| Friday, 4th December 2020, 3:45 pm

ആ വര്‍ണക്കാഴ്ചകള്‍ ഇല്ലാതാവുകയാണ് | ആദിത്യന്‍ സി

ആദിത്യന്‍ സി

കാഴ്ചയുടെ വിസ്മയങ്ങളെ ക്യാമറയിലൂടെ പകര്‍ത്തുന്ന ഏതൊരാളുടേയും ക്യാമറക്കണ്ണ് ആദ്യം പിടിച്ചെടുക്കുന്നത് മുറ്റത്തെ പൂക്കളും അതില്‍ വന്നു പോവുന്ന വര്‍ണ്ണശബളമായ ചിത്രശലഭങ്ങളുമായിരിക്കും. ഞാനും ശലഭങ്ങളുടെ വര്‍ണ വൈവിധ്യത്തിന്റെ ആരാധകനായിരുന്നു.

വര്‍ഷങ്ങളായി എന്റെ ചുറ്റുപാടുകളില്‍ സ്ഥിരമായി വന്നു പോവുന്ന ചിത്രശലഭങ്ങളുടെ നിറക്കാഴ്ച്ചയെ ആസ്വദിക്കുകയും പിന്നീടാ കാഴ്ച്ചകള്‍ ക്യാമറക്കണ്ണിലൂടെ തുടരുകയും ചെയ്തുകൊണ്ടിരുന്നപ്പോള്‍ പതിയെ ഒരു ദുഃഖകരമായ സത്യം മനസ്സിലാക്കി. ഞാന്‍ കണ്ടു കൊണ്ടിരുന്ന പൂമ്പാറ്റ നിറങ്ങള്‍ മിക്കതും അപ്രത്യക്ഷമായിരിക്കുന്നു. ഗ്രാമപ്രദേശങ്ങളില്‍ പോലും ചിത്രശലഭങ്ങളുടെ ആവാസ വ്യവസ്ഥ അനാരോഗ്യകരമായ ഇടപെടലുകള്‍ കാരണം ഇല്ലാതാവുന്നു.

ആവാസ വ്യവസ്ഥയിലെ ഓരോ സൃഷ്ടിക്കും പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ അവരുടേതായ പങ്കുണ്ട്. വിവിധങ്ങളായ ജീവജാലങ്ങളുടെ ജൈവ പ്രവര്‍ത്തനങ്ങള്‍ ഒരാവാസവ്യവസ്ഥയുടെ അടിത്തറയാകുന്നത് പ്രകൃതിയുടെ അത്ഭുതങ്ങളില്‍ ഒന്നാണ്. ജൈവവൈവിധ്യ സൂചകങ്ങളും പ്രകൃതിദത്ത തോട്ടക്കാരും ആയി പ്രവര്‍ത്തിക്കുന്ന പ്രാണികളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ചിത്രശലഭങ്ങള്‍. ഭക്ഷ്യ ശൃംഖലയില്‍ പരാഗണ സഹായികളായി (പ്ലാന്റ് പോളിനേറ്റര്‍) ഇവര്‍ പ്രവര്‍ത്തിക്കുന്നു. സസ്യലോകത്തിന്റെ നിലനില്‍പ്പു പോലും ഇവയെ ആശ്രയിച്ചാണ്.

കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ 1501 ഇനം ചിത്രശലഭങ്ങളില്‍ 334 ഇനം പശ്ചിമഘട്ടത്തില്‍ നിന്നും അതില്‍ 316 ഇനം കേരളത്തില്‍ നിന്നുമാണ്. നഗര പ്രദേശങ്ങളേക്കാള്‍ കൂടുതല്‍ പ്രകൃതിദത്ത വനങ്ങളോ കുറ്റിക്കാടുകളോ ചതുപ്പുകളോ ഉള്ള സ്ഥലങ്ങളിലാണ് ചിത്രശലഭങ്ങളെ സുലഭമായി കാണപ്പെടുന്നത്.

ഗ്രാമപ്രദേശങ്ങളില്‍ തെച്ചി (ഇക്‌സോറ), ചെമ്പരത്തി (ഹൈബിസ്‌ക്കസ്), അരിപ്പൂ (ലന്റാന) തുടങ്ങിയ ചെടികളുള്ള തോപ്പുകളിലെ നിത്യ സന്ദര്‍ശകരാണ് പൂമ്പാറ്റകള്‍. എന്നാല്‍ ഭൂവിനിയോഗരീതിയിലെ മാറ്റം കാരണം ഇത്തരം ജീവിവര്‍ഗങ്ങളുടെ എണ്ണം ക്രമാതീതമായി കുറയുന്നു.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 2018-19 വര്‍ഷങ്ങളില്‍ ചിത്രശലഭങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതായി കാണാം.

നഗരവത്കരണം ഈ കുഞ്ഞന്‍ ജീവികളുടെ സ്വാഭാവിക ആവാസവ്യവസ്ഥയെ നശിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്. നഗരവത്കരണത്തിന്റെ അനന്തരഫലമായി, ഹരിത ഭൂമികകള്‍ മനുഷ്യ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ വിനിയോഗിക്കപ്പെടുകയും, മിച്ച ഭൂമികള്‍ വില്‍ക്കാവുന്ന സ്വത്താക്കി മാറ്റപ്പെടുകയും, പാര്‍പ്പിടങ്ങള്‍, വ്യവസായങ്ങള്‍, ഫാക്ടറികള്‍ തുടങ്ങിയവ ഗ്രാമപ്രദേശങ്ങളിലേക്ക് കടന്നു കയറുകയും ഹരിത ഭൂമികളെയും ചെറു കാടുകളെയും തുടച്ചുനീക്കുകയും അതുവഴി നൂറ്റാണ്ടുകളായി നിലനിന്ന പ്രകൃതിയുടെ ചിത്രം മാറ്റി വരക്കപ്പെടുകയും ചെയ്യുന്നു.

നഗരവത്കരണത്തിന്റെ മറ്റൊരു അപകടം നിറഞ്ഞ പരിണിതഫലമായ മലിനീകരണം പ്രാണികള്‍ക്ക് ആവാസ യോഗ്യമല്ലാത്ത അന്തരീക്ഷം സൃഷ്ടിക്കുന്നു. ഇവയെല്ലാം ചേര്‍ന്ന് ചിത്രശലഭങ്ങളുടെയും മറ്റ് പല പ്രാണികളുടെയും എണ്ണത്തില്‍ സാരമായ ഇടിവ് ഉണ്ടാക്കിയിരിക്കുന്നു. നമുക്ക് ചുറ്റുമുണ്ടായിരുന്ന ചിത്രശലഭങ്ങളുടെ അഭാവം പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തന്നെ സാരമായി ബാധിക്കും എന്നത് ഓര്‍ക്കേണ്ടിയിരിക്കുന്നു.

മുന്‍പ് വൈവിധ്യമാര്‍ന്ന ഇനങ്ങളിലുള്ള ചിത്രശലഭങ്ങളെ കോഴിക്കോട് ജില്ലയിലെ മൂടാടി ഗ്രാമത്തിലെ ചെമ്പരത്തി കാടുകളിലും തെച്ചിക്കാവുകളിലും ചില പ്രത്യേക മാസങ്ങളില്‍ കണ്ടു വരാറുണ്ട്. ഇന്നിവ വളരെ വിരളമാണ്. പകൃതിയിലെ അതിമനോഹരമായ ഈ സൃഷ്ടികളെ മുന്‍പ് കണ്ടിരുന്ന ദേശങ്ങളില്‍ നിന്ന് വളരെ അകലെയുള്ള ഇടങ്ങളില്‍ മാത്രം ഇന്ന് കണ്ടെത്തുന്നത് പച്ചപ്പ് നിറഞ്ഞ ഇടങ്ങള്‍ നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യത്തെ സൂചിപ്പിക്കുന്നുണ്ട്.

ലോകമിന്ന് ജൈവ വൈവിധ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ ഉയര്‍ത്തിപ്പിടിക്കുമ്പോഴും നിരവധി ജീവിവര്‍ഗങ്ങളുടെ സംരക്ഷണത്തിനായി സംഘടനകള്‍ മുന്നിട്ടിറങ്ങുമ്പോഴും നമ്മുടെ കണ്‍മുന്നിലൂടെ നിശബ്ദമായി പാറി പറന്നു പോവുന്ന ഈ നിറക്കൂട്ടുകളും സംരക്ഷിക്കപ്പെടേണ്ടതാണന്ന് നമ്മള്‍ ഓര്‍ക്കാറുണ്ടോ?

ചിത്രങ്ങള്‍: ആദിത്യന്‍ സി

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Photo Story – Butterflies – Adithyan C

ആദിത്യന്‍ സി

We use cookies to give you the best possible experience. Learn more