| Tuesday, 2nd July 2019, 6:30 pm

ഫോട്ടോഷോപ്പുപയോഗിച്ചും കൃത്രിമം; ഹീരാ ഗ്രൂപ്പ് ഉടമ നൗഹീറാ ഷൈഖിനെതിരെ പുതിയ അന്വേഷണം

ഷംസീര്‍ ഷാന്‍

ദുബൈ: നിക്ഷേപകരെ വഞ്ചിച്ച് കോടികള്‍ തട്ടിപ്പ് നടത്തിയതിന്റെ പേരില്‍ ജയിലില്‍ കഴിയുന്ന ഹൈദരബാദ് സ്വദേശി നൗഹീറാ ഷൈഖിന്റെ കൂടുതല്‍ തട്ടിപ്പ് കഥകള്‍ പുറത്ത്. മുന്‍ കേന്ദ്ര വിദേശ കാര്യമന്ത്രിക്കൊപ്പം വേദി പങ്കിടുന്ന ഫോട്ടോ കൃത്രിമമാണെന്ന് പോലീസ് കണ്ടെത്തിയതോടെയാണ് അന്വേഷണം ഇക്കാര്യത്തിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്.

യു.ഇ.യിലെ ബിസിനസ് രംഗത്ത് സ്വാധീനം ചെലുത്തിയ വ്യക്തികളുടെ പ്രൊഫൈലുകള്‍ അടങ്ങിയ കോഫീ ടേബിള്‍ എഡിഷനായ ‘ദ ഇന്ത്യന്‍ സൂപ്പര്‍ 100’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സുഷമാ സ്വരാജില്‍ നിന്നും യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡറെയടക്കം സാക്ഷിയാക്കി പുസ്തകത്തിന്റെ കോപി നൗഹീറാ ഷൈഖ് ഏറ്റുവാങ്ങുന്ന തരത്തിലാണ് ഫോട്ടോ മോര്‍ഫ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ ചടങ്ങ് നടന്നതാണെന്നും യഥാര്‍ത്ഥത്തില്‍ പുസ്തകം ഏറ്റുവാങ്ങിയ വ്യക്തിയെ മാറ്റി ഫോട്ടോ ഷോപ്പിന്റെ സഹായത്തോടെ നൗഹീറാ ഷൈഖിന്റെ ചിത്രം മോര്‍ഫ് ചെയ്ത് ചേര്‍ക്കുകയാണ് ചെയ്തിരിക്കുന്നതെന്നും ‘ദ ഇന്ത്യന്‍ സൂപ്പര്‍ 100’ പ്രസാധകന്‍ ബിജു നൈനാന്‍ അറിയിച്ചു.

ഇക്കാര്യം നേരത്തേ ശ്രദ്ധയില്‍ പെട്ടപ്പോള്‍ ഹീറാ ഗ്രൂപ്പ് ഓഫീസില്‍ ബന്ധപ്പെട്ട് ഇത് നീക്കം ചെയ്യണമെന്ന് അറിയിച്ചെങ്കിലും ആവശ്യം അവഗണിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഗള്‍ഫ് ന്യൂസാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

2018 നവംബറിലാണ് ഈ ഫോട്ടോ ഹീറാ ഗ്രൂപ്പ് നിക്ഷേപകരില്‍ സ്വാധീനം ചെലുത്താനായി വെബ്സൈറ്റിലും മറ്റും ഉപയോഗിച്ചത്. ഇത്തരത്തില്‍ നിരവധി കൃത്രിമങ്ങള്‍ ഹീറാ ഗ്രൂപ്പ് കാണിച്ചിട്ടുണ്ടെന്ന് പലയിടങ്ങളില്‍ നിന്നും പരാതികളും വെളിപ്പെടുത്തലുകളും വരുന്നുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം വ്യാപിപ്പിക്കാനായി വിദേശകാര്യമന്ത്രാലയത്തെ ബന്ധപ്പെട്ടതായും ഹൈദരബാദ് പോലീസ് വ്യക്തമാക്കി. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുളള നിരവധി പേരാണ് ഹീറാ ഗ്രൂപ്പിന്റെ നിക്ഷേപ തട്ടിപ്പിന് ഇരകളായിട്ടുളളത്.

ഷംസീര്‍ ഷാന്‍

We use cookies to give you the best possible experience. Learn more