| Thursday, 16th May 2019, 11:20 am

കമല്‍ഹാസന്റെ വിശ്വരൂപത്തിലുള്ള കണ്ടല്‍ ഭൂമികയിലൂടെ കൊച്ചു യാത്ര

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിബിഡമായ വനാന്തരങ്ങള്‍ക്കുള്ളിലൂടെയൊഴുകുന്ന ഇടുങ്ങിയ ഒരു നദിയിലൂടെ കൊച്ചുവള്ളത്തില്‍ യാത്രചെയ്യുക! അങ്ങനെയൊരു ആഗ്രഹം മനസ്സില്‍ സൂക്ഷിക്കുന്നവര്‍ ഉണ്ടോ, എങ്കില്‍ തീര്‍ച്ചയായും ഒന്ന് സന്ദര്‍ശിക്കേണ്ട സ്ഥലമാണു പിച്ചവരം.
നിത്യഹരിതമായ കണ്ടല്‍ തുരുത്തുകളും അതിനിടയിലൂടെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന ആഴം കുറഞ്ഞ തോടുകളും ചേരുന്നതാണ് പിച്ചാവരം. തമിഴ് നാട്ടിലെ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിന്നും പിച്ചവരം പ്രകൃതി ഭംഗി കൊണ്ടും, ഭൂപ്രകൃതിയുടെ പ്രത്യേകത കൊണ്ടും വ്യത്യസ്തമായിരിക്കുന്നു .
ചിദംബരനാഥ സ്വാമി ക്ഷേത്രത്തില്‍ നിന്നും പതിനാറുകിലോമീറ്റര്‍ മാത്രം ദൂരെയുള്ള മനോഹരമായ തീരത്തിനെത്തേടി എത്തുന്നവര്‍ പൊതുവേ കുറവാണ്. തമിഴ്നാട് ടൂറിസം ഡിപ്പാര്‍ട്ട്മെന്റാണു പിച്ചവരം കണ്ടല്‍ക്കാടുകളിലെ പ്രവേശനം നിയന്ത്രിക്കുന്നത്.

വിശ്വരൂപമടക്കം പല സിനിമകളിലും നമ്മള്‍ ഈ കണ്ടല്‍ വനങ്ങളുടെ വശ്യത കണ്ടിട്ടുള്ളതാണ്. അപ്പോഴൊക്കെ തോന്നിയിട്ടുണ്ടാകില്ലേ ഒന്നവിടെ വരെ പോയാലോ എന്ന്. ഇനി മടിക്കണ്ട ധൈര്യമായി പോകാം, പിച്ചവരം നിങ്ങളെ ഞെട്ടിക്കും തീര്‍ച്ച.
ആയിരത്തി ഒരുനൂറോളം ഹെക്റ്ററില്‍ വ്യാപിച്ച് കിടക്കുന്ന ബൃഹത്തായ പ്രദേശമാണു പിച്ചാവരം കണ്ടല്‍വനങ്ങള്‍. ജൈവസമ്പത്താല്‍ സമൃദ്ധമായ ഇവിടെ, വളരെ വിരളമായ കണ്ടല്‍ വര്‍ഗങ്ങള്‍ വളരുന്നുണ്ട്. പക്ഷി നിരീക്ഷകരെ സംബന്ധിച്ചിടത്തോളം സ്വര്‍ഗമാണു പിച്ചവരം. 177 വര്‍ഗങ്ങളിലുള്ള പക്ഷികള്‍ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ കണ്ടല്‍ വനമായ വെസ്റ്റ് ബംഗാളിലെ സുന്ദര്‍ബന്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ കണ്ടല്‍കാടുകളാണ പിച്ചവരത്തിലേക്ക്.

ചെറുവള്ളങ്ങളിലോ ബോട്ടിലോ കയറി ഒട്ടും ആഴമില്ലാത്ത നദിയിലൂടെ നിങ്ങളെ പ്രകൃതിയുടെ വള്ളിക്കുടിലിലേയ്ക്ക് പോകാം. വള്ളങ്ങള്‍ ആണെങ്കില്‍ കണ്ടല്‍കാടിനുള്ളിലേയ്ക്ക് പ്രവേശിക്കാം.
പലനിരക്കിലുള്ള ടിക്കറ്റുകള്‍ ഉണ്ട്. പോകുന്ന ദൂരം, യാത്രചെയ്യുന്ന സമയം എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണു നിരക്കുകള്‍. നാനൂറു രൂപ മുതല്‍ ആയിരത്തിയഞ്ഞൂറ് രൂപവരെയുള്ള നിരക്കുകള്‍ ഉണ്ട്. കണ്ടല്‍ വനങ്ങള്‍ക്കിടയില്‍ ചെറിയ തുരുത്തുകളുണ്ട്. അവിടെ വേണമെങ്കില്‍ നമുക്കിറങ്ങി വിശ്രമിക്കാം.
പുറം ലോകവുമായി പ്രത്യക്ഷത്തില്‍ വലിയ ബന്ധമില്ലാതെ, നിബിഢമായ കണ്ടല്‍ക്കാടുകള്‍ക്കിടയിലൂടെ, വിവിധങ്ങളായ പക്ഷികളെ നിരീക്ഷിച്ചുകൊണ്ട് വളരെ സാവധാനം ഒരു കുഞ്ഞു വള്ളത്തില്‍ ഏതാനും മണിക്കൂര്‍; പിച്ചാവരം നമുക്ക് കാത്തുവയ്ക്കുന്നതിതാണ്. തുരുത്തുകളും, ചാഞ്ഞ് നില്‍ക്കുന്ന കണ്ടല്‍ മരങ്ങളും, പലതരത്തിലുള്ള പക്ഷികളും, ചെറിയ മണല്‍തിട്ടകളും ഒക്കെ നാഷണല്‍ ജ്യോഗ്രഫിയിലും മറ്റും കണ്ട് ശീലിച്ച കാഴ്ച്ചകളെ അനുസ്മരിപ്പിക്കും.
ലോകത്തിലെ തന്നെ ഏറ്റവും വലിയ കണ്ടല്‍ വനങ്ങളിലെ രണ്ടാമനായ പിച്ചവരത്തിലേയ്ക്ക് പോകാന്‍ ഇനിയും സമയം കളഞ്ഞ് കാത്തിരിക്കണോ, പോകാം കണ്ടല്‍ വീട്ടിലേയ്‌ക്കൊരു അവിസ്മരണീയ യാത്ര.

We use cookies to give you the best possible experience. Learn more