| Thursday, 16th March 2017, 5:34 pm

'എന്തിന് വേണ്ടിയാണ് എന്റെ കൂട്ടുകാരന്‍ രക്തസാക്ഷിയായത്'; സുഹൃത്തിന്റെ മരണാനന്തര ചടങ്ങില്‍ പൊട്ടിക്കരയുന്ന കശ്മീരി ബാലന്റെ ചോദ്യത്തിന് മുന്നില്‍ ഉത്തരമില്ലാതെ സമൂഹം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: വെടിയൊച്ചകള്‍ നിലയ്ക്കാത്ത കശ്മീരിന്റെ ദുരന്തമുഖമായി മാറുകയാണ് മൂന്നാം ക്ലാസുകാരനായ ബുര്‍ഹാന്‍ ഫയാസ്. തന്റെ പ്രിയസുഹൃത്തിന്റെ മരണാനന്തര ചടങ്ങില്‍ പൊട്ടിക്കരയുന്ന ഫയാസിന്റെ ചിത്രം കശ്മീരിലെ ജനദുരിതത്തിന്റെ നേര്‍ക്കാഴ്ച്ചയായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയക്ക് തിരികൊളുത്തിയിരിക്കുകയാണ്.

ദക്ഷിണ കശ്മീരിലെ പുല്‍വാമയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെയുണ്ടായ സുരക്ഷാ സേനയുടെ വെടിവെപ്പിലാണ് ഫയാസിന്റെ സുഹൃത്ത് അമിര്‍ കൊല്ലപ്പെടുന്നത്. സ്വദേശമായ ബെഗുംഭാമില്‍ നടന്ന അമിറിന്റെ മരണാനന്തര ചടങ്ങില്‍ നിയന്ത്രണം വിട്ടു കരയുന്ന ഫയാസിന്റെ ചിത്രം മനുഷ്യാവകാശ പ്രവര്‍ത്തകനും കവിയുമായ ഖുറാം പര്‍വേസാണ് ഫെയ്‌സ്ബുക്കിലൂടെ പുറത്തു വിട്ടത്.

” എന്റെ സുഹൃത്ത് രക്തസാക്ഷിയായിരിക്കുന്നു. അവന്‍ കൊല്ലപ്പെട്ടത് എന്തിനായിരുന്നു. ഇനി ആരാണ് എനിക്കൊപ്പം കളിക്കാന്‍ ഉണ്ടാവുക.” ഫായിസിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല. കരഞ്ഞു കൊണ്ട് ഫായിസ് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനാകാതെ ബന്ധുക്കളും മറ്റും കഷ്ടപ്പെടുകയാണ്.


Also Read: സച്ചിനേയും ലാറയേയും പിന്നിലാക്കി റാഞ്ചിയില്‍ സ്മിത്തിന്റെ റെക്കോര്‍ഡ് നേട്ടം


ഫായിസിന്റെ ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയയേയും പിടിച്ചു കുലുക്കിയിരിക്കുകയാണ്. നിരവധി പേരാണ് ഇതിനോടകം ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. പ്രശസ്ത പാക് കവി അഹമ്മദ് ഫായിസും ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്.

കടല്‍ തീരത്ത് മുഖമര്‍ത്തി മരിച്ചു കിടന്ന ഐലാന്‍ ഖുര്‍ദിയെപ്പോലെ സമൂഹമനസാക്ഷിയെ ഞെട്ടിച്ച ചിത്രമായി മാറിയിരിക്കുകയാണ് ഫായിസും.

We use cookies to give you the best possible experience. Learn more