| Friday, 13th August 2021, 10:01 pm

ആര് കൊന്നുവെന്നല്ല, എന്തുകൊണ്ടാണ് അദ്ദേഹം ഞങ്ങളുമായി സഹകരിക്കാതിരുന്നതെന്ന് ചോദിക്കുക! ഡാനിഷ് സിദ്ദിഖിയുടെ കൊലപാതകത്തെക്കുറിച്ച് താലിബാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത് തങ്ങളോട് സഹകരിക്കാത്തതുകൊണ്ടാണെന്ന് താലിബാന്‍ വക്താവ്.

എന്‍.ഡി.ടി.വി നടത്തിയ അഭിമുഖത്തിലാണ് താലിബാന്റെ രാഷ്ട്രീയ ഓഫീസ് വക്താവ് മുഹമ്മദ് സൊഹൈല്‍ ഷഹീന്റെ പ്രതികരണം.

” ഡാനിഷ് ഞങ്ങളുടെ പോരാളികളാല്‍ കൊല്ലപ്പെട്ടുവെന്ന് നിങ്ങള്‍ക്ക് പറയാന്‍ കഴിയില്ല. എന്തുകൊണ്ടാണ് അദ്ദേഹം ഞങ്ങളുമായി സഹകരിക്കാതിരുന്നതെന്ന് ചോദിക്കുക. ഞങ്ങള്‍ പത്രപ്രവര്‍ത്തകരോട് ഒന്നല്ല പലതവണ പറഞ്ഞു, അവര്‍ ഞങ്ങളുടെ സ്ഥലങ്ങളില്‍ വരുമ്പോള്‍ ഞങ്ങളുമായി സഹകരിക്കുക, ഞങ്ങള്‍ നിങ്ങള്‍ക്ക് സുരക്ഷ നല്‍കുമെന്ന്,” താലിബാന്‍ വക്താവ് പറഞ്ഞു.

ഡാനിഷ് കാബൂളിലെ സുരക്ഷാ സേനയിലാണ് ഉള്‍പ്പെട്ടിരുന്നതെന്നും അത്തരം ഒരു സാഹചര്യത്തില്‍ അവര്‍ സുരക്ഷാ ഉദ്യോഗസ്ഥരാണോ സൈന്യമാണോ കാബൂളിലെ പട്ടാളക്കാരാണോ പത്രപ്രവര്‍ത്തകരാണോ എന്നൊന്നും നോക്കേണ്ട കാര്യമില്ലെന്നും എല്ലാം ഒരുപോലെയാണെന്നും താലിബാന്‍ വക്താവ് പറഞ്ഞു. ഡാനിഷ് വെടിവെപ്പിലാണ് കൊല്ലപ്പെട്ടതെങ്കിലും ആര് നടത്തിയ വെടിവെപ്പിലാണ് കൊല്ലപ്പെട്ടതെന്ന് പറയാന്‍ കഴിയില്ലെന്നും ഇയാള്‍ പറഞ്ഞു.

സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നില്‍ താലിബാന്‍ തന്നെയെന്ന് അഫ്ഗാന്‍ സുരക്ഷാ വിഭാഗം ഔദ്യോഗികമായി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

അഫ്ഗാന്‍ സേനയും താലിബാനും തമ്മില്‍ നടക്കുന്ന ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയില്‍ ജൂലൈ 16നാണ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെടുന്നത്. കാണ്ഡഹാറിലെ സ്പിന്‍ ബോള്‍ഡാക് പ്രവിശ്യയില്‍ വെച്ചായിരുന്നു മരണം.

സ്പിന്‍ ബോള്‍ഡാകിലേക്ക് പോകുന്നതിനിടെ കുറച്ച് ദൂരം പിന്നിട്ടപ്പോള്‍ ഡാനിഷ് സഞ്ചരിക്കുകയായിരുന്ന സേനാവ്യൂഹത്തിന് നേരെ ആക്രമണം നടക്കുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Photojournalist Danish Siddiqui Didn’t Seek Our Nod: Taliban To NDTV

We use cookies to give you the best possible experience. Learn more