| Sunday, 1st September 2024, 10:15 pm

ഉത്തരാഖണ്ഡില്‍ രണ്ട് ബി.ജെ.പി നേതാക്കള്‍ക്കെതിരെ ലൈംഗികാതിക്രമ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ലൈംഗികാതിക്രമ ആരോപണത്തെ തുടര്‍ന്ന് രണ്ട് ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസ്. സംസ്ഥാനത്തെ കുമയോണ്‍ മേഖലയില്‍ നടന്ന വ്യത്യസ്ത സംഭവങ്ങളിലാണ് ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുത്തത്.

ഉത്തരാഖണ്ഡ് കോ-ഓപ്പറേറ്റീവ് ഡയറി ഫെഡറേഷന്‍ അഡ്മിനിസ്‌ട്രേറ്റര്‍ മുകേഷ് ബോറ, അല്‍മോറ ജില്ലയിലെ ഉപ്പ് ബ്ലോക്ക് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ഭഗവത് സിങ് ബോറ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇവരില്‍ ഭഗവത് സിങ് ബോറയെ പൊലീസ് അറസ്റ്റ് ചെയ്തു.

ശാരീരികമായി തന്നെ ചൂഷണം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി ബിന്ദുഖട്ടയിലെ വിധവയായ ഒരു സ്ത്രീ മുകേഷ് ബോറക്കെതിരെ പരാതി നല്‍കുകയായിരുന്നു. സ്ഥിരമായ ജോലി വാഗ്ദാനം ചെയ്തുകൊണ്ടാണ് ലൈംഗികമായി അതിക്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു.

2021 നവംബര്‍ 10ന് കേസിനാസ്പദമായ അതിക്രമം നടന്നത്. കാത്‌ഗോഡത്തിലെ ഒരു ഹോട്ടലില്‍ വെച്ച് ബി.ജെ.പി നേതാവ് തന്നെ ബലാത്സംഗം ചെയ്തുവെന്നും വിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി പൊലീസില്‍ മൊഴി നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376, 506 വകുപ്പുകള്‍ പ്രകാരമാണ് ഇരു നേതാക്കള്‍ക്കെതിരെയും പൊലീസ് കേസെടുത്തത്. അതിക്രമങ്ങളില്‍ അന്വേഷണം തുടരുക യാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അറസ്റ്റിലായ ഭഗവത് സിങ്ങിനെ കോടതിയില്‍ ഹാജരാക്കി ജയിലിലേക്ക് അയച്ചതായി എസ്.എസ്.പി ദേവേന്ദ്ര പിഞ്ച പറഞ്ഞു.

അതേസമയം അറസ്റ്റിലായ ഭഗവതിനെ ബി.ജെ.പി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. മുകേഷ് ബോറയെ ഉത്തരാഖണ്ഡ് കോ-ഓപ്പറേറ്റീവ് ഡയറി ഫെഡറേഷന്റെ അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനത്തുനിന്ന് സംസ്ഥാന സര്‍ക്കാര്‍ നീക്കുകയും ചെയ്തു.

പ്രതിപക്ഷമായ കോണ്‍ഗ്രസ് ഭരണകക്ഷിക്കെതിരെ രംഗത്തെത്തിയതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുത്തത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെട്ട എല്ലാ ലൈംഗികാതിക്രമ കേസുകളിലും സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാര്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയും ചെയ്തു.

ഇതിനുപുറമെ പശ്ചിമബംഗാളില്‍ വീണ്ടും ലൈംഗികാതിക്രമങ്ങള്‍ നടന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സാഹചര്യം നിലനില്‍ക്കെയാണ് സംസ്ഥാനത്ത് വീണ്ടും ലൈംഗികാതിക്രമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

പശ്ചിമ ബംഗാളിലെ ബിര്‍ബൂം ജില്ലയിലെ നഴ്സും നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയിലെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുമാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. കടയില്‍ നിന്ന് വരികയായിരുന്ന പെണ്‍കുട്ടിയെ അയല്‍വാസി പീഡിപ്പിക്കുകയായിരുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്.

പരിശോധനക്കിടയില്‍ രോഗിയില്‍ നിന്നുമാണ് നഴ്സിന് അതിക്രമം നേരിടേണ്ടി വന്നത്. ശരീരത്തില്‍ സ്പര്‍ശിക്കുകയും പ്രതികരിച്ചപ്പോള്‍ മോശം വാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപിച്ചുവെന്നും നഴ്സ് പറഞ്ഞു. തുടര്‍ന്ന് നഴ്സിന്റെ പരാതിയില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

Content Highlight: Physical assault case against two BJP leaders in Uttarakhand

We use cookies to give you the best possible experience. Learn more