രക്ഷിക്കണം, 40 ദിവസമായി കുടുങ്ങിക്കിടക്കുകയാണ്; യുഎസ് അതിര്‍ത്തിയിലെ ദുരിതങ്ങള്‍ തുറന്നുപറഞ്ഞ് റോയ്‌റ്റേഴ്‌സ് ചിത്രങ്ങള്‍
ന്യൂയോര്‍ക്ക്: എന്നെങ്കിലും ജീവിതവും ദുരിതയാത്രയും അവസാനിക്കുമെന്ന പ്രതീക്ഷയില്‍ നരകതുല്യമായ ദിവസങ്ങള്‍ കഴിച്ചുകൂട്ടികയാണ് യു.എസ് അതിര്‍ത്തിയില്‍ അവസരം കാത്ത് നില്‍ക്കുന്ന കുടിയേറ്റക്കാര്‍. കുട്ടികളടക്കമുള്ള കുടിയേറ്റക്കാരുടെ സംഘം ഭക്ഷണവും വെള്ളവുമില്ലാതെ വലയുകയാണെന്ന് അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു.
സുരക്ഷാവകുപ്പിന് വേണ്ടി പുറത്തിറക്കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ അഴിക്കുള്ളില്‍ കഴിയുന്നവരുടെയും ഏജന്റുമാരുടെയും ആരോഗ്യാവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ആളുകളുടെ നിയന്ത്രണാതീതമായ അവസ്ഥയെ ടിക്കിങ് ടൈംബോബ് എന്നാണ് റിപ്പോര്‍ട്ടില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
യു.എസ് അതിര്‍ത്തിയില്‍ കുടിയേറ്റക്കാര്‍ക്കെതിരേ നടക്കുന്ന ക്രൂരതകള്‍ വെളിപ്പെടുത്തി ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് അലക്സാന്‍ഡ്രിയ ഒകേസിയോ-കോര്‍ട്ടസും രംഗത്തെത്തിയിരുന്നു. ടെക്സസിലെ കുടിയേറ്റക്കാരെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചതിനു ശേഷമാണ് ഇവിടെ നടക്കുന്ന ക്രൂരതകളെക്കുറിച്ച് അവര്‍ ട്വീറ്റ് ചെയ്തത്.
ഇവിടങ്ങളില്‍ സ്ത്രീകളെ അഴിക്കുള്ളില്‍ത്തന്നെയാണു താമസിപ്പിച്ചിരിക്കുന്നതെന്നും കുട്ടികള്‍ അടക്കമുള്ള എല്ലാ തടവുകാര്‍ക്കും കുടിവെള്ളം നല്‍കാതെ പകരം കക്കൂസ് വെള്ളം കുടിക്കാനാണ് ബോര്‍ഡര്‍ പട്രോള്‍ ഏജന്റുമാര്‍ പറയുന്നതെന്നും അലക്സാന്‍ഡ്രിയ ആരോപിച്ചു. തനിക്കുനേരേ മാനസികവും ശാരീരികവുമായ ഭീഷണികള്‍ ഉദ്യോഗസ്ഥര്‍ ഉയര്‍ത്തിയെന്നും അവര്‍ വെളിപ്പെടുത്തി.
തിങ്കളാഴ്ചയാണ് ദക്ഷിണാതിര്‍ത്തിയില്‍ വ്യാപിച്ചുകിടക്കുന്ന കേന്ദ്രങ്ങള്‍ അവര്‍ സന്ദര്‍ശിച്ചത്. അലക്സാന്‍ഡ്രിയയോടൊപ്പം മറ്റു ചില ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കള്‍ കൂടിയുണ്ടായിരുന്നു.
സ്ത്രീകളെ പാര്‍പ്പിച്ചിരിക്കുന്ന ഒരു സെല്ലില്‍ താന്‍ ബലം പ്രയോഗിച്ച് കയറിയെന്നും അവരോട് സംസാരിച്ചെന്നും അലക്സാന്‍ഡ്രിയ പറഞ്ഞു. തങ്ങളെ ഒരു കാര്യവുമില്ലാതെ ഉറക്കത്തില്‍ നിന്നു വിളിച്ചെഴുന്നേല്‍പ്പിച്ച് അസഭ്യം പറയുന്നത് സ്ഥിരമാണെന്ന് സ്ത്രീകള്‍ പറഞ്ഞു. അവരെ മൃഗങ്ങളെപ്പോലെയാണ് കാണുന്നത്. ഭീകരമാണ് ഈ അവസ്ഥയെന്നും അലക്സാന്‍ഡ്രിയ ആരോപിച്ചു.
ബോര്‍ഡര്‍ പട്രോള്‍ ഉദ്യോഗസ്ഥരുടെ ഒരു ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്ന് തനിക്കു ഭീഷണികള്‍ ഉയരുന്നുണ്ടെന്നും അലക്സാന്‍ഡ്രിയ ആരോപിച്ചു.