തട്ടേക്കാട്: അപൂർവയിനം പക്ഷികളെ കാണാനും അവയുടെ ചിത്രങ്ങൾ എടുക്കാനും നിരവധി പേരാണ് കോതമംഗലത്തുള്ള തട്ടേക്കാട് പക്ഷി സങ്കേതത്തിലേക്ക് എത്തുന്നത്. എന്നാൽ പലപ്പോഴും ഇവിടുത്തെ ജനബാഹുല്യം കൊണ്ട് പക്ഷികൾ പലതും മറ്റിടങ്ങളിലേക്ക് പോകാറുണ്ട്. ഇങ്ങനെയൊരു സമയത്താണ് തട്ടേക്കാട് പക്ഷിസങ്കേതത്തിലെ ഫോട്ടോഗ്രാഫറായ സുധീഷ് തട്ടേക്കാട് പക്ഷി നിരീക്ഷണത്തിനും ഫോട്ടോ എടുക്കുന്നതിനായി ഇവിടെയുള്ള ഒരു ഗുഹയ്ക്ക് മുന്നിലെത്തുന്നത്.
സുധീഷ് അവിടെയെത്തിയപ്പോൾ അസ്വസ്ഥരായി ഗുഹയ്ക്ക് മുന്നിൽ ഏതാനും വിദേശികൾ നിൽക്കുന്നതാണ് കണ്ടത്. ഇവരെ അങ്ങോട്ടേക്ക് കൊണ്ട് വന്ന ടാക്സി, ഓട്ടോ ഡ്രൈവർമാരോട് സുധീഷ് കാര്യം തിരക്കി. വിദേശികൾ പക്ഷികളുടെ ചിത്രങ്ങളെടുക്കാനും അവയെ കുറിച്ചറിയുന്നതിനുമായാണ് ഗുഹയുടെ ഭാഗത്തേക്ക് വന്നത്.
എന്നാൽ ആൾക്കാരുടെ തിരക്ക് കാരണം, പക്ഷികൾ ഒന്നും ഗുഹയുടെ ഭാഗത്തേക്ക് അടുക്കുന്നില്ല. ഇതിൽ ക്ഷോഭം അടക്കാനാവാതെയാണ് വിദേശികൾ പ്രതികരിച്ചത്. വിദേശികളുടെ സങ്കടം കേട്ട സുധീഷ് ഒരു പണിയൊപ്പിക്കാൻ തീരുമാനിച്ചു. ഗുഹക്ക് മുന്നിൽ ഒരു കല്ല് വെച്ച് അതിനു മുൻപിൽ ഒരു വട്ടയിലയും, അതിൽ ഏതാനും രൂപയും കുറച്ച് പൂവും വെച്ചു. പിന്നീട് നടന്നത് സുധീഷിനെ ഞെട്ടിച്ച സംഭവങ്ങൾ നടന്നത്. വട്ടയിലയും കല്ലും പണവും കണ്ട ആൾക്കാർ, സംഭവം എന്തോ പ്രതിഷ്ഠയോ, വിഗ്രഹമോ ആണെന്ന് തെറ്റിദ്ധരിച്ച് കാണിക്ക വെക്കാനും പ്രാർത്ഥിക്കാനും തുടങ്ങി.
അതുപോലെ പ്രാർത്ഥിക്കാൻ എത്തിച്ചേർന്ന ഒരു ആന്ധ്രാക്കാരി സുധീഷിനോട് കാര്യം എന്താണെന്ന് ചോദിച്ചപ്പോൾ സുധീഷിന്റെ മറുപടി. “അത് പരശുരാമന്റെ പ്രതിഷ്ഠയാണ്!”. വൈകിട്ടോടെ ഇങ്ങനെയുള്ള ഭക്തർ സുധീഷിന് സമ്പാദിച്ച് തന്നത് 374 രൂപയാണ്! അതോടൊപ്പം തന്നെ സുധീഷിന്റെ ഫേസ്ബുക്ക് കുറിപ്പും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
സുധീഷിന്റെ ഫേസ്ബുക് പോസ്റ്റ്:
ഇന്ന് ഒരു ഗുഹയ്ക്ക് മുന്നിലായിരുന്നു പക്ഷി നിരീക്ഷണം മൂന്നു മണിയ്ക്കേ ഗുഹയ്ക്ക് മുന്നിൽ നിലയുറപ്പിച്ചതാണ്. കുറേ വെള്ളക്കാർ ഗുഹയ്ക്കകത്തേക്ക് നോക്കി നിൽക്കുന്നത് കണ്ട് ധാരാളം ടാക്സികൾ വന്ന് നിർത്തുന്നു. എന്താണെന്ന ആകാംഷയിൽ അവർ ഹിന്ദിയിലും തമിഴിലും ചോദിക്കുന്നു. ചിലർക്ക് ഗുഹയ്ക്കുള്ളിൽ കയറണം, മറ്റു ചിലർക്ക് ഗുഹയുടെ മുന്നിൽ കയറി ഫോട്ടോ എടുക്കണം. പക്ഷികൾ ഗുഹക്കു മുന്നിലെ വെള്ളത്തിൽ കുളിക്കുന്നില്ല ആളുകളുടെ ബാഹുല്യം കൂടിയത് കൊണ്ട്. സായിപ്പൊക്കെ കലിച്ച് നിൽക്കുന്നു. എന്താണൊരു വഴി.പിന്നെ ചെയ്തതാണ് ചിത്രത്തിൽ കാണുന്നത് ഒരു കല്ലെടുത്ത് കുത്തിവെച്ചു വട്ടയിലയിൽ കുറച്ച് കൊങ്ങിണിപ്പൂവും ഉമ്മത്തിന്റെ പൂവും വെച്ചു. പന്ത്രണ്ട് രൂപ നേർച്ചയുമിട്ടു, പിന്നെ എന്നെ അതിശയിപ്പിക്കുന്ന സംഭവങ്ങളായിരുന്നു. ഒരാന്ത്രക്കാരി 120 രൂപയിട്ട് അഞ്ച് ഏത്തമിട്ടിട്ട് ഏന്നോട് ഈ പ്രതിഷ്ട ഏതാണെന്ന് ചോദിച്ചു. പെട്ടന്ന് വായിൽ വന്നത് പരശുരാമൻ തപസിരുന്ന സ്ഥലമാണെന്നാണ്. എന്തിനു പറയണു4.30 മുതൽ 6 മണി വരെ ഭണ്ഡാരം വരവ് 374 രൂപ.
4 രൂപാ രാമനും കൊടുത്തു 370 രൂപ ഞാനുമെടുത്തു.
NB ഞാൻ പ്രതിഷ്ഠിച്ചത് എന്റെ പരശുരാമനെയാണ്.