വീണ്ടും ഫോട്ടോഷോപ്പ്; ദല്‍ഹി ചേരിയാത്രയുടെ പോസ്റ്ററില്‍ പെരുമാള്‍ മുരുകന്റെ ഫോട്ടോ; നാണം കെട്ട് ബി.ജെ.പി
national news
വീണ്ടും ഫോട്ടോഷോപ്പ്; ദല്‍ഹി ചേരിയാത്രയുടെ പോസ്റ്ററില്‍ പെരുമാള്‍ മുരുകന്റെ ഫോട്ടോ; നാണം കെട്ട് ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th November 2021, 10:31 pm

ന്യൂദല്‍ഹി: ബി.ജെ.പിയടക്കമുള്ള ഹിന്ദുത്വസംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് എഴുത്ത് നിര്‍ത്തിയ പെരുമാള്‍ മുരുകന്റെ ചിത്രം പ്രചാരണത്തിന് ഉപയോഗിച്ച് ബി.ജെ.പി.

ദല്‍ഹിയിലെ ബി.ജെ.പി നടത്തുന്ന ചേരിയാത്രയുടെ പ്രചാരണ പോസറ്ററുകളിലും ബാനറുകളിലുമാണ് പെരുമാള്‍ മുരുകന്റെ ചിത്രങ്ങള്‍ ഉപയോഗിച്ചിരിക്കുന്നത്.

ചേരിപ്രദേശത്തുകാരായ രണ്ടു സ്ത്രീകള്‍ക്കും മൂന്നു കുട്ടികള്‍ക്കുമൊപ്പമാണ് പുരുഷനായി പെരുമാള്‍ മുരുകനുള്ളത്. ‘ജുഗ്ഗി സമ്മാന്‍ യാത്ര’ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ ബാനറില്‍ ബി.ജെ.പി നേതാക്കള്‍ക്കൊപ്പമാണ് പെരുമാള്‍ മുരുകന്റെയും ചിത്രമുള്ളത്.

ആര്‍.എസ്.എസ് സ്ഥാപകദിനമായ വിജയദശമി നാളിലാണ് പരിപാടി ദല്‍ഹിയില്‍ ആരംഭിച്ചത്. മോദി സര്‍ക്കാരിന്റെ പരിപാടികളെ കുറിച്ച് ചേരികളില്‍ താമസിക്കുന്നവര്‍ക്ക് പരിചയപ്പെടുത്തുകയെന്നതാണ് യാത്രകൊണ്ട് ഉദ്ദേശിക്കുന്നത്.

ബി.ജെ.പി ദല്‍ഹി അധ്യക്ഷന്‍ ആദേശ് ഗുപ്തയുടെ നേതൃത്വത്തിലാണ് ക്യാംപെയ്ൻ നടക്കുന്നത്. പെരുമാള്‍ മുരുകന്റെ ചിത്രം ഉപയോഗിച്ചുള്ള പോസ്റ്ററുകള്‍ പുറത്തുവന്നതോടെ ട്വിറ്ററിലടക്കം വ്യാപക പരിഹാസമാണ് ബി.ജെ.പിക്ക് ലഭിക്കുന്നത്.

ബി.ജെ.പിയുടെ സ്ഥിരം ഫോട്ടോഷോപ്പ് പരിപാടി നടത്തുമ്പോള്‍ കുറച്ചുകൂടി ശ്രദ്ധിച്ചുകൂടെയെന്നാണ് ചിലര്‍ ചോദിക്കുന്നത്. നേരത്തെയും സമാനമായ രീതിയില്‍ വ്യാജ ചിത്രങ്ങള്‍ ബി.ജെ.പി ഭരണ നേട്ടങ്ങളായി പ്രചരിപ്പിച്ചിരുന്നു.

കഴിഞ്ഞ ദിവസം ബെയ്ജിങ് വിമാനത്താവളത്തിന്റെ ചിത്രം പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ശിലാസ്ഥാപനം നിര്‍വഹിച്ച നോയിഡ വിമാനത്താവളമാണെന്ന പേരില്‍ ട്വിറ്ററില്‍ പ്രചരിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Photo of Perumal Murugan on the poster of Delhi BJP Campaign; Shame on the BJP