വാഷിങ്ടൺ: ലാസ് വെഗാസിലെ ട്രംപ് ഇൻ്റർനാഷണൽ ഹോട്ടലിന് പുറത്ത് ഉണ്ടായ ടെസ്‌ല സൈബർട്രക്ക് സ്‌ഫോടനം തീവ്രവാദ പ്രവർത്തനമാണെന്ന് ശതകോടീശ്വരൻ എലോൺ മസ്‌ക് അവകാശപ്പെട്ടു. തങ്ങളുടെ ഇലക്ട്രിക് വാഹനത്തിൻ്റെ രൂപകൽപ്പന സ്ഫോടനത്തിൻ്റെ ആഘാതം കുറയ്ക്കുകയും ഹോട്ടലിന് കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടാവാതെ രക്ഷിച്ചെന്നും മസ്ക് പറഞ്ഞു.
‘ അവർ തീവ്രവാദി ആക്രമണത്തിന് തെറ്റായ വാഹനം തെരഞ്ഞെടുത്തു. സൈബർട്രക്ക് യഥാർത്ഥത്തിൽ സ്ഫോടനം ലഘൂകരിക്കുകയാണ് ചെയ്തത്. കാറിന്റെ രൂപകൽപനയിലെ വ്യത്യസ്തതയാണ് അതിന് സഹായിച്ചത്. ലോബിയുടെ ഗ്ലാസ് വാതിലുകൾ പോലും തകർന്നില്ല,’ മസ്‌ക് എക്‌സിൽ പോസ്റ്റ് ചെയ്തു. സാധാരണ കാറുകളേക്കാള്‍ പതിന്‍മടങ്ങ് സുരക്ഷയുണ്ട് എന്ന് മസ്‌ക് അവകാശപ്പെടുന്ന വാഹനമാണ് സൈബര്‍ട്രക്ക്.
ചൊവ്വാഴ്‌ച രാവിലെ ട്രംപ് ഹോട്ടലിന്‍റെ പ്രധാന കവാടത്തിലെ ഗ്ലാസ് ഡോറിന് മുന്നില്‍ നിര്‍ത്തിയിരുന്ന സൈബർട്രക്കില്‍ നിന്ന് പുകയുയരുകയും പിന്നാലെ പൊട്ടിത്തെറിക്കുകയുമായിരുന്നു.
സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്നാണ് ലാസ് വെഗാസ് പൊലീസ് പറയുന്നത്. ട്രക്ക് ഓടിച്ചിരുന്നയാളാണ് കൊല്ലപ്പെട്ടത്. സ്ഫോടനത്തിന് പിന്നാലെ ഹോട്ടലിലെ മുഴുവന്‍ ആളുകളെയും ഒഴിപ്പിച്ചു.
പെട്രോൾ ബോംബുകളും പടക്കവും കുത്തിനിറച്ചെത്തിയ സൈബർ ട്രക്കാണ് അഗ്നിഗോളമായത്. എന്നാല്‍ സ്ഫോടനത്തില്‍ സൈബര്‍ട്രക്കിന് കാര്യമായ കേടുപാടുകളൊന്നും സംഭവിച്ചില്ലെന്നാണ് വീഡിയോകളും ചിത്രങ്ങളും വ്യക്തമാക്കുന്നത്.
കൊളറാഡോയിൽ നിന്നാണ് സൈബർട്രക്ക് വാടകയ്ക്കെടുത്തിരുന്നത്. കാർ വാടകയ്ക്ക് എടുത്ത ആൾ തന്നെയാണ് കൊല്ലപ്പെട്ടതെന്നാണ് പൊലീസ് വിശദമാക്കുന്നത്. പുതുവർഷ ആഘോഷത്തിനിടെ അമേരിക്കയിലെ ന്യൂ ഓർലീൻസിൽ 15 പേരുടെ ജീവനെടുത്ത അപകടവുമായി ലാസ് വേഗാസിലെ സംഭവത്തിന് ബന്ധമുണ്ടോയെന്ന് കണ്ടെത്താനടക്കമുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് ലാസ് വേഗാസ് പൊലീസ് വിശദമാക്കുന്നു.
Content Highlight: “Picked Wrong Vehicle”: Elon Musk On Cybertruck Explosion Outside Trump Hotel