| Wednesday, 30th October 2024, 8:36 am

മുസ്‌ലിം രാജ്യങ്ങളില്‍ വഖഫ് ഇല്ലെന്ന വ്യാജ വിവരം പ്രസിദ്ധപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ നോഡല്‍ ഏജന്‍സിയായ പി.ഐ.ബി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുസ്‌ലിം രാജ്യങ്ങളില്‍ വഖഫ് സ്വത്തുക്കളോ വഖഫ് ബോര്‍ഡുകളോ ഇല്ലെന്ന വിചിത്രവാദവുമായി കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള നോഡല്‍ ഏജന്‍സിയായ പി.ഐ.ബി( പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ).

വഖഫ് ഭേദഗതി നിയമത്തില്‍ രാജ്യത്ത് ചര്‍ച്ചകള്‍ പുരോഗമിച്ച് കൊണ്ടിരിക്കവെയാണ് തെറ്റായ വിവരങ്ങള്‍ പ്രചചരിപ്പിക്കാന്‍ പി.ഐ.ബി ശ്രമിക്കുന്നത്. പുതിയ വഖഫ് ഭേദഗതി നിയമം സംബന്ധിച്ച ചോദ്യത്തിനാണ് തെറ്റായ വിവരം പി.ഐ.ബി അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയത്.

ന്യൂനപക്ഷ വകുപ്പുമായി ബന്ധപ്പെട്ട എക്‌സ്‌പ്ലൈനര്‍ വിഭാഗത്തിലാണ് വഖഫ് ഭേദഗതിയുമായി ബന്ധപ്പെട്ട വിവരങ്ങളുള്ളത്. വഖഫ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്, എങ്ങനെയാണ് വഖഫ് എന്നൊരു സങ്കല്‍പ്പം ഉണ്ടാവുന്നത് എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കൊപ്പം അഞ്ചാമതായാണ് എല്ലാ മുസ്‌ലിം രാജ്യങ്ങള്‍ക്കും വഖഫ് സ്വത്തുക്കളുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുന്നത്.

എന്നാല്‍ എല്ലാ ഇസ്‌ലാമിക രാജ്യങ്ങള്‍ക്കും വഖഫ് സ്വത്തുക്കള്‍ ഇല്ലെന്നാണ് പി.ഐ.ബി  ഉത്തരം നല്‍കിയിരിക്കുന്നത്. ഇസ്‌ലാമിക് രാജ്യങ്ങളായ തുര്‍ക്കി, ലിബിയ, ഈജിപ്ത്, സുഡാന്‍, ലെബനന്‍, സിറിയ, ജോര്‍ദാന്‍, ടുണീഷ്യ, ഇറാഖ് തുടങ്ങിയ ഇസ്‌ലാമിക രാജ്യങ്ങളില്‍ വഖഫ് ഇല്ലന്നാണ് പി.ഐ.ബി പറയുന്നത്. ഇവയ്‌ക്ക് പുറമെ ഇന്ത്യയില്‍, വഖഫ് ബോര്‍ഡുകളാണ് ഏറ്റവും വലിയ ഭൂവുടമകള്‍ എന്നും അവരെ നിയമപരമായി സംരക്ഷിക്കുന്ന  നിയമവും രാജ്യത്ത് ഉണ്ടെന്നും ഉത്തരത്തില്‍ പറയുന്നു.

അതേസമയം പി.ഐ.ബിയുടെ ഈ വാദങ്ങളെ തള്ളിക്കൊണ്ട് ഫാക്ട് ചെക്കിങ് വെബ്‌സൈറ്റായ ആള്‍ട്ട് ന്യൂസ് രംഗത്തെത്തിയിട്ടുണ്ട്. പി.ഐ.ബി അവകാശപ്പെട്ടതുപോലെ തുര്‍ക്കിയില്‍ വഖഫ് ഇല്ലെന്ന വാദം തെറ്റാണെന്നും തുര്‍ക്കിയില്‍ വഖഫ് ഉണ്ടെന്നും സാംസ്‌കാരിക ടൂറിസം മന്ത്രാലയമാണ് ഇത് കൈകാര്യം ചെയ്യുന്നതെന്നും ഈ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫൗണ്ടേഷന്റെ വെബ്സൈറ്റില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഇവയ്ക്ക് പുറമെ ഈജിപ്തില്‍ വഖഫ് എന്നതിന്റെ ഇംഗ്ലീഷായ എന്‍ഡോവ്മെന്റുകള്‍ എന്ന പേരില്‍ ആണ്  ഇത് അറിയപ്പെടുന്നതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

 ഈജിപ്തിന് വഖഫ് സ്വത്തുക്കളും ഉണ്ടെന്നും ആള്‍ട്ട് ന്യൂസ് കണ്ടെത്തുകയുണ്ടായി.

ജോര്‍ദാനില്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ (107) അനുസരിച്ച് വഖഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനായി ഒരു പ്രത്യേക മന്ത്രാലയവും ഉണ്ടെന്നും വെബ്‌സൈറ്റ് കണ്ടെത്തി.

ലെബനന്റെ ഇസ്‌ലാമിക മത അതോറിറ്റിയായ ദാര്‍ അല്‍-ഫത്വ , ലെബനനിലെ എന്‍ഡോവ്മെന്റ് കാര്യങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നതെന്നും ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: PIB, the central government nodal agency, has published false information that there is no waqf in Muslim countries

We use cookies to give you the best possible experience. Learn more