ന്യൂദല്‍ഹി: ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്‍സ് യൂണിയന്‍ ഓഫീസില്‍ ആയുധങ്ങള്‍ സൂക്ഷിച്ചുവെച്ചിരിക്കുന്ന ചിത്രങ്ങള്‍ പുറത്ത്. ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്‍സ് യൂണിയന്‍ പ്രസിഡന്റും എ.ബി.വി.പി നേതാവുമായ അമിത് തന്‍വാറും സുഹൃത്തുക്കളും ഈ ഫോട്ടോയിലുണ്ട്.
തന്‍വാറും സുഹൃത്തുക്കള്‍ക്കും മുന്നിലായുള്ള മേശയില്‍ തോക്കുകളും മറ്റ് ആയുധങ്ങളും നിരത്തിവെച്ചിരിക്കുന്ന ഫോട്ടായാണ് വൈറലായത്. തന്‍വാറിന് അരികില്‍ നില്‍ക്കുന്ന വ്യക്തി കൈയില്‍ ഒരു തോക്ക് പിടിക്കുകയും ചെയ്തിട്ടുണ്ട്.
ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്‍സ് യൂണിയന്‍ ഓഫീസില്‍ ഇന്നലെ മുന്‍ എ.ബി.വി.പി നേതാവും അമിത് തന്‍വാറിന്റെ ബന്ധുവുമായ പ്രദീപ് തന്‍വാറിന്റെ സ്മരണാര്‍ത്ഥം ഒരു ചടങ്ങ് സംഘടിപ്പിച്ചിരുന്നു.
ഈ ചടങ്ങിന് ശേഷം പുറത്ത് വന്ന ഫോട്ടോയിലാണ് ആയുധങ്ങള്‍ കണ്ടത്. തന്‍വാര്‍ തന്നെയായിരുന്നു തന്റെ ഫേസ്ബുക്ക് പേജില്‍ ഫോട്ടോ ഷെയര്‍ ചെയ്തത്. എന്നാല്‍ സംഗതി വിവാദമായതോടെ ഫോട്ടോ ഒഴിവാക്കുകയായിരുന്നു.
യൂണിവേഴ്‌സിറ്റി നിയമപ്രകാരം യാതൊരു ആയുധങ്ങളും കാമ്പസിനകത്തോ കോളേജ് യൂണിയന്‍ ഓഫീസിനകത്തോ പ്രവേശിപ്പിക്കാന്‍ പാടില്ലെന്നാണ്.
Dont Miss മുഖ്യമന്ത്രിയുടെ മംഗലാപുരം പ്രസംഗത്തില്‍ അഭിമാനിക്കുന്നു: പി.സി ജോര്‍ജ്ജ്
അതേസമയം യു.പിയിലെ ഒരു രാഷ്ട്രീയനേതാവിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഏല്‍പ്പിച്ച ആയുധങ്ങളാണ് ഇവയെന്നും തോക്ക് തന്റേതല്ലെന്നും തന്‍വാര്‍ പ്രതികരിച്ചു.
അതേസമയം ഓഫീസില്‍ ആയുധങ്ങള്‍ സൂക്ഷിച്ച എ.ബി.വി.പിക്കെതിരെ പ്രതിഷേധവുമായി വിവിധ വിദ്യാര്‍ത്ഥി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ദല്‍ഹി യൂണിവേഴ്‌സിറ്റി ക്യാമ്പസിനകത്തെ ഓഫീസില്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുക്കുന്നത് ആദ്യത്തെ സംഭവമാണെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും എന്‍.എസ്.യു.ഐ നാഷണല്‍ സെക്രട്ടറി വിവേകാനന്ദ പഥക് പറഞ്ഞു.