| Sunday, 27th August 2017, 3:16 pm

'വീണ്ടും ഫോട്ടോഷോപ്പ് ദുരന്തം'; പിണറായിക്കെതിരെ വ്യാജപ്രചരണവുമായി സംഘപരിവാര്‍ ഗ്രൂപ്പുകള്‍; പൊളിച്ചടുക്കി സോഷ്യല്‍മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: രാജ്യത്തിനകത്തും പുറത്തും എന്ത് സംഭവിച്ചാലും ഫോട്ടോഷോപ്പിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും വാദഗതികള്‍ തങ്ങള്‍ക്കനുകൂലമാക്കാനും സംഘപരിവാര്‍ ഗ്രൂപ്പുകള്‍ ശ്രമിക്കാറുണ്ട്. ഫോട്ടോഷോപ്പിലൂടെ വാര്‍ത്തകള്‍ മെനയുന്ന ഇത്തരത്തിലുള്ള സംഘപരിവാര്‍ ഗ്രൂപ്പുകള്‍ കേരളത്തിലും സജീവമാണ്.

എന്നാല്‍ എപ്പോഴൊക്കെ ഫോട്ടോഷോപ്പ് പ്രചരണവുമായി സംഘപരിവാര്‍ ഗ്രൂപ്പുകള്‍ ഇറങ്ങിയിട്ടുണ്ടോ അപ്പോഴൊക്കെ സോഷ്യല്‍മീഡിയ ഇത് പൊളിച്ചടുക്കുകയും ചെയ്തിട്ടുണ്ട്.


Also read:  ബീഫ് ഫെസ്റ്റിവല്‍ നടത്തിയ നാണംകെട്ട മലയാളികളെ ഓര്‍ത്ത് ലജ്ജിക്കുന്നു; ഗുര്‍മീത് റാമിന്റെ പഴയട്വീറ്റ് കുത്തിപ്പൊക്കി പൊങ്കാലയിട്ട് സോഷ്യല്‍മീഡിയ


ആള്‍ദൈവം ഗുര്‍മീത് റാം റഹീം കുറ്റക്കാരനാണെന്ന കോടതി വിധി വന്നതുമുതല്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കലാപം പൊട്ടിപുറപ്പെട്ടിരിക്കുകയാണ് റാം റഹീമിന്റെ ബി.ജെ.പി ബന്ധവും ഇതോടൊപ്പം തന്നെ ചര്‍ച്ചയായിക്കഴിഞ്ഞു. പ്രധാനമന്ത്രി മോദി റാം റഹീമിനെ പുകഴ്ത്തിയിട്ട ട്വീറ്റും സാക്ഷി മഹാരാജിന്റെ പ്രസ്താവനയുമെല്ലാം കേരളത്തിലും ചര്‍ച്ചയായി.

ഇതിനെ പ്രതിരോധിക്കാനെന്നോണം കേരള മുഖ്യമന്ത്രി പിണറായി വിജയന് റാം റഹീമുമായി ബന്ധമുണ്ടെന്ന തരത്തിലാണ് സോഷ്യല്‍മീഡിയയില്‍ വ്യാജചിത്രങ്ങള്‍ പ്രചരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഗുര്‍മീതുമായി ഇരിക്കുന്ന ചിത്രത്തില്‍ ഉമ്മന്‍ചാണ്ടിയെ വെട്ടിമാറ്റിയാണ് പിണറായിയെ ചേര്‍ത്ത് ചിത്രങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്.

ഒറ്റനോട്ടത്തില്‍ തന്നെ തിരിച്ചറിയുന്ന വിധത്തിലുള്ളതാണ് ചിത്രങ്ങള്‍. 2015ല്‍ ദേശീയ ഗെയിംസ് വേദിയില്‍ ഗുര്‍മീത് ഉമ്മന്‍ചാണ്ടിയുമായി വേദി പങ്കിട്ടിരുന്നു. ആ ചിത്രങ്ങളും കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അന്നത്തെ ചിത്രം ദുരുപയോഗം ചെയ്താണ് പുതിയ ഫോട്ടോഷോപ്പ്.

ഉമ്മന്‍ ചാണ്ടിയുടെ തലമുടിയും കൈയ്യിലെ മോതിരവും ഒന്നും മാറ്റാതെയാണ് ഇത്തവണത്തെ ഫോട്ടോഷോപ്പ്. സംഭവം കൈയ്യോടെ പിടികൂടിയ സോഷ്യല്‍ മീഡിയ. “പണി അറിയില്ലേല്‍ പഠിച്ചിട്ട് വരണമെന്ന” തലക്കെട്ടോടെയാണ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്നത്.

We use cookies to give you the best possible experience. Learn more