| Saturday, 18th May 2019, 6:14 pm

മോദിയുടെ ഫോട്ടോസെഷന്‍ തുടരുന്നു; ഗുഹയിലെ ധ്യാനത്തില്‍ നിന്ന് മഞ്ഞുപാതയിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കേദാര്‍നാഥ്: ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനിക്കാന്‍ ഒരുദിവസം ബാക്കിനില്‍ക്കേ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോട്ടോസെഷന്‍ അടുത്തഘട്ടത്തിലേക്ക്. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉത്തരാഖണ്ഡിലെത്തിയ മോദി കേദാര്‍നാഥ് ക്ഷേത്രത്തിലെത്തി പ്രാര്‍ഥന നടത്തുന്നതിന്റെയും അതിനടുത്തുള്ള ഗുഹയില്‍പ്പോയി തപസ്സിരിക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

ഇതിന്റെ അടുത്തഘട്ടത്തിലുള്ള ചിത്രങ്ങളും ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ഇരുവശത്തും മഞ്ഞുവീണു കിടക്കുന്ന പാതയില്‍ക്കൂടി ജുബ്ബപോലുള്ള വസ്ത്രം ധരിച്ചു നടക്കുന്ന മോദിയുടെ ചിത്രമാണു പുറത്തുവിട്ടിരിക്കുന്നത്. അരയില്‍ കാവിനിറത്തിലുള്ള തുണിയും കെട്ടിയിട്ടുണ്ട്. ഹിമാചല്‍ പ്രദേശുകാരുടെ പരമ്പരാഗത വസ്ത്രരീതിയുടെ ഭാഗമായ ‘ഹിമാചലി തൊപ്പി’യും ധരിച്ചിട്ടുണ്ട്. കുത്തിനടക്കാന്‍ കൈയില്‍ വടിയുമുണ്ട്.

കേദാര്‍നാഥ്, ബദരീനാഥ് എന്നിവിടങ്ങളിലേക്കുള്ള ദ്വിദിന സന്ദര്‍ശനമാണു മോദി നടത്തുന്നത്.

ഗുഹയ്ക്കുള്ളില്‍ സെറ്റ് ചെയ്ത കട്ടിലിന് മുകളില്‍ മൂടിപ്പുതച്ചിരുന്ന് ധ്യാനിക്കുന്ന മോദിയുടെ ചിത്രങ്ങളാണു നേരത്തേ പുറത്തുവന്നത്. ക്യാമറാപേഴ്‌സണൊപ്പം ഗുഹയ്ക്കുള്ളില്‍ കയറി ധ്യാനിക്കുന്ന മോദിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തുന്നുണ്ട്്.

സുരക്ഷാ ജീവനക്കാര്‍ക്കൊപ്പം കുടചൂടിപ്പിച്ചിടിച്ച് മുഴുനീള വസ്ത്രം ധരിച്ച് കേദാര്‍നാഥിലേക്കുള്ള മലചവിട്ടുന്ന മോദിയുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

ഞായാറാഴ്ച നടക്കാനിരിക്കുന്ന അന്തിമ ഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണ പരിപാടികളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം പുലര്‍ച്ചയോടെയാണ് പ്രധാനമന്ത്രി ജോളിഗ്രാന്തി എയര്‍പോര്‍ട്ടിലെത്തിയത്.

വിമാനത്താവളത്തില്‍ നിന്ന് നേരെ ക്ഷേത്രത്തിലെത്തിയ മോദി അവിടെ പൂജകള്‍ നടത്തി. കേദാര്‍നാഥിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും പ്രധാനമന്ത്രി വിലയിരുത്തി. ഇത് നാലാം തവണയാണ് മോദി കേദാര്‍നാഥ് സന്ദര്‍ശനം നടത്തുന്നത്.

കേദാര്‍നാഥിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി നാളെ പുലര്‍ച്ചയോടെയാകും അദ്ദേഹം ബദ്രിനാഥിലേക്ക് തിരിക്കുക. ഞായാറാഴ്ച രാത്രിയോടെ തന്നെ തിരികെ ദല്‍ഹിയിലെത്തുകയും ചെയ്യും. പ്രധാനമന്ത്രിയുടെ വരവിനോടനുബന്ധിച്ച് ഇരുക്ഷേത്രങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

We use cookies to give you the best possible experience. Learn more