| Tuesday, 8th January 2019, 7:06 pm

ആലപ്പാട്; ഭൂപടത്തില്‍ നിന്ന് അപ്രത്യക്ഷമാകുന്ന ഒരു ഗ്രാമം

പ്രതീഷ് പ്രസാദ്

പ്രളയജലമിരച്ചുകയറിയ കൂരകളില്‍ നിന്ന് നിസ്സഹായരായ മനുഷ്യരുടെ നിലവിളികളുയര്‍ന്നപ്പോള്‍, രണ്ടാമതൊന്നാലോചിക്കാന്‍ നില്‍ക്കാതെ വള്ളങ്ങളുമായി കുതിച്ചിറങ്ങിയവരാണ് ആലപ്പാട്ടെ മത്സ്യത്തൊഴിലാളികള്‍. കരിമണല്‍ ഖനനം മൂലം കടലെടുത്തുകൊണ്ടിരിക്കുന്ന നാടിനെ വീണ്ടെടുക്കാന്‍ ഈ തൊഴിലാളി കുടുംബങ്ങള്‍ നടത്തിവരുന്ന സമരം നാടിന്റെ ശ്രദ്ധയാകര്‍ഷിക്കുകയാണ്. ഖനനമാഫിയകള്‍ തകര്‍ത്തുകളഞ്ഞ ഒരു തീരഗ്രാമത്തിന്റെയും അവിടുത്തെ മനുഷ്യജീവിതങ്ങളുടെയും ചിത്രങ്ങളാണ് ചുവടെ…

കൊല്ലം ജില്ലയിലെ നീണ്ടകരയ്ക്കും ആലപ്പുഴ ജില്ലയിലെ കായംകുളം പൊഴിയ്ക്കും ഇടയില്‍ ഒരു നേര്‍ത്ത പാടപോലെ നീണ്ടുകിടക്കുന്ന ആലപ്പാട് തീരം. കായലിനും കടലിനുമിടയിലെ ജൈവഭിത്തിയായി രൂപപ്പെടുന്ന കരപ്രദേശത്തിന് ഭൂമിശാസ്ത്രപരമായി ഏറെ പ്രാധാന്യമുണ്ട്. ഒരു ദേശത്തിന്റെ ഭൂപടത്തില്‍ കരമാറി കടല്‍വരച്ച് ചേര്‍ക്കപ്പെടുമ്പോള്‍ അവിടുത്തെ ജനങ്ങളുടെ ഓര്‍മ്മകളില്‍ കടലെടുത്തുപോയ പൊന്മനപ്പാടവും, മുരുക്കുമ്പുഴപ്പാടവും, പനക്കടപ്പാടവും, മാധവപുരം ചന്തയും ആലപ്പാട് അങ്ങാടിയും പെസഹചന്തയും ഒക്കെ തെളിഞ്ഞുവരുന്നു.

കായംകുളം പൊഴിക്ക് വടക്ക് വലിയ അഴീക്കല്‍ മുതല്‍ തൃക്കുന്നപ്പുഴ വരെയുള്ള പ്രദേശങ്ങളിലും കടല്‍ കവര്‍ന്ന ചരിത്രം കഥകളായും, വിശ്വാസങ്ങളായും മിത്തുകളായും പ്രദേശവാസികളില്‍ അവശേഷിക്കുന്നു. കടലിന് പ്രതിരോധം തീര്‍ക്കുവാന്‍ കരയ്ക്കും കടലിനും കരിങ്കല്ലുകൊണ്ട് അതിരുതീര്‍ത്തപ്പോള്‍ കമ്പവല വലിച്ചിരുന്ന പ്രായമേറിയ മത്സ്യത്തൊഴിലാളികളും കക്കയും ഞണ്ടും പിടിച്ചിരുന്ന ദേശക്കാരും പരമ്പരാഗത ഉപജീവനത്തില്‍ നിന്ന് പിന്‍വലിയേണ്ടി വന്നു. കടലിനാല്‍ ജീവിച്ചുപോന്ന അനേകം കുടുംബങ്ങളുടെ പരമ്പരാഗത വരുമാനവും ഇതുമൂലം ഇല്ലാതായി.

1911ല്‍ ആരംഭിച്ചതാണ് ഈ പ്രദേശത്തെ കരിമണല്‍ ഖനനം. 1906 ല്‍ ജര്‍മ്മനിയില്‍ വച്ച് നടത്തിയ കയര്‍ ഉത്പന്നങ്ങളുടെ ഒരു പ്രദര്‍ശനത്തില്‍ ആലപ്പാട്ട് നിന്നുള്ള കയറും പ്രദര്‍ശിപ്പിച്ചിരുന്നു. കയര്‍ സൂക്ഷിച്ചിരുന്ന ഗോഡൗണില്‍ കറുത്ത മണലിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ലാബില്‍ പരിശോധിക്കുന്നു. പെട്രോമാക്‌സ് വിളക്ക് കത്തിക്കുന്നതിന് ആവശ്യമായ മാന്റില്‍ ഉണ്ടാക്കുന്നതിനാവശ്യമായ ധാതുവസ്തു ആ മണലില്‍ ഉള്ളതായി കണ്ടെത്തി. തുടര്‍ന്ന് ഹര്‍ഷാം ബര്‍ഗ് എന്ന് ജര്‍മ്മന്‍ ഉദ്യോഗസ്ഥന്‍ ഇന്ത്യയിലെത്തുകയും 1910ല്‍ ആദ്യ ഖനന കേന്ദ്രം മണവാളക്കുറിച്ചിയില്‍ സ്ഥാപിച്ചു. അവിടെത്തുടങ്ങുന്നു മണലെടുപ്പിന്റെ ചരിത്രം. പിന്നീട് കരിമണലിലെ ഇല്‍മനൈറ്റില്‍ നിന്നും പെയിന്റ്, പ്ലാസ്റ്റിക്ക് വ്യവസായങ്ങള്‍ക്ക് ആവശ്യമായ പിഗ്മെന്റ് നിര്‍മ്മിക്കാന്‍ കഴിയുമെന്ന തിരിച്ചറിവ് ഖനനവ്യവസായത്തെ ന്യായീകരിച്ചു.

ആര്‍ക്കുംവേണ്ടാതെ കിടന്ന കരിമണലിന് ആവശ്യക്കാര്‍ ക്യൂ നിന്നു. കരയില്‍ നിന്നും വാരിയ കരിമണല്‍ പുറംകടലില്‍ കാത്തു നിന്ന കപ്പലുകളിലേക്ക് തോണികയറിപോയി. കഥകളില്‍ സാഹസീകന്മാര്‍ ഉയര്‍ത്തെഴുനേറ്റു. പുതിയ നായകന്മാരുണ്ടായി. പിന്നീട് കേരളം അതുവരെ കാണാത്തരീതിയില്‍ കരിമണല്‍ കരവഴിയും കടലിലൂടെയും ദേശാന്തരങ്ങള്‍ താണ്ടി. ചുളുവിലയ്ക്ക് കടത്തിയ കരിമണലില്‍ നിന്ന് വ്യവസായികള്‍ വന്‍ ലാഭം കൊയ്തു. കാലിനടിയിലെ മണ്ണുമാത്രം ആരെയും കാത്തുനിന്നില്ല. ജനിച്ച മണ്ണില്‍ തന്നെ ജീവിച്ച് മരിക്കണമെന്ന ആഗ്രഹത്തിന്റെ ആയുസ്സു കുറയുന്നത് ഇവര്‍ കണ്‍മുന്നിലറിഞ്ഞു. കാലിനടിയിലെ ഭൂമിയൊലിച്ചിറങ്ങാന്‍ തുടങ്ങിയത് മനസിലായപ്പോഴേക്കും കിടപ്പാടം പോലും കടലെടുത്തു.

ഏറ്റവുമൊടുവിലാണ് ഭരണകൂടം കരിമണലിലെ ലാഭക്കണക്കിലേക്കെത്തുന്നത്. ഐ.ആര്‍.ഇ (ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സ് ലിമിറ്റഡ്), കെ.എം.എം.എല്‍ (കേരള മിനറല്‍ ആന്റ് മെറ്റല്‍സ്)എന്നീ രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളാണ് ഇന്ന് ഖനനം നടത്തുന്നത്. ഖനനമേഖലയില്‍ സ്വകാര്യ കമ്പനികളെ കൊണ്ടുവരുന്നതിനുള്ള താല്‍പര്യം ഭരണാധികാരികളെ വിട്ടൊഴിഞ്ഞിട്ടില്ല. ഖനനം നടക്കുന്ന വെള്ളനാതുരുത്ത്, പണ്ടാരത്തുരുത്ത് എന്നിവിടങ്ങളില്‍ ജനവാസം അസാധ്യമായി. കാണം വിറ്റും ഓണമുണ്ണാന്‍ ശീലിച്ച ജനത പെരുവഴിയിലായി.

കരിമണല്‍ ഖനനമാരംഭിക്കുന്നതിന് മുമ്പ് 89.5 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയായിരുന്നു ആലപ്പാട് പഞ്ചായത്തിനുണ്ടായിരുന്നത്. എന്നാലിപ്പോള്‍ വെറും 7.6 ചതുരശ്ര കിലോമീറ്ററായി ഈ പ്രദേശം ചുരുങ്ങി. വര്‍ഷങ്ങളായി നടക്കുന്ന ഈ കരിമണല്‍ ഖനനം ഇനിയെങ്കിലും അവസാനിപ്പിച്ചില്ലെങ്കില്‍ തങ്ങളുടെ ഗ്രാമം പൂര്‍ണമായും കടലെടുക്കുമെന്ന ഭീതിയിലാണ് പ്രദേശവാസികള്‍. തലമുറകളായി ജീവിച്ചുപോരുന്ന മണ്ണില്‍ ഈ തീരജനത നടത്തുന്ന സമരത്തെ കേരളം കാണേണ്ടിയിരിക്കുന്നു.

ഇന്ത്യയുടെ തെക്ക് പടിഞ്ഞാറന്‍ തീരത്ത് ഖനന മേഖലകളിലായിരുന്നു സുനാമി ഏറെ മരണം വിതച്ചത്. എന്നാല്‍ സുനാമിയുടെ ആഘാതം ഈ സ്ഥലങ്ങളില്‍ മാത്രം ശക്തമാകുവാന്‍ ഉണ്ടായ കാരണത്തെക്കുറിച്ച് ശാസ്ത്രീയ അന്വേഷണങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇത്തരമൊരു പഠനം ഖനനത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുമെന്ന് ഭരണകര്‍ത്താക്കള്‍ക്കും അവരുടെ സാമ്പത്തീക ഉപദേഷ്ടാക്കള്‍ക്കും നന്നായറിയാം.

കടല്‍ നിരപ്പിനോളവും അതില്‍ താഴെയുമായ് കിടക്കുന്ന ഓണാട്ടുകര പ്രദേശത്തെ വന്മതിലായി കടലിലില്‍ നിന്ന് സംരക്ഷിച്ചിരുന്നത് ഈ തീരമായിരുന്നു. യാതൊരു നിബന്ധനകളുമില്ലാത്ത അന്ധമായ ഈ കരിമണല്‍കൊള്ള അവശേഷിക്കുന്ന തീരത്തെക്കൂടി കടലില്‍ മുക്കുമോയെന്ന ഭീതിയിലാണ് ആലപ്പാട് ജനത.

നീണ്ടകരയ്ക്കും കായംങ്കുളത്തിനുമിടയിലെ ആലപ്പാട് തീരത്തിന്റെ കഥ പറയുന്ന, പ്രതീഷ് പ്രസാദിന്റെ ചിത്രങ്ങളും എഴുത്തും.

കരയില്‍ വിശ്രമിക്കുന്ന മത്സ്യത്തെഴിലാളികള്‍. കട്ടമരത്തിന്റെ പുത്തന്‍ രൂപമായ ഫൈബര്‍ വഞ്ചി. (കട്ടമരമെന്നാണ് ഇത്തരം വള്ളങ്ങളും അറിയപ്പെടുന്നത്.)

ഐ.ആര്‍.ഇ. കരിമണല്‍ ഖനന മേഖല.

ഐ.ആര്‍.ഇ. കരിമണല്‍ ഖനന മേഖല.

ഐ.ആര്‍.ഇ. കരിമണല്‍ ഖനന മേഖല.

ഐ.ആര്‍.ഇ. കരിമണല്‍ ഖനന മേഖലയില്‍ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കിടക്കുന്ന മണ്ണുമാന്തി യന്ത്രം

വട്ടക്കായല്‍ എന്ന് അറിയപ്പെടുന്ന, മത്സ്യബന്ധന ബോട്ടുകളും ചീനവലകളും നിറഞ്ഞ പഴയ ജലപാത.

ഇന്നത്തെ ചെഗുവേര ജംഗ്ഷന് പടിഞ്ഞാറായിരുന്നു പണ്ട് മുതലി ചന്ത. കടല്‍ഭിത്തി വരുന്നതിന് മുമ്പ് ഇവിടെ വള്ളങ്ങള്‍ അടുത്തിരുന്നതിനാല്‍ വന്‍തോതില്‍ മത്സ്യവിപണനവും അനുബന്ധ കച്ചവടങ്ങളുമായി ഇവിടം സജീവമായിരുന്നു

പോര്‍ച്ചുഗീസ് പള്ളി: പ്രളയത്തില്‍പ്പെട്ട ഒരു പോര്‍ച്ചുഗീസ് ഉരു ഈ കരയില്‍ നങ്കൂരമിട്ടു. തുടര്‍ന്ന് പോര്‍ച്ചുഗീസുകാര്‍ നിര്‍മ്മിച്ചതാണ് ഈ പള്ളിയും സുഗന്ധവ്യഞ്ജന കച്ചവടത്തിനായി പെസഹ ചന്തയും. ചന്ത നിന്നിരുന്ന സ്ഥലം കടലെടുത്തു.

അഴീക്കല്‍ തീരത്ത് മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്ന ഫൈബര്‍ കട്ടമരങ്ങള്‍.

പള്ളിശാല ഉപ്പൂപ്പ: തൃക്കുപ്പുഴ പള്ളിശാലയ്ക്ക് പടിഞ്ഞാറ് പണ്ടൊരു മുസ്ലീംപള്ളി ഉണ്ടായിരുന്നെന്ന് നാട്ടുകാര്‍ വിശ്വസിക്കുന്നു. പള്ളി നിന്നിരുന്ന ഭാഗത്തിന് കിഴക്ക് കരയില്‍ പട്ട് വിരിച്ച് തിരി കത്തിച്ച് പായസം വിളമ്പി എല്ലാ മതവിശ്വാസികളും ഇന്ന് നേര്‍ച്ച നടത്തുന്നു

പ്രസാദ് കുടുംബത്തോടൊപ്പം. സമീപ പ്രദേശങ്ങള്‍ ഖനനത്തിനായി ഐ.ആര്‍.ഇ. ഏറ്റെടുത്തതിനെ തുടര്‍ന്ന് അയല്‍ വീടുകളോ, കളിക്കൂട്ടുകാരോ, വിദ്യാഭ്യാസ സൗകര്യമോ ഇല്ലാതെ ഒറ്റപ്പെട്ടു പോയ കുട്ടികള്‍

വെള്ളനാത്തുരുത്തില്‍ കരിമണല്‍ ഖനനത്തെതുടര്‍ന്ന് കടലെടുത്ത സുരേഷിന്റെ വീട് നിന്നിരുന്ന സ്ഥലം ചൂണ്ടിക്കാണിക്കുന്ന പ്രസാദ്.

ഓച്ചിറ കുടിവെള്ള പദ്ധതി എന്ന പേരില്‍ സുനാമി ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച പൈപ്പുകളുടെ ഫലം ദുരിതബാധിതര്‍ക്ക് ലഭിക്കുന്നില്ല. കുടിവെള്ള പ്രശ്‌നത്തില്‍ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന തീരദേശ മേഖലയാണ് ആലപ്പാട്. കരുന്നാഗപ്പള്ളി നഗരത്തില്‍ ജലവിതരണം നടത്തിയ ശേഷം തീരദേശത്തെത്തുമ്പോഴേക്കും കുടിവെള്ളം കിട്ടാകനിയാകും.

എ.ആര്‍.ഇ പുനരധിവാസ പാക്കേജിലെ വാഗ്ദാന ലംഘനത്തിന്റെ ഇര പ്രസാദ് വെള്ളനാതുരുത്തിലെ ഉപേക്ഷിക്കപ്പെട്ട പഴയ വീട്ടിലേക്ക്.

ഖനനത്തിനായി ഏറ്റെടുത്തതിനെ തുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ട വീടുകള്‍ തകര്‍ത്ത നിലയില്‍

സുനാമിയുടെ പത്താം വാര്‍ഷികത്തിന് അഴീക്കല്‍ കടപ്പുറത്തു നടന്ന കൂട്ടായ്മയില്‍ നിന്ന്….

സുനാമിയുടെ പത്താം വാര്‍ഷികത്തിന് അഴീക്കല്‍ കടപ്പുറത്തു നടന്ന കൂട്ടായ്മയില്‍ നിന്ന്….

സുനാമിയുടെ പത്താം വാര്‍ഷികത്തിന് അഴീക്കല്‍ കടപ്പുറത്തു നടന്ന കൂട്ടായ്മയില്‍ നിന്ന്….

സുനാമിയില്‍ മരിച്ചവരുടെ ഓര്‍മ്മയ്ക്കായി അഴീക്കല്‍ കടപ്പുറത്തെ കരിങ്കല്‍ ഭിത്തികളില്‍ ചിത്രങ്ങള്‍ വരയ്ക്കുകയെന്നത് രഞ്ജി വിശ്വനാഥിന്റെ സ്വപ്നമായിരുന്നു. എന്നാല്‍ സ്വപ്നം പൂര്‍ത്തിയാക്കും മുമ്പേ നമ്മേ വിട്ടുപോയ രഞ്ജിയുടെ സ്വപ്ന സാക്ഷാത്കാരത്തിന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍, സുനാമിയുടെ പത്താം വാര്‍ഷികത്തിന് അഴീക്കല്‍ കടപ്പുറത്തൊത്തുചേര്‍ന്നു. ആ കൂട്ടായ്മയില്‍ നിന്ന്…

തിരകളുടെ ശക്തി കുറയ്ക്കാനായി നിര്‍മ്മിച്ചിരിക്കുന്ന പുലിമുട്ട്.

തിരകളുടെ ശക്തി കുറയ്ക്കാനായി നിര്‍മ്മിച്ചിരിക്കുന്ന പുലിമുട്ട്.

കായംങ്കുളം മത്സ്യ ബന്ധന തുറമുഖം.

കായംങ്കുളം മത്സ്യ ബന്ധന തുറമുഖത്തിനായി നിര്‍മ്മിച്ച പുലിമുട്ടിന് തെക്കുവശത്തായി പുതുതായി രൂപപ്പെട്ട അഴീക്കല്‍ ബീച്ച്. പുലിമുട്ടുകളുടെ തെക്കുവശങ്ങളില്‍ മണലടിഞ്ഞ് കര രൂപപ്പെടുമ്പോള്‍ വടക്ക് വശത്തുനിന്നും മണ്ണൊലിപ്പ് രൂക്ഷമാകുന്നു

വലിയ അഴീക്കലില്‍ പുലിമുട്ടിനോട് ചേര്‍ന്നുള്ള കര കടലെടുത്ത വടക്കുവശത്ത് മത്സ്യത്തൊഴിലാളികള്‍ വല വീശുന്നു

തൃക്കുന്നപുഴയുടെ പ്രതാപകാലം ഓര്‍ത്തെടുത്ത്…

തൃക്കുന്നപ്പുഴയിലെ മത്സ്യത്തൊഴിലാളികള്‍.

കടല്‍ഭിത്തിക്ക് മുകളില്‍ നിന്ന് ചൂണ്ടയിടുന്നവര്‍.

മുതലി ചന്ത ഇല്ലാതായതോടെ വരവുകുറഞ്ഞ ചായക്കട.

ഗവ. ഹരിജന്‍ സ്‌കൂളിന് പടിഞ്ഞാറ് ഇന്ന് കാണുന്ന കടലിലായിരുന്നു പണ്ട് പനക്കട കാട്. ശൂരനാട് കലാപത്തില്‍ പങ്കാളികളായിരുന്ന കമ്മ്യൂണിസ്റ്റ് നേതാക്കളായ ശങ്കരനാരായണന്‍ തമ്പിയും തോപ്പില്‍ ഭാസിയും ഒളിക്കാന്‍ ഇടം തേടി വന്നത് പകല്‍പോലും ഇരുള്‍മൂടി കിടന്നിരുന്ന പനക്കടക്കാട്ടിലായിരുന്നു

കടപ്പാട് ഇന്ത്യന്‍ ടെലഗ്രാം
പ്രതീഷ് പ്രസാദ്

Latest Stories

We use cookies to give you the best possible experience. Learn more