| Sunday, 30th January 2022, 7:02 pm

അധികാരത്തിലെത്തിയാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മുഖ്യമന്ത്രിയോ മറ്റു നേതാക്കളോ ഉണ്ടാവില്ല, പകരം അംബേദ്കറും ഭഗത് സിംഗുമായിരിക്കും; പ്രഖ്യാപനവുമായി കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡിഗഢ്: പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അംബേദ്കറിന്റെയും ഭഗത് സിംഗിന്റെയും ചിത്രങ്ങള്‍ സ്ഥാപിക്കുമെന്ന് ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാള്‍.

ഞായറാഴ്ചയായിരുന്നു കെജ്‌രിവാളിന്റെ പ്രഖ്യാപനം. മുഖ്യമന്ത്രിയുടെയോ മറ്റ് രാഷ്ട്രീയപ്രവര്‍ത്തകരുടെയോ ചിത്രം ഇത്തരത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങള്‍ അധികാരത്തിലെത്തിയാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മുഖ്യമന്ത്രിയുടെതോ മറ്റ് രാഷ്ട്രീയക്കാരുടെയോ ചിത്രങ്ങള്‍ സ്ഥാപിക്കില്ലെന്ന് ഞാന്‍ ഉറപ്പു നല്‍കുന്നു. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ബാബാ സാഹേബ് അംബേദ്കറിന്റെയും ശഹീദ് ഭഗത് സിംഗിന്റെയും ചിത്രങ്ങള്‍ സ്ഥാപിക്കും. നമുക്കും അടുത്ത തലമുറയ്ക്കും പ്രചോദനമാകാനാണിത്,’ അദ്ദേഹം പറഞ്ഞു.

Kejriwal urges Delhiites to campaign for his party in poll-bound states | Cities News,The Indian Express

എ.എ.പി അധികാരത്തിലെത്തിയാല്‍ ഡോര്‍സ്റ്റെപ് ഡെലിവറി സര്‍വീസുകളും മൊഹല്ല ക്ലിനിക്കുകളും ആരംഭിക്കുമെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

കെജ്‌രിവാള്‍ സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്ന പദ്ധതികളിലൊന്നാണ് മൊഹല്ല ക്ലിനിക്ക് എന്ന പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍. ഒരു ഡോക്ടര്‍, ഒരു മിഡ് വൈഫ് നേഴ്സ് എന്നിവരാണ് ക്ലിനിക്കില്‍ ഉണ്ടാവുക. സൗജന്യ മെഡിക്കല്‍ സേവനം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് കെജ്‌രിവാള്‍ ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

‘പഞ്ചാബില്‍ ഇത്തരത്തില്‍ 16,000 മൊഹല്ല ക്ലിനിക്കുകള്‍ ഞങ്ങള്‍ സ്ഥാപിക്കും. ആശുപത്രികളെല്ലാം തന്നെ നവീകരിക്കും. ദല്‍ഹിയെ പോലെ തന്നെ പഞ്ചാബും ഇതിന്റെ ഗുണഭോക്താക്കളാവും അദ്ദേഹം പറഞ്ഞു. പഞ്ചാബില്‍ തങ്ങള്‍ അധികാരത്തിലെത്തുകയാണെങ്കില്‍ പുതിയ നികുതി സമ്പ്രദായം ആവിഷ്‌കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതോടൊപ്പം കോണ്‍ഗ്രസ് നേതാവന് സിദ്ദുവിനെതിരെയും ശിരോമണി അകാലി ദള്‍ നേതാവ് ബിക്രം മജിതിക്കെതിരെയും കെജ്‌രിവാള്‍ ആഞ്ഞടിച്ചു. ഇരുവരും ജനങ്ങളുടെ കാര്യം നോക്കാതെ കേവലം രാഷ്ട്രീയം കളിക്കുന്ന ‘രാഷ്ട്രീയ ആനകള്‍’ (Political Elephants) മാത്രമാണെന്നായിരുന്നു കെജ്‌രിവാള്‍ പറഞ്ഞത്.

സിദ്ദു അഴിമതിക്കെതിരെ പോരാട്ടം നടത്താനല്ല ശ്രമിക്കുന്നതെന്നും, പഞ്ചാബിന്റെ മുഖ്യമന്ത്രിയാവുക എന്നത് മാത്രമാണ് സിദ്ദുവിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആം ആദ്മി പാര്‍ട്ടി പഞ്ചാബ് അധ്യക്ഷന്‍ ഭഗവന്ത് മന്നിനെ മുന്‍നിര്‍ത്തിയാണ് എ.എ.പി പഞ്ചാബില്‍ മത്സരത്തിനൊരുങ്ങുന്നത്.

മറ്റേതെങ്കിലും പാര്‍ട്ടിയുമായി ധാരണയില്ലാതെ ഒറ്റയ്ക്കാണ് മത്സരിക്കുന്നതെന്ന് എ.എ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഭഗവന്ത് മന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കര്‍ഷക നേതാക്കളുടെ പാര്‍ട്ടിയുമായി യാതൊരു തരത്തിലുള്ള ധാരണയും പാര്‍ട്ടിക്കില്ലെന്നും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചുകൊണ്ടു തന്നെ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും മന്‍ അറിയിച്ചിരുന്നു.

പഞ്ചാബിന്റെ ഭാവിക്ക് വേണ്ടി വോട്ട് ചെയ്യണമെന്നായിരുന്നു മന്‍ ജനങ്ങളോട് പറഞ്ഞത്. വോട്ട് എന്നത് ശക്തിയേറിയ ഒരു ആയുധമാണെന്നും, അത് ശരിയായ രീതിയില്‍ ഉപയോഗിക്കണമെന്നും മന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

‘തെരഞ്ഞെടുപ്പിന്റെ സമയത്ത് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം കാണിക്കുന്നവരെ കരുതിയിരിക്കണം. യാതൊരു തരത്തിലുള്ള ഭയമോ ആശങ്കയോ അത്യാഗ്രഹമോ ഇല്ലാതെ നിങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കുക,’ മന്‍ പറഞ്ഞു.

117 അംഗങ്ങളുള്ള മന്ത്രിസഭയിലേക്ക് ഫെബ്രുവരി 20നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പഞ്ചാബില്‍ ഭരണം പിടിക്കാനുറച്ചാണ് ഐ.എ.പി മത്സരത്തിനിറങ്ങുന്നത്.

Content Highlight: Photos of only Ambedkar, Bhagat Singh in govt offices if AAP comes to power in Punjab: Kejriwal

We use cookies to give you the best possible experience. Learn more