മുംബൈ: മഹാരാഷ്ട്രയിൽ നിന്ന് ബി.ജെ.പി രാജ്യസഭയിലേക്ക് ഡോ. അജിത് ഗോപ്ച്ചാഡെയെ നാമനിർദേശം ചെയ്തതിന് പിന്നാലെ ബാബരി മസ്ജിദ് പൊളിച്ച കർസേവകരിൽ ഒരാളാണ് ഗോപ്ച്ചാഡെയെന്ന് തെളിയിക്കുന്ന ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി.
ബാബരി മസ്ജിദിന് മുകളിൽ നിൽക്കുന്ന കർസേവകരുടെ കൂട്ടത്തിൽ ഗോപ്ച്ചാഡെയും നിൽക്കുന്ന ഫോട്ടോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലുള്ളത്.
1992ൽ എൽ.കെ. അദ്വാനിയുടെ നേതൃത്വത്തിൽ നടത്തിയ രഥയാത്രയുടെ ഭാഗമായി അയോഗധ്യയിലെത്തുമ്പോൾ അദ്ദേഹത്തിന് 22 വയസായിരുന്നു പ്രായം.
മഹാരാഷ്ട്രയിൽ ബി.ജെ.പിയുടെ വൈസ് പ്രസിഡന്റായ ഗോപ്ച്ചാഡെയുടെ പേര് ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഉയർന്നുകേട്ടിരുന്നു.
തന്നെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്ത തീരുമാനത്തിനു പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി. നദ്ദയുമാണെന്ന് ഗോപ്ച്ചാഡെ പറഞ്ഞു.
ഗോപ്ച്ചാഡെക്ക് പുറമേ അശോക് ചവാൻ, മുൻ എം.എൽ.എ മേധ കുൽകർണി എന്നിവരാണ് മഹാരാഷ്ട്രയിൽ നിന്ന് രാജ്യസഭയിലേക്ക് ബി.ജെ.പിയുടെ നാമനിർദേശം നേടിയത്. ഫെബ്രുവരി 13നാണ് കോൺഗ്രസിൽ നിന്ന് രാജിവെച്ച് അശോക് ചവാൻ ബി.ജെ.പിയിൽ ചേർന്നത്.
CONTENT HIGHLIGHT: Photos Of BJP’s Ajeet Gopchade Atop Babri Masjid During 1992 Demolition Go Viral After His Rajya Sabha Nomination