതന്ത്ര്യ പോരാളിയായിരുന്നു. അദ്ദേഹത്തെ എത്ര തന്നെ പുകഴ്ത്തി പറഞ്ഞാലും അതെല്ലാം അദ്ദേഹം ചെയ്ത ത്യാഗങ്ങള്‍ക്ക് പകരമാവില്ല,” എന്നാണ് കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാരിന്റെ സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ബി.സി. നാഗേഷ് അന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്.

Content Highlight: picture of Savarkar flying on the wings of crow goes viral in twitter