നയ്‌റോബി: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ കെനിയയിലെ ജലക്ഷാമത്തിന്റെ രൂക്ഷത വെളിപ്പെടുത്തിക്കൊണ്ട് ജിറാഫുകള്‍ ചത്തുകിടക്കുന്ന ചിത്രം. ആറ് ജിറാഫുകളുടെ ജഡങ്ങള്‍ കൂടിക്കിടക്കുന്ന ഏരിയല്‍ ചിത്രമാണ് ക്ഷാമത്തിന്റെ ഭീകരത വിളിച്ചുപറയുന്നത്.
കെനിയയിലെ സബുലി വൈല്‍ഡ്‌ലൈഫ് കണ്‍സര്‍വന്‍സിയുടെ ഭാഗമായ എയ്‌റിബ് ഗ്രാമത്തിലാണ് ജിറാഫുകള്‍ വെള്ളം കിട്ടാതെ മരിച്ചത്.
വെള്ളവും ഭക്ഷണവും കിട്ടാതെ ക്ഷീണിച്ച ജിറാഫുകള്‍ ചെളിയില്‍ കുടുങ്ങിയാണ് മരിച്ചത്. സമീപത്തെ വറ്റിത്തുടങ്ങിയ റിസര്‍വോയറിലേയ്ക്ക് വെള്ളം കുടിക്കാന്‍ വേണ്ടി പോകവെ മണ്ണില്‍ കുടുങ്ങിപ്പോയതാണെന്നാണ് റിപ്പോര്‍ട്ട്.
റിസര്‍വോയറിലെ വെള്ളം മലിനമാകാതിരാക്കാന്‍ ജിറാഫുകളുടെ ജഡം ഇവിടെ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.
കെനിയയില്‍ മനുഷ്യരും മൃഗങ്ങളും ഒരുപോലെ വെള്ളം കിട്ടാതെ വലയുകയാണ്.
ഫോട്ടോജേര്‍ണലിസ്റ്റായ എഡ് റാം എടുത്ത ഈ ജിറാഫുകളുടെ ചിത്രം കെനിയയിലെ പ്രശ്‌നങ്ങളെ ലോകത്തിന് മുന്നില്‍ വീണ്ടും ചര്‍ച്ചാവിഷയമാക്കിയിരിക്കുകയാണ്.
അഞ്ചര കോടിയോളമാണ് കെനിയയിലെ ജനസംഖ്യ. ഇതില്‍ പകുതിയിലധികവും പട്ടിണിയും വരള്‍ച്ചയും നേരിടുകയാണെന്ന് രാജ്യത്തിന്റെ വരള്‍ച്ചാ മാനേജ്‌മെന്റ് അതോറിറ്റി തന്നെ ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ വെളിപ്പെടുത്തിയിരുന്നു.
കെനിയയില്‍ 2.9 മില്യണ്‍ ജനങ്ങള്‍ക്ക് അടിയന്തരമായി സഹായം എത്തേണ്ടതുണ്ടെന്ന് ലോകാരോഗ്യ സംഘടനയും കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
കെനിയയിലെ പല പ്രദേശങ്ങളിലും കഴിഞ്ഞ കുറച്ച് നൂറ്റാണ്ടുകള്‍ താരതമ്യം ചെയ്യുമ്പോള്‍ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് മഴ ലഭിച്ചിരിക്കുന്നത്. വടക്കന്‍ കെനിയയിലാണ് വരള്‍ച്ച ഏറ്റവും രൂക്ഷം.