ന്യൂദല്‍ഹി: ദല്‍ഹിയിലെ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ഓഫീസ് അടിച്ചു തകര്‍ത്ത ഹിന്ദുസേന നേതാവ് വിഷ്ണു ഗുപ്തയെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. നേരത്തെ കേരള ഹൗസില്‍ ഗോമാംസം വിളമ്പുന്നുണ്ടെന്ന് വ്യാജപരാതി നല്‍കിയിരുന്നതും ഇയാളായിരുന്നു. ആക്രമണത്തില്‍ പങ്കെടുത്ത ബാക്കിയുള്ളവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണെന്ന് ദല്‍ഹി ഡി.സി.പി ജതിന്‍ നര്‍വാള്‍ പറഞ്ഞു.
ഇന്നലെ ഉച്ചയ്ക്കാണ് ബാരക്കമ്പ റോഡിലുള്ള എയര്‍ലൈന്‍സ് ഓഫീസ് ഹിന്ദുസേന പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തത്. അക്രമികള്‍ ഓഫീസിലെ കപ്യൂട്ടറുകളും ഫര്‍ണിച്ചറുകളും നശിപ്പിച്ചിരുന്നു. ലളിത് സിംഗ് എന്നയാളെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അക്രമികള്‍ ഓഫീസില്‍ പാക് വിരുദ്ധ നോട്ടീസുകള്‍ വിതറിയാണ് കടന്നു കളഞ്ഞത്. തീവ്രവാദത്തിനെതിരെ പാകിസ്ഥാന്‍ നടപടി സ്വീകരിക്കുന്നത് വരെ ചര്‍ച്ച നടത്തരുതെന്നും ദാവൂദ് ഇബ്രാഹീം, ഹാഫിസ് സഈദ് എന്നിവരെ ഇന്ത്യക്ക് വിട്ടു നല്‍കണമെന്നും നോട്ടീസില്‍ എഴുതിയിരുന്നു.
കേരള ഹൗസില്‍ ഗോമാംസം വിളമ്പുന്നുണ്ടെന്നുള്ള വ്യാജ വിവരം നല്‍കിയതിന് കഴിഞ്ഞ ഒക്ടോബറിലാണ് വിഷ്ണു ഗുപ്ത അറസ്റ്റിലായത്.