|

അനുമതിയില്ലാതെ സിനിമയില്‍ ഫോട്ടോ ഉപയോഗിച്ചു; പ്രിയദർശൻ അടക്കമുള്ളവർ നഷ്ടപരിഹാരം നല്‍കണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചാലക്കുടി: ഒപ്പം സിനിമയില്‍ അനുവാദമില്ലാതെ ഫോട്ടോ ഉപയോഗിച്ചെന്ന അധ്യാപികയുടെ പരാതിയില്‍ സിനിമയുമായി ബന്ധപ്പെട്ടവര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി. ചാലക്കുടി മുന്‍സിഫ് കോടതിയുടേതാണ് വിധി.

സിനിമയുടെ സംവിധായകനായ പ്രിയദര്‍ശന്‍, നിര്‍മാതാവായ ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി വിധിയില്‍ പറയുന്നത്. നഷ്ടപരിഹാരവും കോടതി ചെലവും അടക്കം 1.68 ലക്ഷം രൂപയാണ് സിനിമയുടെ അണിയറക്കാര്‍ നല്‍കേണ്ടത്.

കൊടുങ്ങല്ലൂര്‍ അസ്മാബി കോളേജിലെ അധ്യാപികയായ പ്രിന്‍സി ഫ്രാന്‍സിസിന്റെ പരാതിയിലാണ് നടപടി. ബ്ലോഗില്‍നിന്ന് തന്റെ ഫോട്ടോ ഡൗണ്‍ലോഡ് ചെയ്ത് അനുവാദമില്ലാതെ ഉപയോഗിച്ചത് മാനസിക വിഷമത്തിന് കാരണമായെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അധ്യാപിക പരാതി.

കൊരട്ടി പൊലീസിലാണ് അധ്യാപിക പരാതിപ്പെട്ടത്. എന്നാല്‍ പൊലീസ് കേസെടുത്തിരുന്നില്ല. തുടര്‍ന്ന് 2017ല്‍ അധ്യാപിക ചാലക്കുടി കോടതിയില്‍ പരാതി നല്‍കി. സിനിമയുടെ അസി. ഡയറക്ടര്‍ മോഹന്‍ദാസിനെയും ഉള്‍പ്പെടുത്തിയാണ് അധ്യാപിക പരാതി നല്‍കിയത്.

ഇതിനുപിന്നാലെയാണ് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അധ്യാപികയ്ക്ക് നീതി ലഭിച്ചത്. സിനിമയില്‍ നിന്ന് തന്റെ ചിത്രം വരുന്ന ഭാഗങ്ങള്‍ മാറ്റാന്‍ അധ്യാപിക ആവശ്യപ്പെട്ടിരുന്നെങ്കിലും അണിയറക്കാര്‍ ഈ ആവശ്യം നിഷേധിക്കുകയാണ് ചെയ്തത്.

സിനിമയിലുള്ളത് അധ്യാപികയുടെ ചിത്രമല്ല എന്നായിരുന്നു അണിയറക്കാരുടെ വാദം. എന്നാല്‍ ഇപ്പോള്‍ അധ്യാപികയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവിട്ടിരിക്കുകയാണ്. അതേസമയം സിനിമയില്‍ നിന്ന് പ്രിന്‍സിയുടെ ചിത്രം വരുന്ന ഭാഗങ്ങള്‍ ഇപ്പോഴും മാറ്റിയിട്ടില്ല.

പ്രിയദര്‍ശന്റെ സംവിധാനത്തില്‍ 2016ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഒപ്പം. സിനിമയുടെ 29ാം മിനിറ്റില്‍ പൊലീസ് ക്രൈം ഫയല്‍ മറിക്കുമ്പോള്‍ ക്രൂരമായി കൊല്ലപ്പെട്ട യുവതിയുടെ ഫോട്ടോ എന്ന നിലയിലാണ് പ്രിന്‍സി ഫ്രാന്‍സിസിന്റെ ഫോട്ടോ ഉപയോഗിച്ചിരിക്കുന്നത്.

എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ആന്റണി പെരുമ്പാവൂരിനെതിരായ വിധി. എമ്പുരാന്റെ നിര്‍മാതാക്കളില്‍ ഒരാളാണ് ആന്റണി പെരുമ്പാവൂര്‍.

Content Highlight: Photo used in film without permission; ‘Oppam’ crew including Priyadarshan must pay compensation

Video Stories