ന്യൂദല്‍ഹി: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നാലെ ആഹ്ലാദം പ്രകടിപ്പിച്ചും ഗൗരിയെ കൊടിച്ചിപട്ടിയെന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്ത നിഖില്‍ ദാത്തിച്ചും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ഒന്നിച്ചുള്ള ഫോട്ടോ വൈറലാകുന്നു.
നിഖില്‍ ദാത്തിച്ചും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ഒപ്പം നില്‍ക്കുന്ന ഫോട്ടോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സ്മൃതി ഇറാനിക്കൊപ്പം നില്‍ക്കുന്ന ചിത്രം നിഖില്‍ ദാത്തിച്ച് തന്നെ ഇയാളുടെ സോഷ്യല്‍മീഡിയ അക്കൗണ്ടില്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. ഈ ഫോട്ടോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
ഗൗരി ലങ്കേഷിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി സ്മൃതി ഇറാനിയും രംഗത്തെത്തിയിരുന്നു. ഗൗരി ലങ്കേഷിന്റെ മരണത്തില്‍ ദുഖം രേഖപ്പെടുത്തുന്നതായും വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയായി അവര്‍ക്ക് നീതിലഭ്യമാക്കണമെന്നുമായിരുന്നു സ്മൃതി ഇറാനിയുടെ വാക്കുകള്‍.
എന്നാല്‍ ഗൗരി ലങ്കേഷിനെ ഇത്രയും മോശമായ തരത്തില്‍ ചിത്രീകരിക്കുന്ന ഒരാള്‍ക്കൊപ്പം നില്‍ക്കുന്ന സ്മൃതി ഇറാനിയുടെ ചിത്രം പുറത്തുവന്നതോടെ സ്മൃതിയുടെ വാക്കുകളിലെ ആത്മാര്‍ത്ഥത തന്നെ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്ന ആവശ്യം.
ഗൗരി ലങ്കേഷിന്റെ മരണത്തിന് പിന്നാലെ നിഖില്‍ ദാത്തിച്ച് എന്നയാള്‍ അവരെ പട്ടിയായിട്ടായിരുന്നു ഉപമിച്ചത്. പട്ടിയുടെ മരണമാണ് അവര്‍ അര്‍ഹിച്ചതെന്നായിരുന്നു നിഖില്‍ ദാത്തിച്ച് ട്വീറ്റിലൂടെ പറഞ്ഞത്.
പട്ടിചത്തുകിടക്കുന്നതുപോലെ അവര്‍ കൊല്ലപ്പെട്ടെന്നും മറ്റു പട്ടിക്കുട്ടികള്‍ അതിന്റെ ദു:ഖത്തില്‍ കരയുകയായിരുന്നു എന്നുമായിരുന്നു ഇയാളുടെ ട്വീറ്റ്. പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന ആളായിരുന്നു ഇദ്ദേഹം.
എന്നാല്‍ ട്വീറ്റ് വൈറലായതോടെ നരേന്ദ്രമോദിയുമായി ബന്ധപ്പെട്ടുള്ള റഫറന്‍സുകളെല്ലാം ഇയാള്‍ തന്റെ ട്വിറ്റര്‍ ബയോയില്‍ നിന്ന് നീക്കം ചെയ്തിരുന്നു. നരേന്ദ്രമോദിയെ പിന്തുടരുന്നതില്‍ അഭിമാനിക്കുന്നു എന്ന് എഴുതിയതിന് പകരമായി ഇപ്പോള്‍ ഹിന്ദു നാഷണലിസ്റ്റ് എന്ന് മാത്രമാണ് ബയോയിലുള്ളത്.
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ പരിഹസിക്കുകയും ന്യായീകരിക്കുകയും ചെയ് ട്വിറ്റര്‍ അക്കൗണ്ടുകളില്‍ മിക്കതും പ്രധാനമന്ത്രി നരേന്ദ്രമോദി പിന്തുണടരുന്നതാണെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വ്യക്തമായിരുന്നു.