| Tuesday, 22nd December 2020, 9:22 am

'കഴുത്തില്‍ നഖം കൊണ്ട് മുറിഞ്ഞ പാടുകളുണ്ടായിരുന്നു, എടുത്ത ചിത്രങ്ങളില്‍ നാലെണ്ണം നശിപ്പിക്കപ്പെട്ടു'; അഭയാ കേസില്‍ ഫോട്ടോഗ്രാഫര്‍ വര്‍ഗീസ് ചാക്കോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സിസ്റ്റര്‍ അഭയയുടെ കൊലപാതകക്കേസില്‍ കോടതി ഇന്ന് വിധി പറയാനിരിക്കെ വെളിപ്പെടുത്തലുമായി കേസിലെ ഏഴാം സാക്ഷിയും ഫോട്ടോഗ്രാഫറുമായ വര്‍ഗീസ് ചാക്കോ. അഭയയുടെ കഴുത്തില്‍ നഖം കൊണ്ടു മുറിഞ്ഞ പാടുകള്‍ ഉണ്ടായിരുന്നെന്നാണ് ചാക്കോ പറഞ്ഞത്.

അഭയ കേസില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് ഫോട്ടോ എടുത്തത് വര്‍ഗീസ് ചാക്കോയാണ്.

താന്‍ ആകെ എടുത്തത് പത്ത് ഫോട്ടോകളാണെന്നും എന്നാല്‍ അതില്‍ നാല് ഫോട്ടോകള്‍ നശിപ്പിക്കപ്പെട്ടെന്നും ചാക്കോ പറയുന്നു.

‘മൃതദേഹത്തിന്റെ നാല് ക്ലോസ് അപ്പ് ഫോട്ടോകളെടുക്കുമ്പോള്‍ സിസ്റ്റര്‍ അഭയയുടെ കഴുത്തില്‍ നഖം കൊണ്ട് മുറിഞ്ഞ പാടുകളുണ്ടായിരുന്നു. അന്ന് പത്ത് ഫോട്ടോകളെടുത്തു. അതില്‍ ആറെണ്ണം മാത്രമാണ് സി.ബി.ഐ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്,’ വര്‍ഗീസ് ചാക്കോ പറഞ്ഞു.

എടുത്ത ഫോട്ടോകളില്‍ നാലെണ്ണം ആദ്യം കേസന്വേഷിച്ച ഉദ്യോഗസ്ഥരാണ് നശിപ്പിച്ചിതെന്നും വര്‍ഗീസ് ചാക്കോ പറയുന്നു.

‘സാക്ഷിമൊഴി പറയുമ്പോഴും എന്നെ ഫോട്ടോകള്‍ കാണിച്ചിരുന്നു. ഞാനെടുത്ത നാലു ഫോട്ടോകള്‍ അതില്‍ ഉണ്ടായിരുന്നില്ല. അഭയയുടെ മൃതദേഹം വസ്ത്രങ്ങളെല്ലാം മാറ്റി ഒരു പുല്‍പായയില്‍ ഒരു ബെഡ്ഷീറ്റുകൊണ്ട് മൂടിയിരിക്കുകയായിരുന്നു. ഫോട്ടോഗ്രാഫര്‍ വരാതെ വേഷം മാറ്റാന്‍ നിയമമില്ല. തലയുടെ പിറകില്‍ ആഴത്തില്‍ മുറിവുണ്ടായിരുന്നു. അത് പൊലീസുകാര്‍ ഫോട്ടോ എടുപ്പിച്ചില്ല. മൃതദേഹത്തിന്റെ മുന്‍ഭാഗം മാത്രമേ എടുത്തിട്ടുള്ളു,’ വര്‍ഗീസ് ചാക്കോ പറയുന്നു.

അഭയ കേസില്‍ മൂന്നാം സാക്ഷി അടയ്ക്കാ രാജുവും വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരുന്നു.
അഭയയെ കൊന്നത് താനാണെന്ന് വരുത്തി തീര്‍ക്കാന്‍ ക്രൈംബ്രാഞ്ച് ശ്രമിച്ചെന്നും ക്രൂരമായ മര്‍ദ്ദനത്തിന് വിധേയമാക്കിയെന്നും അടയ്ക്കാ രാജു പറഞ്ഞിരുന്നു.

1992 മാര്‍ച്ച് 27നാണ് സിസ്റ്റര്‍ അഭയ കൊലപ്പെട്ടത്. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി വരുന്നത്.

മൂന്നാം പ്രതിയായ സിസ്റ്റര്‍ സെഫിയും ഒന്നാം പ്രതിയായ ഫാ. തോമസ് കോട്ടൂരും തമ്മില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് അഭയ കാണാന്‍ ഇടയായെന്നും വിവരം പുറത്തു പറയാതിരിക്കാനാണ് പ്രതികള്‍ അഭയയെ കൊന്നതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു.

പഠിക്കാനായി പുലര്‍ച്ചെ ഉണര്‍ന്ന അഭയ കോണ്‍വെന്റിലെ അടുക്കളയിലെ ഫ്രിഡ്ജില്‍ നിന്നും വെള്ളം കുടിക്കുന്നതിനായി പോയപ്പോഴാണ് അടുക്കളയോട് ചേര്‍ന്ന മുറിയില്‍ പ്രതികളെ കണ്ടത്.

കൊലപാതകം നടന്നുവെന്നതിന്റെ ശക്തമായ തെളിവുകളും സാക്ഷി മൊഴികളും കോടതിക്ക് മുമ്പില്‍ ഉണ്ടെന്ന് സി.ബി.ഐ പ്രോസിക്യൂട്ടര്‍ വാദിച്ചിരുന്നു.

അഭയ കൊല്ലപ്പെട്ട ദിവസം പുലര്‍ച്ചെ പ്രതികള്‍ കോണ്‍വെന്റിന്റെ ടെറസിന് മുകളിലേക്ക് കയറിപോവുന്നതായി കണ്ടുവെന്ന് മൂന്നാം സാക്ഷി അടയ്ക്ക രാജു സി.ബി.ഐ കോടതിയില്‍ മൊഴി നല്‍കിയ കാര്യവും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഫാ. തോമസ് കോട്ടൂര്‍ കുറ്റസമ്മതം നടത്തിയതായി ആറാം സാക്ഷി വേണുഗോപാല്‍ മൊഴി നല്‍കിയ കാര്യവും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Photographer and Witness  Chacko in Abhaya case shares experience

We use cookies to give you the best possible experience. Learn more