ലണ്ടന്‍: കഴിഞ്ഞ ദിവസം ലോക ജനതയെ ഞെട്ടിച്ച സംഭവമായിരുന്നു ലണ്ടനില്‍ ബ്രിട്ടീഷ് പാര്‍ലമെന്റിനു പുറത്തു നടന്ന ഭീകരാക്രമണം. ഭീകരണാക്രമണത്തില്‍ പരുക്കേറ്റു കിടക്കുന്ന വ്യക്തിക്കരികിലൂടെ ഫോണില്‍ നോക്കി കൊണ്ട് കടന്നുപോകുന്ന തട്ടമിട്ട മുസ്‌ലിം യുവതിയുടെ ചിത്രം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. യുവതിയ്‌ക്കെതിരെ വംശീയാധിക്ഷേഭവുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ യുവതിയ്ക്ക് പിന്തുണയുമായി ആ ഫോട്ടോ പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
Muslim woman pays no mind to the terror attack, casually walks by a dying man while checking phone#PrayForLondon #Westminster #BanIslam pic.twitter.com/B83Jwno65t
— Texas Lone Star (@SouthLoneStar) March 22, 2017
പരുക്കേറ്റു കിടക്കുന്നയാളേയും അയാളെ പരിചരിക്കുന്ന മെഡിക്കല്‍ സംഘത്തേയും അവഗണിച്ചു കൊണ്ടല്ല യുവതി അതുവഴി കടന്നു പോയതെന്നായിരുന്നു ഫോട്ടോഗ്രാഫറായ ജാമി ലാറിമാന്‍ പറയുന്നത്. മറിച്ച് യുവതി അതീവ ദുഖിതയായിരുന്നുവെന്നും അവരുടെ മുഖത്ത് ഭീതി നിഴലിച്ചിരുന്നുവെന്നുമാണ് ലാറിമാന്‍ പറയുന്നത്.
ആക്രമണത്തില്‍ ഭയന്നരണ്ട യുവതിയുടെ കൂടുതല്‍ ചിത്രങ്ങള്‍ താന്‍ എടുത്തിട്ടുണ്ടെന്നും അതില്‍ നിന്നും ഇപ്പോള്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് മനസിലാക്കാന്‍ സാധിക്കുമെന്നും ലാറിമാന്‍ പറയുന്നു. കൂടുതല്‍ ചിത്രങ്ങള്‍ അദ്ദേഹം പുറത്തു വിടുകയും ചെയ്തിട്ടുണ്ട്.
ഇപ്പോള്‍ പുറത്തു വിട്ട ചിത്രങ്ങളില്‍ യുവതിയുടെ കണ്ണുകളില്‍ ഭയം നിറഞ്ഞാടുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. ഫോണിലേക്ക് തല കുനിച്ച് നോക്കുന്ന യുവതിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നതെന്നും എന്നാല്‍ അതിന് തൊട്ടടുത്ത നിമിഷം പകര്‍ത്തിയ ചിത്രത്തില്‍ ആ യുവതിയുടെ വേദന മുഴുവനുമുണ്ടെന്നും ലാറിമാന്‍ പറയുന്നു.
യുവതി അകാരണമായി സോഷ്യല്‍ മീഡിയയുടെ ആക്രമണത്തിന് പാത്രമായി മാറിയതില്‍ തനിക്ക് അതിയായ ദുഖമുണ്ടെന്നും ഫോട്ടോഗ്രാഫര്‍ പറഞ്ഞു. അടിസ്ഥാനരഹിതമാണ് ഈ ആക്രമണങ്ങളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസമായിരുന്നു ബ്രിട്ടീഷ് പാര്‍ലമെന്റിനു പുറത്ത് ഭീകരന്റെ ആക്രമണമുണ്ടാകുന്നത്. 52 കാരനായ ബ്രിട്ടീഷ് പൗരന്‍ ഖാലിദ് മസൂദാണ് ആക്രമണം നടത്തിയത്. ദീര്‍ഘനേരത്തെ വെടിവെപ്പിനൊടുവില്‍ പൊലീസ് ഇയാളെ വധിച്ചിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം പിന്നീട് ഐ.എസ് ഏറ്റെടുത്തിരുന്നു.