നോട്ടുനിരോധനം ഏറ്റവുമധികം ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത് രാജ്യത്തെ സാധാരണ ജനങ്ങളെയാണ്. അവര്‍ക്കാണ് ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മറ്റും മുമ്പില്‍ മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ടി വരുന്നത്. നിത്യച്ചിലവുകള്‍ക്ക് പണം ഉപയോഗിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണിവര്‍ക്ക്.
സാധാരണക്കാരുടെ ഇത്തരം ബുദ്ധിമുട്ടുകള്‍ പ്രതിഫലിക്കുന്ന ഒരു ചിത്രം സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയാണ്. ഗുര്‍ഗൗണിലെ ഒരു ബാങ്കിനു മുമ്പിലെ ക്യൂവില്‍ സ്ഥാനം നഷ്ടപ്പെട്ട ഒരു വൃദ്ധന്‍ പൊട്ടിക്കരയുന്ന ചിത്രമാണ് ചര്‍ച്ചയായിരിക്കുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ഫോട്ടോ ജേണലിസ്റ്റ് പ്രവീണ്‍ കുമാറെടുത്ത ചിത്രമാണിത്.
നോട്ടുനിരോധനത്തിനു പിന്നാലെ രാജ്യത്തെ സമ്പന്നരാണ് കരയുകയെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. എന്നാല്‍ അവരല്ല പട്ടിണിപ്പാവങ്ങളാണ് കരയുന്നതെന്നതിന് തെളിവാണിതെന്നു പറഞ്ഞാണ് സോഷ്യല്‍ മീഡിയ ഈ ചിത്രം ഷെയര്‍ ചെയ്യുന്നത്.
“നീണ്ട ക്യൂവില്‍ സ്ഥാനം നഷ്ടപ്പെട്ട വൃദ്ധന്‍ കരയുന്നു. സമ്പന്നര്‍ മാത്രമാണ് കരയുകയെന്നാണ് അവര്‍ പറഞ്ഞത്.” അനുപമ താപ ട്വിറ്ററില്‍ കുറിക്കുന്നു.
“ലജ്ജകൊണ്ട് തലകുനിക്കാനുള്ള മറ്റൊരു കാരണം! പ്രായമായവരോട് രാജ്യം ചെയ്തത് ഇതാണ്? ലജ്ജാകരം” എന്നാണ് മറ്റൊരു കമന്റ്.
“ഈ പ്രായത്തില്‍ ആര്‍ക്കും ഈ ഗതി വരരുത്. അദ്ദേഹം കരയുന്നത് സ്വന്തം പണത്തിനുവേണ്ടിയാണ്.” മറ്റൊരാള്‍ ചൂണ്ടിക്കാട്ടുന്നു.
ഈ ഫോട്ടോ ഏറെ വേദനിപ്പിച്ചെന്നും കണ്ണു നനയിച്ചെന്നും മറ്റുചിലര്‍ കുറിക്കുന്നു.